'ഓ..നിങ്ങളും പഴയ എസ്‌എഫ്‌ഐ ആണല്ലോ, തോന്നിവാസം വിളിച്ചുപറഞ്ഞിട്ട് രക്ഷപെടാൻ കഴിയില്ല'; രഞ്ജിത്തിനെതിരെ ഷാഫി പറമ്പിൽ

"നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ല"

Update: 2022-12-18 06:30 GMT
Editor : banuisahak | By : Web Desk
Advertising

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ 'നായ' പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ലെന്ന് ഷാഫി തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 

പോസ്റ്റിന്റെ പൂർണരൂപം:- 

ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ,

പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ല. തോന്നിവാസം വിളിച്ച് പറഞ്ഞിട്ട് പഴയ SFI ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ല,ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓർമ്മ വേണം.

രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയ്യാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്ക്കാരിക മന്ത്രി തയ്യാറുണ്ടോ ? ഓ നിങ്ങളും പഴയ SFI ആണല്ലോ...അരാജകത്വത്തിന് ചൂട്ട് പിടിക്കാനുള്ള ലൈസൻസ് ആണ് പഴയ എസ് എഫ് ഐ എന്ന് അടിവരയിടാൻ രഞ്ജിത്തും ശ്രമിക്കുന്നു.അതിനെ തള്ളി പറയാൻ തയ്യാറാവാത്ത പഴയതും പുതിയതുമായ എല്ലാവർക്കും അഭിവാദ്യങ്ങൾ.

Full View

ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദ പരാമർശം. വയനാട്ടിലെ വീട് നോക്കുന്നയാൾ നാടൻ നായ്ക്കളെ വളർത്തുന്നുണ്ട്, അവ എന്നെക്കാണുമ്പോൾ കുറയ്ക്കും. ഞാൻ വീട്ടുടമസ്ഥനാണെന്ന ധാരണയൊന്നും അവയ്ക്കില്ല. അത്ര മാത്രമേ ചലച്ചിത്ര മേളയിലെ അപശബ്ദങ്ങളെയും കാണുന്നുള്ളൂ എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. 

പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ രഞ്ജിത്തിനെതിരെ ഫേസ്ബുക്കിലൂടെ പരസ്യമായി കൂവിയും കുരച്ചും നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരായ പ്രതിഷേധമെന്നാണ് ഹരീഷ് പ്രതികരിച്ചത്. 

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവൽ നേരിടേണ്ടി വന്നത്. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികൾ കൂവിയത്. ടിക്കറ്റ് കിട്ടാത്ത ഡെലിഗേറ്റുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ, എസ്എഫ്‌ഐയിലൂടെ കടന്നു വന്ന തനിക്ക് കൂവൽ പുത്തരിയല്ലെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. 1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News