'രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ നിന്നും മത്സരിച്ചാൽ യെച്ചൂരിയും ഡി.രാജയും പ്രചാരണത്തിനെത്തും'; എം.എ ബേബി

സുരക്ഷിതമണ്ഡലം തേടി രാഹുൽ വയനാട് എത്തിയത് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയായെന്നും ബേബി മീഡിയവണിനോട് പറഞ്ഞു

Update: 2023-11-23 15:36 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: സുരക്ഷിതമണ്ഡലം തേടി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഓടിപ്പോയത് ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയായെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ഹിന്ദിമേഖലയിൽ നിന്നും പേടിച്ചോടിയ നേതാവ് എന്ന് ബിജെപിക്ക് പ്രചരിപ്പിക്കാൻ അവസരമുണ്ടാക്കിയെന്ന് എം.എ ബേബി മീഡിയവണിനോട് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും മത്സരിച്ചാൽ സീതാറാം യെച്ചൂരിയും ഡി.രാജയും രാഹുലിന് വേണ്ടി പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

'എവിടെയാണ് മത്സരിക്കേണ്ടത് എന്നത് ഓരോ പാർട്ടിയുടെ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് കോൺഗ്രസിന് ബലഹീനതയും ക്ഷീണവുമുണ്ടാക്കി. അതിൽ നിന്ന് പാഠം പഠിക്കാൻ രാഹുൽഗാന്ധിയും കോൺഗ്രസും തയ്യാറാകണം. തമിഴ്‌നാട് എല്ലാവരും യോജിച്ച് നിൽക്കുന്ന സംസ്ഥാനമാണ്. രാഹുല്‍ തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍  സീതാറാം യെച്ചൂരിക്ക്  വോട്ട് ചോദിക്കാനാവും'. അദ്ദേഹം പറഞ്ഞു.

'ഇൻഡ്യ എന്ന കൂട്ടായ്മാണെങ്കിലും ഒരു മുന്നണിയായിട്ടില്ല.  2024 ലെ തെരഞ്ഞെടുപ്പിൽ ഇനിയും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ വരരുത് എന്നാണ് 'ഇൻഡ്യ' കൂട്ടായ്മയുടെ ലക്ഷ്യം. രാജസ്ഥാനിൽ ബി.ജെ.പിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണമെന്ന സമീപനം കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. അഞ്ചു സംസ്ഥാനങ്ങളിലും എന്ത് വിലകൊടുത്തും ബി.ജെ.പിയെ തോൽപ്പിക്കാനാവണം. അതിന് ശരിയായ സമീപനത്തോട് കൂടി സഹകരിക്കേണ്ടിയിരുന്ന പാർട്ടികളിൽ പലർക്കും ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ട്. അത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടമാകുമ്പോൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്..'..എം.എ ബേബി പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News