മേയർ രാജിവെക്കണമെന്നാണ് പൊതുവായെടുത്ത തീരുമാനം; സുധാകരനെ തിരുത്തി വി.ഡി സതീശൻ

മേയർ മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് ഇന്ന് രാവിലെ കെ.സുധാകരൻ പറഞ്ഞത്.

Update: 2022-11-09 05:09 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ മാപ്പ് പറഞ്ഞാലും മതിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നിലപാട് തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

കത്ത് വിവാദം ഏത് ഏജൻസി അന്വേഷിച്ചാലും പ്രതികൾ സി.പി.എം നേതാക്കളാണ്. അവരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇപ്പോഴത്തെ അന്വേഷണം തട്ടിപ്പാണ്. യഥാർഥ പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പിൻവാതിൽ നിയമനങ്ങൾ ഒന്നൊന്നായി പുറത്തു കൊണ്ടുവരും. സർവകലാശാലകളെ കമ്മ്യൂണിസ്റ്റ്‌വത്കരിക്കാനാണ് നീക്കം. ചാൻസലറായി തുടരണമെന്ന് നാല് വട്ടം മുഖ്യമന്ത്രി കത്തെഴുതി. എങ്ങനെ കത്തെഴുതണമെന്ന് ഗവർണറാണ് പറഞ്ഞു കൊടുത്തത്. സർവകലാശാല വിഷയത്തിൽ സർക്കാറും ഗവർണറും ഒരുമിച്ചാണ് സുപ്രിംകോടതിയിൽ തോറ്റത്. പ്രതിപക്ഷ നിലപാടാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മേയർ മാപ്പ് പറഞ്ഞാൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് ഇന്ന് രാവിലെ കെ.സുധാകരൻ പറഞ്ഞത്. മാപ്പ് പറഞ്ഞാൽ ഇക്കാര്യം പാർട്ടി ചർച്ച ചെയ്യും. ആര്യ ചെറിയ പ്രായമാണ്, ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയർക്ക് അത് ഉപദേശിക്കാൻ പാർട്ടി നേതൃത്വത്തിന് സാധിക്കണം. ഇത് കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായമാണെന്നും അന്തിമതീരുമാനം ചർച്ച ചെയ്ത് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News