കേരള സർവകലാശാല വിസി നിയമനം: നിർണായക സെനറ്റ് യോഗം ഇന്ന്; ഗവർണർക്ക് കീഴടങ്ങേണ്ടെന്ന് ഇടത് അംഗങ്ങൾ

ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പിൻവലിക്കുന്നതിൽ തീരുമാനം ഉണ്ടായേക്കും

Update: 2022-11-04 00:46 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനം സംബന്ധിച്ച നിർണായക സെനറ്റ് യോഗം ഇന്ന്. ഗവർണർക്കെതിരെ പാസാക്കിയ പ്രമേയം പുനപ്പരിശോധിക്കുന്നതിനായാണ് പ്രത്യേക യോഗം ചേരുന്നത്. അജണ്ടയിൽ ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്ന കാര്യം യോഗത്തിൽ ചർച്ചയാകും.

ഗവർണർ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് ആഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം പ്രമേയം പാസാക്കിയത്. രണ്ടുപേരെ മാത്രം ഉൾക്കൊള്ളിച്ചു രൂപീകരിച്ച കമ്മിറ്റി റദ്ദാക്കണമെന്ന ആവശ്യം പ്രമേയത്തിൽ ഉന്നയിച്ചു. ഗവർണർക്കെതിരായ ഈ നിലപാടിൽ പുനപ്പരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിനാണ് ഇന്ന് പ്രത്യേക യോഗം ചേരുന്നത്. വൈസ് ചാൻസലറുടെ താൽക്കാലിക ചുമതലയുള്ള ഡോക്ടർ മോഹനൻ കുന്നുമ്മൽ യോഗത്തിന് അധ്യക്ഷത വഹിക്കും. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ പശ്ചാത്തലത്തിൽ പ്രമേയം പിൻവലിക്കുന്നത് ഗവർണർക്ക് കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്. ഇത് രാഷ്ട്രീയമായി സി.പി.എമ്മിനും ക്ഷീണമുണ്ടാക്കും. അതിനാൽ പ്രമേയം പിൻവലിച്ച് പ്രതിനിധിയെ നൽകേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്.

പ്രമേയം പിൻവലിക്കാതെ സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കാനാവില്ലെന്നിരിക്കെ വി.സി നിയമനം വീണ്ടും നീണ്ടു പോകാനാണ് സാധ്യത. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് യോഗത്തിന്റെ അജണ്ടയിൽ ഇല്ലെങ്കിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ മാസം പതിനൊന്നാം തീയതി ചേർന്ന സെനറ്റ് യോഗം ഇടത് അംഗങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. ഈ യോഗത്തിന് എത്താത്തതിനെ തുടർന്ന് ഗവർണർ പുറത്താക്കിയ ചാൻസലർ പ്രതിനിധികൾക്ക് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ ആവില്ല.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News