Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: സൂംബാനൃത്തം മയക്കുമരുന്ന് ഉപയോഗം തടയാന്‍ പര്യാപ്തമാണോ എന്ന ചോദ്യവുമായി കാന്തപുരം വിഭാഗം എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം. വിമര്‍ശനമുന്നയിച്ചവര്‍ ചില മത, സമുദായ നേതാക്കളായതുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലേക്കും താലിബാനിസത്തിലേക്കും ചര്‍ച്ച വഴിതിരിച്ചുവിടാനാണ് പലരും ശ്രമിക്കുന്നുണ്ടെന്ന് റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു.
ചെയ്യുന്നയാളുടെ ശാരീരിക, മാനസിക അവസ്ഥ പരിഗണിക്കാതെ നിര്‍ബന്ധിച്ചു വ്യായാമം ചെയ്യിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നത്തിനുകാരണമാകുമെന്നും താല്പര്യമില്ലാത്തവര്‍ പങ്കെടുക്കേണ്ടതില്ല എന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
സൂംബാനൃത്തം: ചര്‍ച്ചയുടെ മര്‍മമാവേണ്ടത് ഇനിപറയുന്ന കാര്യങ്ങളാണ്.
1)മയക്കുമരുന്ന് ഉപയോഗം തടയാന്‍ ഇത് പര്യാപ്തമാണോ ആണെന്നതിന് എന്ത് തെളിവാണുള്ളത്?. പാടി ആടുന്നവര്‍ എനര്‍ജിക്കുവേണ്ടി ഡ്രക്‌സ് കൂടുതല്‍ ഉപയോഗിന്നവരാണെന്നു പലപഠനങ്ങളിലും കാണുന്നുമുണ്ട്.
2) കായിക വിനോദങ്ങള്‍, വ്യായാമമുറകള്‍ എന്നിവ നിര്‍ബന്ധപൂര്‍വ്വം എല്ലാവരും ചെയ്തിരിക്കണമെന്ന് പറയാന്‍പാടുണ്ടോ? ചെയ്യുന്നയാളുടെ ശാരീരിക, മാനസിക അവസ്ഥ പരിഗണിക്കാതെ നിര്‍ബന്ധിച്ചു വ്യായാമം ചെയ്യിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നത്തിനുകാരണമാവും. ചിലപ്പോള്‍
തളര്‍ന്നു വീഴാനും, മരണത്തിനു പോലും കാരണമായേക്കും. താല്പര്യമില്ലാത്തവര്‍ പങ്കെടുക്കേണ്ടതില്ല എന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹംതന്നെ.
3) വ്യായാമത്തിനും കായിക പരിശീലനത്തിനും ഓട്ടം, ചാട്ടം മുതല്‍ കരാട്ടെ വരെ സ്‌കൂളുകളില്‍ നിലവിലുള്ളപ്പോള്‍ ഇതിന്റെ ആവശ്യമെന്ത്?. വിമര്‍ശനമുന്നയിച്ചവര്‍ ചില മത, സമുദായ നേതാക്കളായതുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലേക്കും താലിബാനിസത്തിലേക്കും ചര്‍ച്ച വഴിതിരിച്ചുവിടാനാണ് പലരും ശ്രമിച്ചു കാണുന്നത്. ഒപ്പം വിഷയം വര്‍ഗീയ വല്‍കരിക്കാനും.