മുഖ്യമന്ത്രിയുടെ രോമത്തിൽ തൊടാൻ ഒരുത്തനെയും അനുവദിക്കില്ല, സംരക്ഷിക്കാൻ പാർട്ടിക്കറിയാം: എംഎം മണി

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആർഎസ്എസ്, യുഡിഎഫ്, ബിജെപി ഗൂഢാലോചനയാണെന്നും എം.എം മണി പറഞ്ഞു

Update: 2022-06-13 12:58 GMT
Editor : abs | By : Web Desk

ഇടുക്കി: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ സമരം തുടരുകയാണ്. ഇതിനെ വിമർശിച്ചാണ് മുൻ മന്ത്രിയും എംഎഎൽഎയുമായ എംഎം മണി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ രോമത്തിൽ തൊടാൻ ഒരുത്തനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഞങ്ങളുടെ പാർട്ടിയ്ക്കറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.

സ്വർണക്കള്ളക്കടത്തുകാരിയെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നതു പോലെയാണ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനാണ് ശ്രമം. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആർഎസ്എസ്, യുഡിഎഫ്, ബിജെപി ഗൂഢാലോചനയാണെന്നും എം.എം മണി പറഞ്ഞു.

Advertising
Advertising

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ആസ്ഥാനം എച്ച്ആർഡിഎസ് ആണെന്നാരോപിച്ച് തൊടുപുഴയിലെ എച്ച്ആർഡിഎസ് ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.

അതേസമയം വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവർ വിമാനത്തിനുള്ളിലെത്തിയത്. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കൊപ്പം എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഉണ്ടായിരുന്നു. പ്രതിഷേധിച്ചവരിൽ ഒരാളെ ഇ.പി ജയരാജൻ തള്ളിയിട്ടു.

മുഖ്യമന്ത്രിക്ക് തലസ്ഥാനത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത് . എട്ട് എ.സി.പിമാരും 13 സി.ഐമാരും അടക്കം 400 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചത്. തിരുവനന്തപുരം സിറ്റിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മീഷണർമാരും മുഖ്യമന്ത്രിയുടെ സുരക്ഷാർത്ഥം രംഗത്തുണ്ട്. വിമാനത്താവളം മുതൽ മുഖ്യമന്ത്രിയുടെ വസതിവരെ റോഡിന് ഇരുവശത്തുമായി പൊലീസ് സുരക്ഷയൊരുക്കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News