'4 ലക്ഷത്തിന്‍റെ വായ്പയിൽ 515 രൂപയുടെ ഇളവ്; മച്ചാനേ, അതു പോരളിയാ!'-നവകേരള സദസ്സിലെ പരാതി തീര്‍പ്പാക്കലില്‍ പരിഹാസവുമായി പ്രതിപഷം

നവകേരള സദസ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വായ്പയിൽ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചുകൊണ്ട് കണ്ണൂർ കിളിയന്തറ സ്വദേശിക്കാണ് നോട്ടിസ് ലഭിച്ചത്

Update: 2023-12-25 14:44 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: നവകേരള സദസ്സിൽ നൽകിയ പരാതിയിൽ കൈക്കൊണ്ട നടപടിയെ പരിഹസിച്ച് പ്രതിപക്ഷ യുവനേതാക്കൾ. കേരള ബാങ്കിൽനിന്നെടുത്ത വായ്പയിൽ ഇളവ് തേടിക്കൊണ്ടുള്ള പരാതിയിലെ നടപടിയാണു സമൂഹമാധ്യമങ്ങളിൽ ട്രോളിനിടയാക്കുന്നത്. നാലു ലക്ഷത്തിന്റെ വായ്പയിൽ 515 രൂപ ഇളവ് അനുവദിച്ചതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം കണ്ണൂർ കിളിയന്തറ സ്വദേശിക്കു ലഭിച്ചിരുന്നു.

നവകേരള സദസ്സിനുമുൻപാകെ സമർപ്പിച്ച പരാതി തീർപ്പാക്കലാണെന്ന പേരിലാണ് ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയിൽനിന്നാണ് ഇദ്ദേഹം 3,97,731 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു നവകേരള സദസ്സിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ വായ്പയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് അറിയിച്ചായിരുന്നു കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. ആകെ അടയ്‌ക്കേണ്ട തുകയിൽ 515 രൂപ ഇളവ് അനുവദിച്ചിരിക്കുന്നുവെന്ന് ഇതിൽ പറയുന്നു. ബാക്കി 9,97,216 രൂപ ബന്ധപ്പെട്ട ശാഖയിൽ ഈ മാസം 31നുമുൻപ് അടച്ചു വായ്പാ കണക്ക് തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

515 രൂപയുടെ ഇളവ് ലഭിച്ചില്ലേ, ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പരിഹസിച്ചു. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''ഏതായാലും ബഹു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് വഴി പറഞ്ഞതല്ലേ! അദ്ദേഹത്തിന്റെ സ്വന്തം ജില്ലയല്ലേ.. അതുകൊണ്ട് താങ്കൾക്ക് പരമാവധി ഇളവുകൾ നൽകാൻ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

എത്ര രൂപയുടെ ഇളവ്? 515 രൂപയുടെ ഇളവ്! സന്തോഷമായില്ലേ? ഇനി ബാക്കി 3,97,216 രൂപ കൂടി അടച്ചാൽ പോരേ?''

ആയിരം രൂപ മുടക്കി നവകേരള സദസ്സിന് പോയാലെന്താ! 515 രൂപ കുറഞ്ഞുകിട്ടിയില്ലേ.. മച്ചാനെ അത് പോരളിയാ എന്നായിരുന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പരിഹാസം.

Full View

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

''മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3,97,731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നൽകി.

സദസ്സിൽ പോകാൻ ഓട്ടോക്കൂലി: 150

അപേക്ഷകൾ ഫോട്ടോസ്റ്റാറ്റ്: 50

ഉച്ച വരെ കാത്തുനിന്നപ്പോൾ ചായ, കടി: 30

കുപ്പിവെള്ളം: 15

ആകെ: 245

ലാഭം: 260/

ആ പൈസയ്ക്കിനിയും ഒരു ഫ്‌ലാറ്റും ഒരു കാറും കൂടി വാങ്ങണം....''

Full View

ലഭിച്ചത് ലക്ഷക്കണക്കിനു പരാതികൾ; തീർപ്പുകൽപ്പിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ

നവംബർ 18ന് കാസർകോട്ടുനിന്ന് ആരംഭിച്ച നവകേരള യാത്ര സംസ്ഥാനത്തെ 140 മണ്ഡലങ്ങളും ചുറ്റി ഡിസംബർ 23നാണ് തിരുവനന്തപുരത്ത് സമാപിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് ഒരു ബസിൽ കേരളം ചുറ്റുന്നത് ചരിത്രത്തിലാദ്യമായാണ്. യാത്രയിൽ ലക്ഷക്കണക്കിനു പരാതികൾ പൊതുജനങ്ങളിൽനിന്നു ലഭിച്ചെന്നാണു വിവരം.

എന്നാൽ, നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ തീർപ്പുകൽപ്പിക്കാനാകാതെ കുഴങ്ങുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. തുടർനടപടികളാവശ്യപ്പെട്ട് പഞ്ചായത്തുകളിൽ എത്തിയിരിക്കുന്നതിൽ ഏറിയ പങ്കും സർക്കാർ തലത്തിൽ പരിഹരിക്കേണ്ടവയാണ്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം.

Full View

ഇടുക്കി ജില്ലയിൽ 42,234 നിവേദനങ്ങളാണ് നവകേരള സദസിൽ ലഭിച്ചത്. വീടും സ്ഥലവും ആവശ്യപ്പെട്ടുള്ളതും, റോഡ് നിർമാണം, ധന സഹായം തുടങ്ങിയവയാണ് പരാതികളിൽ ഭൂരിഭാഗവും. ആദിവാസിമേഖലകൾ ഉൾപ്പെടുന്ന വെള്ളിയാമറ്റം പഞ്ചായത്തിൽ മാത്രം എമ്പത് പരാതികളാണ് തുടർ നടപടികൾക്കായി വന്നിട്ടുള്ളത്. ഇതിൽ എഴുപതും ലൈഫ് മിഷനിൽ വീടും സ്ഥലവും കിട്ടിയില്ലെന്നതാണ്. നിലവിലുള്ള 977 അപേക്ഷകളിൽ 234 എണ്ണം എസ്.സി.എസ്.റ്റി.വിഭാഗത്തിൽ പെട്ടവരാണ്. പദ്ധതിക്കായുള്ള നാലുലക്ഷം രൂപയിൽ എമ്പതിതിനായിരം രൂപ ത്രിതല പഞ്ചായത്തുകളും രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ ഹഡ്‌ക്കോ വായ്പയും ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. ഇതിൽ പഞ്ചായത്ത് വിഹിതം മാത്രമാണ് ഗുണഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്. നിലവിലെ സ്ഥിതി ഇതായിരിക്കെ നവകേരള സദസിലെ അപേക്ഷ കൾക്ക് പരിഹാരം കണ്ടെത്തുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

ജില്ലയിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലും സ്ഥിതി വ്യത്യസ്ഥമല്ല. സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. എസ്.സി/എസ്.ടി ഭൂരിപക്ഷ മേഖലകളിലെ അപേക്ഷകർക്ക് മുൻഗണന നൽകണമെന്നിരിക്കെ പൊതു വിഭാഗത്തിൽ പെട്ടവരുടെ അപേക്ഷയിൽ കാലതാമസമെടുക്കാനും സാധ്യതയുണ്ട്.

Summary: Opposition leaders ridicules the grievance redressal in the NavaKerala Sadass

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News