ക്രൈസ്തവരെ അവഹേളിച്ച എം. വി. ഗോവിന്ദൻ മാപ്പ് പറയണം: ഇരിങ്ങാലക്കുട രൂപതാ പാസ്റ്ററൽ കൗൺസിൽ

മണിപ്പൂരിലെ കലാപം രണ്ടുമാസം പിന്നിട്ടിട്ടും അതിന് ശാശ്വത പരിഹാരം തേടാൻ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിസ്സംഗ സമീപനത്തെയും രൂപത അപലപിച്ചു.

Update: 2023-07-08 12:49 GMT

ഇരിങ്ങാലക്കുട: ക്രൈസ്തവ സമൂഹത്തെയും വൈദിക സന്യാസ ജീവിതത്തെയും അവഹേളിച്ച സി.പി.എം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയിൽ ഇരിങ്ങാലക്കുട രൂപത പാസ്റ്ററൽ കൗൺസിൽ പ്രതിഷേധിച്ചു. ഗോവിന്ദൻ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന രൂപത പ്രമേയത്തിൽ ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപം രണ്ടുമാസം പിന്നിട്ടിട്ടും അതിന് ശാശ്വത പരിഹാരം തേടാൻ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിസ്സംഗ സമീപനത്തെയും രൂപത അപലപിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളിൽനിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുത്ത സമ്മേളനം മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

Advertising
Advertising

എം. വി. ഗോവിന്ദൻ സഭയുടെ അവസ്ഥയെപ്പറ്റിയല്ല ആശങ്കപ്പെടേണ്ടത്, ദൈവനിഷേധത്തിലടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെപ്പറ്റിയാണ്. കാപട്യവും കുതന്ത്രവും അഴിമതിയും മറച്ചുവച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പരാജയമാണ് ലോകത്തും ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിലൊഴികെ ബംഗാളിലും ത്രിപുരയിലും മറ്റെല്ലായിടത്തും കണ്ടതെന്നും അദ്ദേഹം ഓർക്കണം. ഭരണരംഗത്തെ പരാജയങ്ങൾ മൂടിവയ്ക്കാനും ജനശ്രദ്ധ തിരിക്കാനും വേണ്ടി ക്രൈസ്തവരെ അവഹേളിച്ചതിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. ലോകത്തിനും ഇന്ത്യ്ക്കും കേരളത്തിനും വികസനത്തിന്റെ ബഹുമുഖ വഴിത്താര വെട്ടിത്തെളിച്ച ക്രൈസ്തവ സമൂഹത്തെ ഇനിയും അവഹേളിക്കാനിറങ്ങരുതെന്നും സമ്മേളനം മുന്നറിയിപ്പു നൽകി.

ഇന്ത്യയുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും പറ്റി വിദേശരാജ്യങ്ങളിൽ പോയി പ്രസംഗിക്കുമ്പോൾ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനവും പീഡനങ്ങളും കണ്ടില്ലെന്നു നടിക്കുന്നത് ഏറ്റവും വലിയ വിരോധാഭാസമാണെന്നു മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന നിസ്സംഗത വേദനാജനകമാണ്. വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവ വേട്ടയാണ് അവിടെ നടക്കുന്നത്. ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങളെന്ന നിലയിൽ മണിപ്പുരിലെ ഗോത്രജനതയുടെ വേദന ക്രൈസ്തവ സമൂഹത്തിന്റെ മുഴുവൻ വേദനയാണ്.

ഈ വികാരം ഉൾക്കൊണ്ടാണ് ജൂലൈ ഒന്നിന് ചാലക്കുടിയിൽ 16 കിലോമീറ്റർ നീളത്തിൽ 30,000 ത്തോളം വിശ്വാസികൾ അണിനിരന്ന മനുഷ്യച്ചങ്ങല ഒറ്റക്കെട്ടായി വിശ്വാസജ്വാല ഉയർത്തിയത്. ഇനി, കുടുംബ യൂണിറ്റ്, ഇടവക, ഫൊറോന, രൂപത തലങ്ങളിൽ ദിവ്യകാരുണ്യ കോൺഗ്രസും വടക്കേ ഇന്ത്യയിലെ ക്രൈസ്തവ സഹോദങ്ങളോടുള്ള ഐക്യദാർഢ്യ പ്രകടനത്തിന്റെ ഭാഗമായി നടത്തുമെന്നും മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു. 'സീറോ മലബാർ സഭാ സമൂഹം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തിൽ റവ. ഡോ. ടോം ഓലിക്കരോട്ട് പ്രഭാഷണം നടത്തി. ക്രൈസ്തവ സമുദായം നേരിടുന്ന പ്രശ്നങ്ങളെയും പരിഹാരമാർഗങ്ങളെയും വിശദീകരിച്ച അദ്ദേഹം സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News