'അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർക്ക്‌ അറിയുമോ ഓരോ ആശാ വർക്കറും പേറുന്ന ചുമടുകളുടെ ഭാരം'; ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നജീബ് കാന്തപുരം എംഎൽഎ

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുൻപിൽ ആശാ വർക്കർമാരുടെ സമരം നടക്കുകയാണ്

Update: 2025-02-21 10:41 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് നജീബ് കാന്തപുരം എംഎൽഎ. ഒരു വാർഡ്‌ മെംബർ ആയ കാലം മുതൽ ഇത്‌ തിരിച്ചറിയുന്ന ജനപ്രതിനിധി എന്ന നിലയിൽ ആശാവർക്കർമാരുടെ ജോലിഭാരം അറിയാമെന്നും, നിലനിൽപ്പിനു വേണ്ടി അവർ നടത്തുന്ന സമരത്തിന്‌ എന്റെ സർവ്വ പിന്തുണയും അറിയിക്കുന്നു എന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. സമരത്തോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തെയും പെരിന്തൽമണ്ണ എംഎൽഎ കുറിപ്പിൽ രൂക്ഷമായി വിമർശിച്ചു.

ഇടത്‌പക്ഷ സർക്കാർ എന്ന് അവകാശപ്പെടാൻ പിണറായി ഗവൺമെന്റിന്‌ എന്തവകാശമാണുള്ളതെന്ന് അദ്ദേഹം ചോദ്യം ഉയർത്തി. ഏറ്റവും ചെറിയ കൂലിക്ക്‌ ഏറ്റവും കൂടിയ പണിയെടുക്കുന്നവരോടൊപ്പമായിരുന്നു പണ്ട്‌ ഇടത്‌ പക്ഷം. ഇന്നത്‌ ഏറ്റവും വലിയ ബൂർഷ്വാസിക്ക്‌ ഏറ്റവും കൂടിയ ആനുകൂല്യം നൽകുന്നവരായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുൻപിൽ ആശാ വർക്കർമാരുടെ സമരം നടക്കുകയാണ്. ഓണറേറിയം വര്‍ധന  ഉള്‍പ്പെടെ ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.

Full View

കുറിപ്പിന്റെ പൂർണ്ണ രൂപം:

പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ ആശാ വർക്കർമാർക്ക്‌ വേണ്ടി ഞങ്ങൾ ഒരു ഹെൽത്ത്‌ കാർഡ്‌ പദ്ധതി നടപ്പാക്കിയപ്പോൾ ഒരു സഹോദരി പറഞ്ഞു. ഞങ്ങളുടെ സങ്കടം കാണാൻ നിങ്ങളെങ്കിലും ഉണ്ടായല്ലോ.. എന്നിട്ടവർ ഓരോ ആശാവർക്കർമാരും കടന്ന് പോകുന്ന ജീവിത ദുരിതങ്ങളുടെ കണ്ണീർ കഥകൾ വിവരിച്ചു. ഒരു വാർഡ്‌ മെംബർ ആയ കാലം മുതൽ ഇത്‌ തിരിച്ചറിയുന്ന ജനപ്രതിനിധി എന്ന നിലയിൽ എനിക്ക്‌ ആശമാരുടെ ജോലി ഭാരമറിയാം. എത്ര ചെറിയ കൂലിക്കാണ്‌ അവർ എല്ലുമുറിയെ പണിയെടുക്കുന്നതെന്നും അറിയാം.

അതു കൊണ്ടാണ്‌ അവർക്ക്‌ വേണ്ടി രണ്ട്‌ വർഷം മുമ്പ്‌ ഇങ്ങനെയൊരു പദ്ധതി പെരിന്തൽമണ്ണയിലെ 9 ഹോസ്പിറ്റലുകളുമായി ചേർന്ന് എന്റെ മണ്ഡലത്തിൽ നടപ്പാക്കിയത്‌.ഇന്നവർ നിലനിൽപ്പിനു വേണ്ടി നടത്തുന്ന സമരത്തിന്‌ എന്റെ സർവ്വ പിന്തുണയും അറിയിക്കുന്നു. ഈ സമരത്തെ സർക്കാർ അവഗണിക്കുന്നത്‌ കാണുമ്പോൾ മനസിൽ തോന്നുന്ന വികരമാണ്‌ ഈ കുറിപ്പ്‌. ഇടത്‌ പക്ഷ സർക്കാർ എന്ന് അവകാശപ്പെടാൻ പിണറായി ഗവൺമെന്റിന്‌ എന്തവകാശമാണുള്ളത്‌ ? ആശാ വർക്കർമാരുടെ സമരത്തോട്‌ ഈ സർക്കാർ കാണിക്കുന്നത്‌ എന്തൊരു മര്യാദകേടാണ്‌ ?

അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർക്ക്‌ അറിയുമോ ഓരോ ആശാ വർക്കറും പേറുന്ന ചുമടുകളുടെ ഭാരം. മുതുകൊടിഞ്ഞിട്ടും ആ പാവങ്ങൾ എത്ര അനുസരണയോടെയാണ്‌ നിങ്ങൾ തലയിൽ വെച്ച്‌ കെട്ടുന്ന ഓരോ ഉത്തരവാദിത്തവും പേറുന്നത്‌ ? കേന്ദ്ര സർക്കാറുമായി ലൈസൺ ചെയ്യാൻ നിങ്ങൾ ചുമതലപ്പെടുത്തിയ കെ.വി തോമസ്‌ കേന്ദ്രത്തിൽ നിന്ന് വാങ്ങിയെടുക്കേണ്ട ഓരോ കാര്യങ്ങളിലും തോൽക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ നൽകുന്ന ആനുകുല്യങ്ങളിൽ ലക്ഷങ്ങളുടെ വർദ്ധന വരുത്തിയത്‌.

എന്നാൽ കേന്ദ്രത്തെ പഴിച്ച്‌ നിങ്ങൾ ചവിട്ടി താഴ്ത്തുന്ന ആശമാരോട്‌ കാരുണ്യത്തിന്റെ ഒരംശമെങ്കിലും നിങ്ങൾ കാണിക്കാത്തതെന്താണ്‌? ഏറ്റവും ചെറിയ കൂലിക്ക്‌ ഏറ്റവും കൂടിയ പണിയെടുക്കുന്നവരോടൊപ്പമായിരുന്നു പണ്ട്‌ ഇടത്‌ പക്ഷം. ഇന്നത്‌ ഏറ്റവും വലിയ ബൂർഷ്വാസിക്ക്‌ ഏറ്റവും കൂടിയ ആനുകൂല്യം നൽകുന്നവരായി മാറിയിരിക്കുന്നു.സാധാരണ മനുഷ്യരുടെ കണ്ണീരു കാണാനുള്ള മനസ്‌ ഇന്ന് ഭരിക്കുന്ന സർക്കറിലെ ഒരുത്തനുമില്ലെന്നതിന്റെ ഒടുവിലെ തെളിവാണ്‌ ആശാ വർക്കർമാരുടെ മേൽ നടത്തുന്ന ഈ അക്രമം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News