ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി മേൽനോട്ടം തുടരും: സുപ്രിംകോടതി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികളിൽ സുപ്രിംകോടതി തിങ്കളാഴ്ച വിധി പറയും.
ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി മേൽനോട്ടം തുടരുമെന്ന് സുപ്രിംകോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികളിൽ സുപ്രിംകോടതി തിങ്കളാഴ്ച വിധി പറയും. നടപടിക്രമങ്ങളുടെ പേരിൽ ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു.
മൊഴി നൽകാൻ അന്വേഷണസംഘം നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു നടി നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാരിനെ കോടതി വിമർശിച്ചു. പരാതിക്കാരില്ലാതെ മൊഴി നൽകാൻ നിർബന്ധിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
അന്വേഷണത്തെ എതിർത്ത് ഹരജി നൽകിയ നിർമാതാവ് സജിമോൻ പറയിലിനെ കോടതി രൂക്ഷമായി വിമർശിച്ചു. എന്തിനാണ് സജിമോൻ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമാ നിർമാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാവുമെന്ന് സജിമോൻ വാദിച്ചു. ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാന സർക്കാരും വനിതാ കമ്മീഷനും ശക്തമായി എതിർത്തു.