'പി.ഡി.പിയും എസ്.ഡി.പി.ഐയും ഒരുപോലെ എന്ന നിലക്ക് എടുക്കേണ്ട'; പി.ഡി.പി പിന്തുണയിൽ മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ഡി.പി എൽ.ഡി.എഫിനും എസ്.ഡി.പി.ഐ യു.ഡി.എഫിനുമാണ് പിന്തുണ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: പി.ഡി.പിയും എസ്.ഡി.പി.ഐയും ഒരുപോലെ എന്ന നിലക്ക് കാണേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഡി.പി.ഐ വർഗീയ സംഘടനയാണ്. അവരുടെ പിന്തുണ കെ.പി.സി.സി പ്രസിഡന്റ് ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് നാട്ടിൽ എതിർപ്പുയർന്നപ്പോഴാണ് അത് വേണ്ടെന്ന് പറഞ്ഞത്. ഇത്തരം വർഗീയ സംഘടനകളുമായി എന്തിനാണ് ആദ്യം തന്നെ ചർച്ച നടത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ള പിന്തുണ തുടരുമെന്ന് പി.ഡി.പി രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. 20 മണ്ഡലങ്ങളിലും എൽ.ഡി.എഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് പി.ഡി.പി വൈസ് ചെയർമാൻ ടി.എ മുഹമ്മദ് ബിലാൽ പറഞ്ഞു. ബി.ജെ.പിയോടും സംഘ്പരിവാറിനോടും വിട്ടുവീഴ്ച ചെയ്യാത്ത ഇടതുമുന്നണി രാജ്യത്ത് നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.