കെട്ടിട നമ്പര്‍ തട്ടിപ്പ്: ക്രമക്കേടാണ് തദ്ദേശസ്ഥാപനങ്ങളിലെ കീഴ്‍വഴക്കം

കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനില്‍ നടന്ന സംഭവങ്ങള്‍, പുതിയതെന്തോ കണ്ടുപിടിച്ചു എന്ന മട്ടിലാണ് ചിലരെങ്കിലും ചര്‍ച്ച ചെയ്യുന്നത്

Update: 2022-07-11 08:20 GMT

കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷനില്‍ നടന്ന സംഭവങ്ങള്‍, പുതിയതെന്തോ കണ്ടുപിടിച്ചു എന്ന മട്ടിലാണ് ചിലരെങ്കിലും ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിട്ട് ഇപ്പോള്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. 1992ലെ ഭരണഘടനാ ഭേദഗതികള്‍ക്ക് ശേഷം അധികാര വികേന്ദ്രീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഘടന ഉടച്ചുവാര്‍ക്കപ്പെട്ടു.

ഉദ്യോഗസ്ഥ കേന്ദ്രീകൃതമായിരുന്ന തദ്ദേശസ്ഥാപനങ്ങളിലെ അഴിമതി വികേന്ദ്രീകരിക്കപ്പെട്ടു എന്നതും ജനപ്രതിനിധികള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ അഴിമതി നടത്താവുന്ന അവസ്ഥ സംജാതമായി എന്നതും കൂടിയാണ് അധികാര വികേന്ദ്രീകരണത്തിന്‍റെ പേരില്‍ കേരളത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ആത്യന്തിക ഫലം. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് തദ്ദേശസ്ഥാപനങ്ങളില്‍ അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് അഴിമതിയില്‍ ആറാടുന്ന വിചിത്ര പ്രതിഭാസമാണ് ഇത്.

Advertising
Advertising

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഴിമതി ഏറ്റഴും കുടുതലുള്ള മേഖലയാണ് കെട്ടിട നിര്‍മാണവും നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കലും.ഒരു കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പായി തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ,കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുശാസിക്കുന്ന പ്രകാരമാണ് നിര്‍മാണത്തിനുള്ള പ്ലാനുകളും അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുള്ളതെന്ന് സ്ഥലപരിശോധനയില്‍ ഉറപ്പുവരുത്തിയ ശേഷമാണ് നിര്‍മാണ അനുമതി നല്‍കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിടം പൂര്‍ത്തിയായ രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വീണ്ടും പ്ലാന്‍ സമര്‍പ്പിക്കണം.

സ്ഥലപരിശോധനയില്‍ കെട്ടിടം ചട്ടപ്രകാരമാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടാല്‍ കെട്ടിടത്തിന് ഉപയുക്തതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.കെട്ടിടം വാസയോഗ്യമാണ് എന്ന അര്‍ഥത്തിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഇത്. ഇതിനു ശേഷമാണ് കെട്ടിടത്തിന് പഞ്ചായത്തോ നഗരസഭയോ നമ്പര്‍ നല്‍കുന്നത്. തദ്ദേശ സ്ഥാപനത്തിന്‍റെ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ , വാട്ടര്‍ കണക്ഷന്‍,വിവിധ തരം ലൈസന്‍സുകള്‍ എന്നിവ ലഭിക്കൂ. കെട്ടിട നിര്‍മാണ രംഗത്തുള്ള അഴിമതി നിര്‍മാണ അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ തുടങ്ങുന്നു. ചട്ടലംഘനമുള്ള കെട്ടിടങ്ങള്‍ക്ക് ലംഘനം അറിഞ്ഞുകൊണ്ടു തന്നെ നിര്‍മാണ അനുമതി നല്‍കുന്നതാണ് അഴിമതിയുടെ ഒന്നാംഘട്ടം. നിര്‍മാണം പൂര്‍ത്തിയായ ശേഷം ഇതേ കെട്ടിടത്തിന് ഉപയുക്തതാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമ്പോള്‍ ആദ്യത്തെ ഉദ്യോഗസ്ഥന്‍ സ്ഥലം മാറിപ്പോയിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ വീണ്ടും കോഴ നല്‍കേണ്ടിവരും. അല്ലെങ്കില്‍ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാതെ വരും.

നിര്‍മാണ അനുമതി ലഭിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണ വേളയില്‍ ചട്ടങ്ങള്‍ അനുവദിക്കാത്ത വിധത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിച്ചാലും കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കാത വരും. ഇത്തരം സംഗതികളില്‍ ഭൂരിഭാഗവും ഭീമമായ കോഴ വാങ്ങി അധികൃതമാക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ തന്നെ ചട്ടലംഘനം മുഴച്ചുനില്‍ക്കുന്നതോ അന്വേഷണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതോ ആയ കേസുകളില്‍ ഇത്തരം കെട്ടിടങ്ങള്‍ അധികൃതമാക്കാന്‍ ബന്ധപ്പെട്ടവര്‍ വിമുഖത കാട്ടുന്നു. ഇങ്ങനെയുള്ള കെട്ടിടങ്ങള്‍ക്ക് മാത്രമാണ് നമ്പര്‍ ലഭിക്കാതെ പോകുന്നത്. കുറേ കാലം കഴിയുമ്പോള്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ ഇത്തരം കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കുന്നു. മിക്കവാറും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സ്ഥിരമായി നടക്കുന്ന ഒരേര്‍പ്പാടാണ് ഇത്. ഇത്തരം അനധികൃത ഏര്‍പ്പാടുകള്‍ ഉദ്യോഗസ്ഥ - ജനപ്രതിനിധി കൂട്ടായ്മയില്‍ നടക്കുന്നത് കൊണ്ട് കുറ്റവാളികള്‍ പിടിക്കപ്പെടാതെ പോകുകയാണ്. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഭേദമില്ലാതെ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരിക്കുന്ന കക്ഷികളും അവരോട് രാഷ്ട്രീയ ചായ്‍വുള്ള സര്‍വീസ് സംഘടനകളിലെ ഉദ്യോഗസ്ഥരുമാണ് അഴിമതി വീഥിയിലെ പതാക വാഹകര്‍. ജനപ്രതിനിധികള്‍ക്കും മറുപക്ഷ ഉദ്യോഗസ്ഥര്‍ക്കും കുറഞ്ഞ തോതിലെങ്കിലും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നുണ്ട്. അതുകൊണ്ട് അവരും സംതൃപ്തരാണ്. കോഴിക്കോട് കോര്‍പറേഷനില്‍ നടന്നത് ആദ്യ സംഭവമാണ് എന്ന മട്ടിലാണ് വകുപ്പു മന്ത്രിയും മറ്റും പ്രസ്താവന നടത്തുന്നത്. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ കെട്ടിടവും കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഓഡിറ്റിന് വിധേയമാക്കിയാല്‍ 60 ശതമാനം കെട്ടിടങ്ങളിലും അപാകതകള്‍ കണ്ടെത്താനാകും. അതിനുള്ള ധൈര്യം വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയോ കാട്ടുമോ എന്നതാണ് മൗലികമായ ചോദ്യം.

(ലേഖകന്‍ സംസ്ഥാന നഗരകാര്യവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. നിരവധി മുനിസിപ്പാലിറ്റികളില്‍ സെക്രട്ടറിയായി ജോലി ചെയ്ത ലേഖകന്‍ തൃശൂര്‍ കോര്‍പറേഷനില്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് വിരമിച്ചത്)


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - കെ.എം ബഷീര്‍

Writer

Similar News