മൗനംകൊണ്ട് കീഴടങ്ങുകയും പുകഴ്ത്തിപ്പറയലുകൾകൊണ്ട് കാര്യം നേടുകയും ചെയ്യുന്നതിന്റെ പേരല്ല ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്: കെ.എം ഷാജി

മുസ്‌ലിം ലീഗിന് വേണ്ടി രക്തസാക്ഷികളായ നിരവധി ചെറുപ്പക്കാരുണ്ട്. ഏതെങ്കിലും ഒരു തുരങ്ക സൗഹൃദത്തിന്റെ പേരിൽ ആ രക്തസാക്ഷികൾ ഉയർത്തിപ്പിടിച്ച ആദർശത്തെ ബലികൊടുക്കേണ്ടിവന്നാൽ അതിനെ ഡിപ്ലോമസി എന്നല്ല പറയേണ്ടത് ഭീരുത്വമെന്നാണ്, കൂട്ടിക്കൊടുപ്പെന്നാണ്, അത് ഒറ്റിക്കൊടുക്കലാണ് - ഷാജി പറഞ്ഞു.

Update: 2022-09-10 10:56 GMT
Advertising

കോഴിക്കോട്: സിപിഎം നേതൃത്വവുമായുള്ള സൗഹൃദത്തിന്റെ പേരിൽ രാഷ്ട്രീയ നീക്കുപോക്കുകൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി. ഇടതുപക്ഷവുമായി കൈകോർക്കാൻ ഒരിക്കലും മുസ്‌ലിം ലീഗിന് കഴിയില്ലെന്ന് ഷാജി വ്യക്തമാക്കി. ഷുക്കൂറും ശുഹൈബും ശരത്‌ലാലും തെരുവിൽ പിടഞ്ഞുവീണ് മരിച്ചപ്പോൾ ഒരു അനുശോചനം പോലും പറയാത്തവർക്ക് മുന്നിൽ ശിരസ്സ് കുനിഞ്ഞാൽ പിന്നീടൊരിക്കലും ആ ശിരസ്സ് ഉയർത്തിപ്പിടിക്കാനാവില്ലെന്നും ഷാജി പറഞ്ഞു. നിലമ്പൂർ മണ്ഡലം ജിദ്ദ കെഎംസിസി നിലമ്പൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരമില്ലാത്ത ലീഗ് എന്നത് അർഥശൂന്യമായ പ്രചാരണമാണ്. അധികാരമില്ലാത്ത ആറു വർഷത്തിന് ശേഷമാണ് ലീഗ് പരിപാടികളിൽ ആയിരങ്ങൾ ഒരുമിച്ചുകൂടുന്നത്. പ്രമോഷനുവേണ്ടി റീലുകളുണ്ടാക്കിയല്ല ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും സി.എച്ചും നേതാക്കളായത്. അവർ ഉയത്തിപ്പിടിച്ച ആദർശത്തിനുവേണ്ടി നിലകൊണ്ടതുകൊണ്ടാണ്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള അവനവന്റെ പ്രമോഷൻ വീഡിയോകൾ കണ്ട് ആസ്വദിക്കുന്നവർ മനോരോഗികളാണ്. എത്ര പ്രകോപനപരമായി റീലുകളുണ്ടാക്കിയാലും നമ്മൾ ചിന്തിക്കേണ്ടത് അവരെന്ത് ചെയ്യുന്നുവെന്നാണ്, അവരെന്ത് പറയുന്നുവെന്നാണ്.

രണ്ടു തരത്തിലുള്ളവരാണ് രാഷ്ട്രീയത്തിലുള്ളത്. ഒന്നുകിൽ നിശബ്ദരാകുക, അല്ലെങ്കിൽ പുകഴ്ത്തിപ്പറയുക. മൗനംകൊണ്ട് കീഴടങ്ങുകയും പുകഴ്ത്തിപ്പറയലുകൾകൊണ്ട് കാര്യം നേടുകയും ചെയ്യുന്നതിന്റെ പേരല്ല ഡിപ്ലോമാറ്റിക് ലീഡർഷിപ്പ്. പറയേണ്ടടത്ത് പറയേണ്ടപോലെ 'നോ' എന്നു പറയാൻ കഴിയണം. നെഹ്‌റുവിന്റെ മുന്നിൽ ബി. പോക്കർ സാഹിബ് 'നോ എന്നു പറഞ്ഞത് ഇന്ത്യൻ മുസ്‌ലിമിന്റെ ശബ്ദമായിരുന്നുവെന്നും ഷാജി പറഞ്ഞു. ഈ പ്രസ്ഥാനത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ട നിരവധി ചെറുപ്പക്കാരുണ്ട്. ഏതെങ്കിലും ഒരു തുരങ്ക സൗഹൃദത്തിന്റെ പേരിൽ ആ രക്തസാക്ഷികൾ ഉയർത്തിപ്പിടിച്ച ആദർശത്തെ ബലികൊടുക്കേണ്ടിവന്നാൽ അതിനെ ഡിപ്ലോമസി എന്നല്ല പറയേണ്ടത് ഭീരുത്വമെന്നാണ്, കൂട്ടിക്കൊടുപ്പെന്നാണ്, അത് ഒറ്റിക്കൊടുക്കലാണ്-ഷാജി പറഞ്ഞു.

സമുദായത്തിന്റെ സംരക്ഷകർ ഞങ്ങളാണെന്നാണ് നിയുക്ത സ്പീക്കർ പറയുന്നത്. ഒരാളെ കുത്തിവീഴ്ത്തിയ ശേഷം കുത്തിയവൻ തന്നെ അയാളെ ആശുപത്രിയിൽ എത്തിച്ചാൽ അയാളെ പുകഴ്ത്തുന്നതുപോലെയാണ് വഖഫ് വിഷയത്തിൽ പിണറായിയെ പുകഴ്ത്തുന്നത്. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിച്ച പിണറായി ഹീറോയാണെങ്കിൽ പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ച പിണറായി ആരാണെന്ന് ഷാജി ചോദിച്ചു. പിണറായി വെറുതെ പിൻവലിച്ചതല്ല. അതിന്റെ പിന്നിൽ സമുദായത്തിന്റെ പണവും വിയർപ്പും ചെലവഴിച്ചിട്ടുണ്ട്. അതുകാണാതെ തീരുമാനം പിൻവലിച്ചതിന്റെ പേരിൽ മാത്രം പിണറായിയെ പുകഴ്ത്താൻ മുസ്‌ലിം ലീഗിനെ കിട്ടില്ലെന്നും ഷാജി വ്യക്തമാക്കി.

പ്രവാസിയായ ആന്തൂരിലെ സാജന്റെ കൊലപാതകത്തിന് ഉത്തരവാദി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണെന്നും ഷാജി ആരോപിച്ചു. അദ്ദേഹത്തിന്റെ ഭാര്യയാണ് അന്ന് ആന്തൂർ നഗരസഭയുടെ ചെയർപേഴ്‌സണായിരുന്നത്. പ്രശ്‌നം വഷളാക്കി സാജനെ മരണത്തിലേക്ക് തള്ളിവിട്ടത് എം.വി ഗോവിന്ദൻ മാഷാണ്. അതിന് പാർട്ടികൊടുത്ത സമ്മാനമാണ് സെക്രട്ടറി സ്ഥാനമെന്നും ഷാജി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News