ഹരിത മുൻ നേതാക്കളും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ഒരേ വേദിയില്‍

ഫാത്തിമ തഹ്‌ലിയ, മുഫീദ തസ്‌നി, നജ്മ തബ്ഷീറ എന്നിവർക്കൊപ്പമാണ് പി.കെ നവാസ് വേദിപങ്കിട്ടത്

Update: 2022-06-23 12:49 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ഹരിത മുൻ നേതാക്കളും ഒരേ വേദിയിൽ. ഫാത്തിമ തഹ്‌ലിയ, മുഫീദ തസ്‌നി, നജ്മ തബ്ഷീറ എന്നിവർക്കൊപ്പമാണ് പി.കെ നവാസ് വേദിപങ്കിട്ടത്. നവാസിനെതിരെ ഹരിത മുൻ നേതാക്കൾ പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയശേഷം ഇതാദ്യമായാണ് ഇവർ ഒരേ വേദിയിലെത്തുന്നത്.

എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് യൂനിറ്റ് സംഘടിപ്പിച്ച സമ്മേളനത്തിലാണ് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയും നവാസും മുൻ ഹരിത നേതൃത്വവും ഒരുമിച്ചെത്തിയത്. 'വേരറിയുന്ന ശിഖരങ്ങളാകുക' എന്ന പ്രമേയത്തിൽ ഇന്നു വൈകീട്ടാണ് യൂനിവേഴ്‌സിറ്റി കാംപസിൽ എം.എസ്.എഫ് യൂനിറ്റ് സമ്മേളനം നടന്നത്. മുൻ ഹരിത നേതൃത്വം ലൈംഗികാധിക്ഷേപത്തിന് പരാതി നൽകിയ എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടിയും പരിപാടിയിൽ പങ്കെടുത്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 10 ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. വനിതാ കമ്മീഷന്റെ നിർദേശപ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് വെള്ളയിൽ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ പി.കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Summary: MSF state president PK Navas shared the stage with former Haritha leaders, who filed sexual abuse case against him

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News