Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ ലാബും കിടത്തിചികിത്സയും സജ്ജികരിച്ചിരിക്കുന്നത് അഗ്‌നിരക്ഷ സേനയുടെ എന്‍ഒസി ഇല്ലാത്ത കെട്ടിടത്തില്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടനിര്‍മാണമെന്ന് ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുതിയ കെട്ടിടങ്ങളില്‍ പരിശോധന നടത്തി. അടിയന്തരമായി പരിഹരിക്കേണ്ട 33 പോരായ്മകള്‍ പരിശോധനയില്‍ കണ്ടെത്തി. നിര്‍മാണത്തിലെ അപാകത കാരണമാണ് അഗ്‌നിരക്ഷാ സേന മൂന്ന് കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്‍കാതിരുന്നത്. എന്നാല്‍ കോവിഡ് കാലം മുതല്‍ സ്ഥലപരിമിതിയെ ഈ കെട്ടിടങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഒരു നടപടിയും ഒന്നും സ്വീകരിച്ചില്ല.
അതേസമയം, കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിന് നടപടി തുടങ്ങിയതായി അധികൃതര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ വ്യക്തമാക്കി . കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന്റെ പശ്ചാതലത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.