'അഴിമതിയാരോപണത്തിന് വിശ്വസനീയമായ തെളിവില്ല'; എഐ ക്യാമറ സ്ഥാപിച്ചതിന് എതിരായ ഹരജി തള്ളി ഹൈക്കോടതി പറഞ്ഞത്

എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്

Update: 2025-08-27 11:21 GMT

കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നതിന് വിശ്വസനീയമായ തെളിവില്ലെന്ന് ഹൈക്കോടതി. എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

അഴിമതി ആരോപണം വിശ്വസനീയമായ തളിവുകളുടെ പിൻബലത്തോടെ ഉന്നയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ യുക്തിപരമായി തെളിയിക്കാൻ കഴിഞ്ഞില്ല. തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കാനുള്ള ഉപകരണമല്ല പൊതുതാൽപ്പര്യ ഹരജി. നിയമസഭാ സാമാജികർ എന്ന നില്ക്ക് മുമ്പ് തന്നെ അറിയാവുന്ന കാര്യമാണ്. പദ്ധതി തുടങ്ങിയ ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുത്. കരാർ നടപടികൾ ക്രമവിരുദ്ധമല്ല എന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. കരാറിൽ സ്വജനപക്ഷപാതമെന്ന പരാതിക്കാരുടെ വാദം തള്ളി.

Advertising
Advertising

കമ്പനിക്ക് മുൻപരിചയമില്ല എന്ന വാദവും കോടതി തള്ളി. കരാർ വ്യവസ്ഥ പ്രകാരം, അത്തരമൊരു മാനദണ്ഡം ഉൾപ്പെടുത്തിയിരുന്നില്ല. കമ്മിറ്റി ഇത്തരം വശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷമാണ് യോഗ്യതയുണ്ടെന്ന് നിഗമനത്തിൽ എത്തിയത്. ഹരജി നൽകിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ കോടതി പദ്ധതി പ്രവർത്തിച്ച് തുടങ്ങിയ ശേഷം പരാതിയുമായി എത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം നടത്താൻ മതിയായ കാരണങ്ങളില്ല. ആരോപണം ഉന്നയിക്കുമ്പോൾ അത് സാധൂകരിക്കാൻ കഴിയണം. യുക്തിപരമായ സർക്കാർ നടപടികളിൽ കോടതിക്ക് ഇടപെടാനാകില്ല. ഹരജിക്കാർ ഉന്നയിച്ചത് പോലെ സ്വകാര്യതാലംഘനം ഇല്ലെന്നും കോടതി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലാണ് ചിത്രങ്ങൾ ശേഖരിക്കുന്നത്. കേന്ദ്ര ഗവൺമന്റിന് കീഴിലുള്ള എൻഐസി സെർവറിൽ ആണ് വിവരങ്ങൾ/ചിത്രങ്ങൾ സൂക്ഷിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News