ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ഒഡീഷയിൽ പശ്ചിമ ബംഗാൾ സ്വദേശിയെ ആൾക്കൂട്ടം തല്ലിക്കൊന്നു
തൊഴിലാളികൾ സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയെങ്കിലും അക്രമം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
ന്യൂഡൽഹി: ഒഡീഷയിലെ സാംബൽപൂരിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. പ്രദേശത്ത് ജോലി ചെയ്തിരുന്നയ ജുവൽ ഷെയ്ക്ക് (30) ആണ് മരിച്ചത്. നഗരത്തിലെ ശാന്തി നഗർ പ്രദേശത്തെ ഒരു ചായക്കടയിലാണ് സംഭവം.
ജോലി പൂർത്തിയാക്കിയ ശേഷം മറ്റ് മൂന്ന് തൊഴിലാളികൾക്കൊപ്പം ഷെയ്ഖ് ഒരു കടയിൽ കയറിയിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘം തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് ചായക്കടയിൽ എത്തി തൊഴിലാളികളെ മർദ്ദിക്കുകയായിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. തൊഴിലാളികൾ സാധുവായ തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയെങ്കിലും അക്രമം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടതിന് പിന്നാലെ അക്രമികൾ ഷെയ്ഖിനെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വിവരം ഷെയ്ഖിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.