'ഇന്ത്യ ഒരു മതേതര രാജ്യമാണ്, മതവിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കണം'; പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി

വിദ്വേഷ പരാമർശം നടത്തിയവർക്ക് പിഴയടച്ച് രക്ഷപ്പെടാനുള്ള അവസരം നൽകരുതെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

Update: 2025-02-19 16:52 GMT

കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത്തരക്കാർ പിഴയടച്ച് ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാകുന്നത് അവസാനിപ്പിക്കണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയ കേസിൽ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1) (എ), സെക്ഷൻ 299, സെക്ഷൻ 120 പ്രകാരമാണ് പി.സി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്ന ഇത്തരം പ്രവൃത്തികൾ പുതുതായി പ്രാബല്യത്തിൽ വന്ന ബിഎൻഎസ് പ്രകാരം നിർബന്ധമായും തടവുശിക്ഷ നൽകേണ്ടതാണെന്നും കോടതി പറഞ്ഞു.

Advertising
Advertising

മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് 'അല്ലെങ്കിൽ പിഴ' എന്ന ഓപ്ഷൻ ഭാരതീയ ന്യായ സംഹിതയിൽ നിന്ന് ഒഴിവാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ജാതിയും മതവും ഉപയോഗിക്കരുതെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. 196 (1) (എ), 299 വകുപ്പുകളിലെ ശിക്ഷയെ പരാമർശിച്ച കോടതി ഇത്തരം പരാമർശങ്ങൾ ആവർത്തിക്കുന്ന കുറ്റവാളികൾക്ക് പോലും പിഴയടച്ചാൽ രക്ഷപ്പെടാമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

അതേസമയം പി.സി ജോർജ് മനപ്പൂർവം വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്നും ചാനൽ ചർച്ചക്കിടെ പ്രകോപനമുണ്ടായപ്പോൾ യാദൃച്ഛികമായി നടത്തിയ പരാമർശങ്ങളാണ് എന്നുമായിരുന്നു പി.സി ജോർജിന്റെ അഭിഭാഷകന്റെ വാദം.

സംസ്ഥാന സർക്കാർ പി.സി ജോർജിന്റെ ജാമ്യാപേക്ഷയെ എതിർത്തു. നേരത്തെയും യാതൊരു പ്രകോപനവുമില്ലാതെ മുസ്‌ലിം സമുദായത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകൾ പി.സി ജോർജ് നടത്തിയിട്ടുണ്ട്. കൃത്യമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. പൊരുത്തക്കേട് ഒറ്റയടിക്ക് സംഭവിക്കുന്നതല്ല, എന്നാൽ അത്തരം പ്രകോപനപരമായ പ്രസ്താവനകൾ ജനങ്ങളുടെ മനസ്സിൽ നിലനിൽക്കുകയും ശത്രുതയും പൊരുത്തക്കേടും കാലക്രമേണ വളരുകയും ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News