തൃക്കാക്കരയിലെ അവിശ്വാസപ്രമേയം: രാഷ്ട്രീയ നേട്ടം എൽ.ഡി.എഫിന്; ആശ്വാസം യു.ഡി.എഫിന്

പാർട്ടിയിലേയും മുന്നണിയിലേയും ധാരണ തെറ്റിച്ച് ഇബ്രാഹിം കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് യു.ഡി.എഫിന് വലിയ തലവേദനയായിരുന്നു.

Update: 2023-07-15 09:23 GMT

കൊച്ചി: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം പാസായത് എൽ.ഡി.എഫിന് രാഷ്ട്രീയ നേട്ടമാണെങ്കിൽ ലീഗും യു.ഡി.എഫും വലിയ പ്രതിസന്ധിയിൽ നിന്നാണ് രക്ഷ്‌പ്പെട്ടത്. പാർട്ടിയുടേയും മുന്നണിയുടേയും നിർദേശം ലംഘിച്ചാണ് ഇബ്രാഹിം കുട്ടി വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കാതെ പദവിയിൽ തുടരുന്നത്. യു.ഡി.എഫ് ഭൂരിപക്ഷമുപയോഗിച്ച് അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ ആറുമാസം കൂടി ഇബ്രാഹിംകുട്ടിക്ക് സ്ഥാനത്ത് തുടരാൻ അവസരം കിട്ടുമായിരുന്നു.

മുസ്‌ലിം ലീഗിലെ ധാരണയനുസരിച്ച് ഇബ്രാഹിം കുട്ടി വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ച് പാർട്ടിയിലെ മറ്റൊരു കൗൺസിലർക്ക് അവസരമൊരുക്കേണ്ട സമയപരിധി കഴിഞ്ഞിട്ടുണ്ട്. അതിനിടെ സ്വതന്ത്രരുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ചുള്ള അവിശ്വാസം നേരിട്ട ശേഷം രാജിവെക്കാമെന്ന ഇബ്രാഹിംകുട്ടിയുടെ നിലപാട് ലീഗിനെയും യു.ഡി.എഫിനേയും വെട്ടിലാക്കി. അവിശ്വാസപ്രമേയം പരാജയപ്പെട്ടാലും ഇബ്രാഹിം കുട്ടി രാജിവെക്കുമെന്ന് ലീഗ് നേതൃത്വത്തിന് ഉറപ്പില്ലായിരുന്നു.

Advertising
Advertising

അങ്ങനെയെങ്കിൽ ആറുമാസം കൂടി ഒരു തടസവുമില്ലാതെ ഇബ്രാഹിം കുട്ടി സ്ഥാനത്ത് തുടരുന്ന സ്ഥിതിയുണ്ടാകും. അവിശ്വാസം പാസായാലും പരാജയപ്പെട്ടാലും യു.ഡി.എഫിന് തിരിച്ചടിയെന്ന സ്ഥിതി ഇതോടെ സംജാതമായി. മുന്നണി മര്യാദയും പാർട്ടി അച്ചടക്കവും പ്രധാനമാണെന്ന നിലപാടെടുത്ത് അവിശ്വാസം പാസാകട്ടെ എന്ന് കോൺഗ്രസും ലീഗും തീരുമാനിക്കുകയായിരുന്നു. യു.ഡി.എഫിന്റെ വൈസ് ചെയർമാനെ അഴിമതിയും ഭരണപരാജയും ചൂണ്ടിക്കാട്ടി അവിശ്വാസത്തിലൂടെ പുറത്താക്കാനായത് ഇടതുമുന്നണിക്ക് വലിയ രാഷ്ട്രീയ നേട്ടമാണ്. രാഷ്ട്രീയ തിരിച്ചടി അംഗീകരിക്കുമ്പോഴും അവിശ്വാസം പാസായതിലൂടെ ഇബ്രാഹിം കുട്ടിയെന്ന തലവേദന ഒഴിവായതിലെ ആശ്വാസമാണ് യു.ഡി.എഫ് നേതാക്കൾ പങ്കുവെക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News