സിപിഎമ്മും സിപിഐയും ഡൽഹിയിൽ മത്സരിച്ചത് ബുദ്ധിശൂന്യമായ പ്രവൃത്തി; സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു: കെ.ടി ജലീൽ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഇടത് പാർട്ടികൾക്ക് നോട്ടയെക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്.

Update: 2025-02-09 16:17 GMT

കോഴിക്കോട്: സിപിഎമ്മും സിപിഐയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ.ടി ജലീൽ എംഎൽഎ. സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ഇരു പാർട്ടികളുടെയും നടപടി ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി എന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഡൽഹിയിൽ ബിജെപിയുടെ വിജയത്തിന് ഉത്തരവാദി കോൺഗ്രസ് ആണെന്നും ജലീൽ കുറ്റപ്പെടുത്തി. പോൾ ചെയ്ത വോട്ടിൽ പകുതി വോട്ട് ബിജെപി ഭരിക്കുന്ന ഒരിടത്തും അവർക്ക് കിട്ടിയിട്ടില്ല. പ്രതിപക്ഷ നിരയിൽ അനൈക്യം കൊണ്ടുമാത്രമാണ് ഹിന്ദുത്വ ശക്തികൾ കേന്ദ്രത്തിൽ പല സംസ്ഥാനങ്ങളിലും അധികാരത്തിൽ ഇരിക്കുന്നതെന്നും ജലീൽ പറഞ്ഞു.

Advertising
Advertising

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഡൽഹി ബി.ജെ.പിക്ക് സമ്മാനിച്ചതാര്?

ഒരു പതിറ്റാണ്ടിലധികം തുടർച്ചയായി കോൺഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഡൽഹി. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഴുപത് സീറ്റുകളിൽ മൽസരിച്ച കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയത് കേവലം ഒരു സീറ്റിൽ മാത്രം. 67 മണ്ഡലങ്ങളിൽ കെട്ടിവെച്ച കാശും പോയി. ഡൽഹി ബി.ജെ.പിയുടെ കൈക്കുമ്പിളിൽ വെച്ചു കൊടുത്തതിൻ്റെ ഉത്തരവാദിത്വം കോൺഗ്രസ്സിനു മാത്രമാണ്. പോൾ ചെയ്ത വോട്ടിൽ പകുതി വോട്ട് ബി.ജെ.പി ഭരിക്കുന്ന ഒരിടത്തും അവർക്ക് കിട്ടിയിട്ടില്ല. പ്രതിപക്ഷ നിരയിലെ അനൈക്യം കൊണ്ടു മാത്രമാണ് ഹിന്ദുത്വ ശക്തികൾ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തിൽ ഇരിക്കുന്നത്.

കോൺഗ്രസ്സിന് ഇപ്പോഴും യാഥാർത്ഥ്യ ബോധമില്ല. സ്വന്തം ശക്തിയെ കുറിച്ച് യാതൊരു ബോദ്ധ്യവുമില്ല. "ൻ്റെപ്പൂപ്പാക്ക് ഒരാനണ്ടാർന്നു" എന്ന് ഊറ്റം കൊണ്ടത് കൊണ്ട് ഒരു കാര്യവുമില്ല. ഒരു കാലത്ത് ആനയായിരുന്ന കോൺഗ്രസ്, ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന് രാഹുൽഗാന്ധി തിരിച്ചറിയണം.

സി.പി.എമ്മും സി.പി.ഐയും ഡൽഹിയിൽ മൽസരിക്കാൻ പാടില്ലായിരുന്നു. സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മൽസരിച്ചതെങ്കിൽ പോലും. സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ല. ബുദ്ധിശൂന്യമായ പ്രവൃത്തിയായിപ്പോയി ഇരു പാർട്ടികളുടേതും.

എന്തൊക്കെ കുറവുകൾ ചൂണ്ടിക്കാണിക്കാമെങ്കിലും ആം ആദ്മിക്ക് ഡൽഹിയിൽ വേരോട്ടമുണ്ട്. തെരഞ്ഞെടുപ്പു ഫലം അതാണ് തെളിയിക്കുന്നത്. 1977-ൽ തോറ്റ ഇന്ദിരാഗാന്ധി പൂർവ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്രിവാൾ ഡൽഹിയിലും തിരിച്ചു വരും. കുറഞ്ഞ ചെലവിൽ ഡൽഹി ഭരിച്ച മനുഷ്യനെയാണ് അവർ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിച്ചത്. പാവപ്പെട്ടവർക്ക് വെള്ളവും വെളിച്ചവും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും സൗജന്യമായി ഉറപ്പു വരുത്തിയ സർക്കാരിനെയാണ് ഡൽഹിക്കാർ നിഷ്കരുണം വലിച്ചെറിഞ്ഞത്.

നരേന്ദ്രമോദിയും അരവിന്ദ് കെജ്രിവാളും ഒരുപോലെയാണെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലെ കോൺഗ്രസ് പ്രചരണ റാലികളിൽ പ്രസംഗിച്ചത്. കേന്ദ്ര സർക്കാരിന് കെജ്രിവാളിനെയും സിസോദിയേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള വടി നൽകിയതും കോൺഗ്രസ്സാണ്. കോൺഗ്രസ്സിൻ്റെ പരാതിയുടെ മേലായിരുന്നു ഈഡിയുടെ അന്വേഷണവും അറസ്റ്റും. ഗൃഹനാഥൻ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോൺഗ്രസ് ചെയ്തത്. അതിനെ കൊടും ചതി എന്നല്ലാതെ മറ്റെന്താണ് പറയുക?

ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ചയാണെന്ന് തോന്നുക സ്വാഭാവികം. ആ തോന്നലാണ് പലപ്പോഴും ജനങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുക. ഡൽഹി ജനത അരവിന്ദ് കെജ്രിവാൾ എന്ന ഭരണകർത്താവിനോട് കാണിച്ച നന്ദികേടിന് മനമുരുകി പശ്ചാതപിക്കേണ്ടി വരും. തീർച്ച.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News