കെഎംസിടി, അൽ അസ്ഹർ മെഡിക്കൽ കോളജുകൾ സംവരണം അട്ടിമറിച്ചു; സമുദായത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ നേടിയെടുത്ത് പിന്നീട് അത് മറക്കുന്നത് ശരിയല്ല: പി.കെ നവാസ്
കെഎംസിടിയും അൽ അസ്ഹറും 50:50 അനുപാതം അട്ടിമറിച്ചാണ് എംബിബിഎസ് പ്രവേശനം നടത്തിയതെന്ന് നവാസ് ആരോപിച്ചു
കോഴിക്കോട്: മണാശ്ശേരി കെഎംസിടി, തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജുകൾ എംബിബിഎസ് പ്രവേശനത്തിൽ മുസ്‌ലിം സംവരണം അട്ടിമറിച്ചെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എംബിബിഎസ് സീറ്റ് 50 ശതമാനം മെറിറ്റും 50 ശതമാനം അതത് സമുദായങ്ങൾക്ക് സംവരണവും എന്ന രീതിയിലാണ് ഏറെക്കുറെ എല്ലാ ക്രിസ്ത്യൻ-മുസ് ലിം മാനേജ്‌മെന്റ് മെഡിക്കൽ കോളജുകളും പ്രവർത്തിക്കുന്നത്. എന്നാൽ കെഎംസിടി, തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജുകൾ ഇത് അട്ടിമറിക്കുകയാണെന്ന് നവാസ് പറഞ്ഞു.
75 എംബിബിഎസ് സീറ്റുകളാണ് ഈ രണ്ട് മാനേജ്‌മെന്റുകളുടെ നിരുത്തരവാദപരമായ സമീപനത്തിൽ സംവരണ ക്വാട്ടയിൽ നഷ്ടമാകുന്നത്. സാമ്പത്തിക സംവരണം നടപ്പാക്കിയ കേരളത്തിൽ ഈ സമീപനം വലിയ നഷ്ടമുണ്ടാക്കും. സമുദായത്തിന്റെ പേര് പറഞ്ഞ് ആനുകൂല്യങ്ങൾ നേടിയെടുക്കുകയും പിന്നീട് തങ്ങൾക്ക് തോന്നിയ പോലെ സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്നത് ധാർമികമായി ശരിയല്ല. ഈ സമീപനം തിരുത്താൻ മാനേജ്‌മെന്റുകൾ തയ്യാറാവണമെന്നും നവാസ് ആവശ്യപ്പെട്ടു.