Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊല്ലം: മൊസാംബിക്ക് ബോട്ട് അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട് കാണാതായിരുന്നു ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉൾപ്പെടെ കടലിൽ വീണത്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും അപകടത്തിൽപ്പെട്ടിരുന്നു.
സീ ക്വസ്റ്റ് എന്ന സ്കോർപിയോ മറൈൻ കമ്പനിയിലെ ജീവനക്കാരനാണ് നടുവിലക്കര ഗംഗയിൽ വീട്ടിൽ രാധാകൃഷ്ണപിള്ള ഷീല ദമ്പതികളുടെ മകൻ ശ്രീരാഗ്. മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നര വർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ഇയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്. ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജിത്തുവാണ് ശ്രീരാഗിന്റെ ഭാര്യ. മക്കൾ: അതിഥി (5), അനശ്വര (9).
സ്കോർപിയോ മറൈൻ മാരിടൈം മാനേജ്മെൻ്റ് എൻ്റർപ്രൈസസ് ഷിപ്പിംഗ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായ ഇന്ദ്രജിത്തിനായുള്ല തിരച്ചിൽ തുടരുന്നു. എടയ്ക്കാട്ടുവയൽ വെളിയനാട് പോത്തൻകുടിലിൽ സന്തോഷിൻ്റെയും ഷീനയുടെയും മകനായ ഇന്ദ്രജിത്ത് ഈ മാസം 14 നാണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. പിതാവ് സന്തോഷും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇളയ സഹോദരൻ അഭിജിത് കമ്പനിയുടെ ഖത്തർ ബ്രാഞ്ചിൽ ചേരാനിരിക്കുകയാണ്.