'കെ.എസ്.ആർ.ടി.സിയെ റീഷെഡ്യൂൾ ചെയ്യും, ഒരു ദിവസം രണ്ട് ലക്ഷം രൂപയുടെ ഡീസൽ ലാഭിക്കും'; കെ.ബി.ഗണേഷ് കുമാർ

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത നടക്കില്ലെന്നും പണിയെടുക്കാൻ പറ്റാത്തവർ വീട്ടിൽ പോയി ഇരുന്നോട്ടെയെന്നും ഗതാഗത മന്ത്രി

Update: 2024-02-10 14:39 GMT
Advertising

കൊച്ചി: കെ.എസ്.ആർ.ടി.സിയെ റീഷെഡ്യൂൾ ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒരു ദിവസം രണ്ട് ലക്ഷം രൂപയുടെ ഡീസൽ ലാഭിക്കുമെന്നും അനാവശ്യ ബസ് റൂട്ടുകൾ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും പരാതി പറയുന്നുണ്ടെന്നും ഒരു ഫയൽ അഞ്ച് ദിവസത്തിൽ കൂടുതൽ പിടിച്ചുവെക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്നും മന്ത്രി. 80 വണ്ടികൾ രജിസ്റ്റർ ചെയ്യാൻ കഴിയാതെ ഡോക്കിൽ കിടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത നടക്കില്ല, പണിയെടുക്കാൻ പറ്റാത്തവർ വീട്ടിൽ പോയി ഇരുന്നോട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏഴര വർഷമായി പെൻഷൻ കൊടുക്കുന്നത് സംസ്ഥാനമാണെന്നും സഹകരണ മന്ത്രിയുമായുള്ള മീറ്റിംഗിന് ശേഷം പെൻഷൻ കൊടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും താൻ മന്ത്രിയായപ്പോൾ മുഖ്യമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ജീവനക്കാർക്ക് ശമ്പളം ഒരുമിച്ച് നൽകണം എന്നാണെന്നും മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.


കുത്തഴിഞ്ഞ ഈ പുസ്തകം കൂട്ടികെട്ടാനെ എനിക്ക് സാധിക്കു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ സർവീസുകളും സോഫ്റ്റ്‌വെയറിൽ ആക്കും. പ്രത്യകം ആപ്പ് പുറത്തിറക്കും. താൻ കെ.എസ്.ആർ.ടി.സിയുടെ മാത്രം മന്ത്രിയല്ലെന്നും പ്രൈവറ്റ് ബസുകളുടെയും മന്ത്രിയാണെന്നും കൂടുതൽ പ്രൈവറ്റ് ബസുകളും കേരളത്തിൽ വേണമെന്നും പ്രൈവറ്റ് ബസും കെ.എസ്.ആർ.ടിസിയുമായുള്ള മത്സരയോട്ടമാണ് റോഡിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൈവറ് ബസുകാർക്ക് റൂട്ട് സ്വന്തമായി തീരുമാനിക്കാൻ ആവില്ലെന്നും ഇടക്ക് റൂട്ട് കട്ട്‌ ചെയുന്ന പ്രൈവറ്റ് ബസുകാർക്ക് എതിരെ നടപടി എടുക്കുമെന്നും കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം എത്തിക്കുമെന്നും പറഞ്ഞ മന്ത്രി 1000 പുതിയ റൂട്ടുകൾ കണ്ടെത്തുമെന്നും 40% ആദ്യം തുടങ്ങുമെന്നും ലാഭം ആണെന് കാണുമ്പോൾ ബാക്കി 60% താനേ വരുമെന്നും പറഞ്ഞു.


സ്വകാര്യ നിക്ഷേപത്തെ കുറച്ചിലായി കാണേണ്ടതില്ലെന്നും സ്വകാര്യ നിക്ഷേപം വന്നാലേ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടുവെന്നും പറഞ്ഞ മന്ത്രി ചിലവ് കുറഞ്ഞ എ.സി ബസ് നിർമ്മിക്കുമെന്നും ദീർഘദൂര ബസുകൾ എല്ലാം എ.സി ആക്കുമെന്നും കൂട്ടിച്ചേർത്തു.

ലൈസൻസ്, ആർ.സി ബുക്ക്‌ എന്നിവ കൊടുക്കുന്നില്ല എന്നത് സത്യമാണെന്നും എന്നാൽ പണത്തിന്‍റെ വിഷയം മാത്രമല്ല കാരണമെന്നും ദേശിയതലത്തിൽ ചില കോക്കസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിനു പരിഹാരം ഉണ്ടാവുമെന്നും മൂന്ന് ആഴ്ചക്കുളിൽ മുഴുവൻ ആർ.സി ബുക്കും അടിച്ചുനൽകുമെന്നും ഉറപ്പ് നൽകി.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News