മെസ്സിയുടെ പേരിൽ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഓഫീസും ഫ്ലാറ്റുമടക്കം അഞ്ചിടങ്ങളിൽ റെയ്ഡ്

റിപ്പോർട്ടർ ചാനൽ ഓഫീസിലും പരിശോധന

Update: 2026-09-16 06:08 GMT

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ പൊലീസിൻ്റെ വ്യാപക പരിശോധന. കേസുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വയനാട്ടിലെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.

റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ താമസിക്കുന്ന കൊച്ചിയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന തുടരുന്നു. ആന്റോ അഗസ്റ്റിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സഹോദരൻ ജോസുകുട്ടി അഗസ്റ്റിനും ഫ്ലാറ്റിൽ എത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം.

Advertising
Advertising

കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചാനലിന്റെ ന്യൂസ് ഡെസ്കിലെ ജേണലിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചതായി ചാനൽ അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ച് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ പൊലീസ് കടന്നുകയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡെസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പൊലീസ് പകർത്തിയതായി പിണറായി വിജയൻ പറഞ്ഞു. പൊലീസിന്റെ നടപടി അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അതിക്രമമാണെന്നും അദ്ദേഹം വിമർശിച്ചു.

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് ന്യൂസ് ഡെസ്‌കില്‍ കടന്നുകയറി പൊലീസ് നടത്തിയ തേര്‍വാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു. വാര്‍ത്താ മുറിയിലെ പൊലീസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. വാര്‍ത്താ പ്രക്ഷേപണം പോലും തടസ്സപ്പെടുത്തി അഴിഞ്ഞാടാന്‍ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികള്‍ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ടെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പറഞ്ഞു.

റിപ്പോർട്ടർ ചാനലിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ വനിതാ മാധ്യമപ്രവർത്തകരുടെ ഫോണുകൾ അടക്കം പിടിച്ചെടുത്തതായി എം.എ ബേബി ആരോപിച്ചു. വാർത്താ ചാനലിലെ എഡിറ്റോറിയൽ വിഭാഗത്തിലെ ഒരാൾ നടത്തുന്ന പ്രവർത്തനങ്ങളെ ചാനലിന്റെ മുഴുവൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും എം.എ ബേബി വ്യക്തമാക്കി.

മീഡിയവണിനെതിരായ കേന്ദ്ര നടപടിയും എം.എ ബേബി ഓർമിപ്പിച്ചു. നേരത്തെ മീഡിയവൺ ചാനലിനെതിരായ അതിക്രമത്തെ അപലപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാനൽ മാനേജ്മെന്റിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകുറ്റങ്ങളുണ്ടെങ്കിൽ അത് അന്വേഷിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എം.എ ബേബി വ്യക്തമാക്കി.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News