'എസ്സൻസ് ഗ്ലോബൽ സഞ്ചരിക്കുന്നത് സംഘ്പരിവാർ വഴിയിൽ'; ഇസ്രായേൽ അനുകൂല നിലപാടിൽ പരസ്യ പ്രതിഷേധവുമായി മുൻനിര പ്രചാരകൻ

ഇസ്‌ലാമിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും അടിച്ചമർത്തുന്ന ആർഎസ്എസ് നിലപാട് തന്നെയാണ് സ്വതന്ത്രചിന്തകരും സ്വകരിക്കുന്നതെന്ന് നാസർ മാവൂരാൻ പറഞ്ഞു

Update: 2025-10-02 14:39 GMT

Nasar Mavooran | Photo | Facebook

കോഴിക്കോട്: സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്ന എസ്സൻസ് ഗ്ലോബലിന്റെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് അതുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി മുൻനിര പ്രചാരകനായ നാസർ മാവൂരാൻ. തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് നാസർ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനികൾ ആ ഭൂമി വാസയോഗ്യമാണെന്ന് അറിഞ്ഞത് മുതൽ അവിടെയുള്ളവരാണ്. എന്നാൽ ഇസ്രായേലിലുള്ള യഹൂദരെ അവിടെ കൊണ്ടുവന്ന് ഇറക്കിയതാണ്. എസ്സൻസ് ഗ്ലോബൽ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതും ഇപ്പോൾ പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സമീപകാലത്ത് ആർഎസ്എസും സ്വതന്ത്ര ചിന്താ സംവിധാനവും ഒരേ രീതിയിലാണ് കാര്യങ്ങൾ സംസാരിക്കുന്നത്. കാര്യങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും നാസർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

Advertising
Advertising

സ്വതന്ത്രചിന്താ സംവിധാനത്തിന് മുന്നിൽ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്‌ലിംകളും മാത്രമാണ് ശത്രുക്കളായുള്ളത്. 2024ൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച പരിപാടിയിൽ ചുറ്റിനടന്ന് പരിശോധിച്ചപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ വലിയ തോതിൽ തമ്പടിച്ചിരുന്നു. അവർ മതവിശ്വാസികളായിട്ട് പോലും സംഘടിതമായി പരിപാടിക്കെത്തിയിരുന്നു. ആരാണ് അവരെ വിളിച്ചത് എന്ന് പോലും അറിയില്ല.

ഹമാസ് ഉള്ളതുകൊണ്ട് ഫലസ്തീൻ ജനതയെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ല. ഹമാസ് ഭീകര സംഘടനയാണ്. എന്നാൽ ഇസ്രായേൽ അതിലും വലിയ ഭീകരരാണ്. കുഞ്ഞുങ്ങളും സ്ത്രീകളും ഗർഭിണികളും കൊല്ലപ്പെടുമ്പോൾ എങ്ങനെയാണ് സ്വതന്ത്ര ചിന്താ സംവിധാനത്തിന് ഇസ്രായേലിനെ പിന്തുണക്കാൻ കഴിയുന്നതെന്ന് നാസർ ചോദിച്ചു.

ഇന്ത്യക്കാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് നമ്മൾ ഓർക്കണം. ഫലസ്തീനികളുടെ മണ്ണിൽ സ്ഥാപിച്ച കടന്നൽക്കൂടാണ് ഇസ്രായേൽ. പിന്നെ അവർ ഫലസ്തീൻ മണ്ണിലേക്ക് കടന്നുകയറുകയായിരുന്നു. വായ തുറന്നാൽ ഇസ്‌ലാം ശരിയല്ല, കമ്യൂണിസം ശരിയല്ല എന്ന് മാത്രമാണ് സ്വതന്ത്രചിന്താ പ്രസ്ഥാനം പറയുന്നത്. ജാതി മേലാളൻമാരുടെ ഭാഷയിലാണ് അവർ സംസാരിക്കുന്നത്. എന്തുകൊണ്ട് ഈ രീതിയിലായി എന്ന് മനസ്സിലാകുന്നില്ല.

കൈവിട്ട കളിയാണ് നടക്കുന്നത്. സ്വതന്ത്രചിന്താ സെമിനാർ എന്ന പേരിൽ വിളിച്ചുചേർത്ത് മറ്റൊരു രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹമാസിന്റെ പേരിൽ നിരപരാധികളെ കൊല്ലുകയാണ്. ഫലസ്തീനിൽ പൊലിയുന്ന ജീവനുകളെ ഓർത്ത് ഒരിറ്റ് കണ്ണീർ പോലും പൊഴിക്കുന്നില്ല. ഇസ്‌ലാമിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും അടിച്ചമർത്തുന്ന ആർഎസ്എസ് നിലപാട് തന്നെയാണ് സ്വതന്ത്രചിന്തകരും സ്വീകരിക്കുന്നത്.

റാപ്പർ വേടനെതിരെ ആർഎസ്എസ് എന്ത് നിലപാട് സ്വീകരിച്ചോ അതേ നിലപാട് തന്നെയാണ് സ്വതന്ത്രചിന്താ പ്രസ്ഥാനവും സ്വീകരിച്ചത്. വേടനെതിരെ ജാതി മേലാളൻമാരുടെ ഭാഷയിലാണ് എസ്സൻസ് ഗ്ലോബലും സംസാരിച്ചത്. കാര്യങ്ങൾ മറ്റൊരു രീതിയിലേക്കാണ് പോകുന്നത്. അടുത്ത വർഷം എറണാകുളത്ത് നടക്കുന്ന ലിറ്റ്മസ് പ്രോഗ്രാമിൽ താൻ പങ്കെടുക്കില്ല. ആളുകളെ തൃപ്തിപ്പെടുത്താനായി മാത്രമാണ് ചിലപ്പോൾ സ്വതന്ത്രചിന്തകരുടെ പരിപാടിയിൽ ആർഎസ്എസിനെ വിമർശിക്കും. എന്നാൽ അതിൽ ഒട്ടും ആത്മാർഥതയില്ലെന്നും നാസർ മാവൂരാൻ പറഞ്ഞു.

വെടിയേറ്റുവീണ ഗാന്ധിജിയെ മോശക്കാരനാക്കുകയും വെടിവെച്ച ഗോഡ്‌സെയെ പാവത്താനായി ചിത്രീകരിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടതാണ്. ഇനിയും ഇതുമായി യോജിച്ച് മുന്നോട്ട് പോകാനാവില്ല. ഒക്ടോബർ 19ന് നടക്കുന്ന പ്രോഗ്രാമിലേക്ക് തന്നെ നിരവധി പേർ ക്ഷണിച്ചിട്ടുണ്ട്. അതിലേക്ക് തന്നെ പ്രതീക്ഷിക്കേണ്ടെന്നും നാസർ മാവൂരാൻ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News