Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പത്തനംതിട്ട: പത്തനംതിട്ട മുന്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിതോടിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ കോന്നി സിഐയായിരുന്ന മധു ബാബുവിനെതിരെ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മുന്‍ എസ്പി ഹരിശങ്കറാണ് റിപ്പോര്‍ട്ട് നല്‍കിയത്. 2016ലാണ് മധു ബാബുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
2012 ലാണ് അന്നത്തെ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ യുഡിഎഫ് സര്‍ക്കാറിനെതിരെ സമരം ചെയ്തതിന് കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു മര്‍ദിച്ചത്. ജയകൃഷ്ണന്റെ പരാതിയെ തുടര്‍ന്നാണ് 2012ല്‍ കോന്നി എസ്എച്ച്ഒ ആയിരുന്ന മധു ബാബുവിനെതിരെ വകുപ്പ് തല അന്വേഷണം നടന്നത്. മധുബാബു സ്ഥിരമായി കസ്റ്റഡി മര്‍ദനം നടത്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ക്രമസമാധന ചുമതലയില്‍ നിന്ന് മധുബാബുവിനെ ഒഴിവാക്കണമെന്നും അന്വേഷണം നടത്തിയ അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കര്‍ ശിപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മധു ബാബുവിനെ ആലപ്പുഴ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയത്. മധു ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജയകൃഷ്ണന്‍ തണ്ണിത്തോട്.