പ്ലസ് വണ്‍: ആദ്യ അലോട്ട്മെന്‍റ് കഴിഞ്ഞപ്പോൾ സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു
മെറിറ്റ് സീറ്റുകള്‍ കവര്‍ന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ല്യൂഎസ് സീറ്റുകളിലാണ് വ്യാപക ഒഴിവുകളുള്ളത്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ ഇത്തവണയും സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സവര്‍ണ സംവരണത്തിനായി നീക്കിവെച്ച സീറ്റുകളില്‍ 50 ശതമാനത്തിലേക്കും ആളില്ലാത്തതിനാല്‍ അലോട്ട്മെന്‍റ് നടത്തിയിട്ടില്ല. മെറിറ്റ് സീറ്റുകള്‍ കവര്‍ന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ലിഎസ് സീറ്റുകളിലാണ് ഒഴിവ്.
ഒരു ഭാഗത്ത് സീറ്റില്ലാതെ ആയിരക്കണക്കിന് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. അതിനിടയിലാണ് മെറിറ്റ് കവര്‍ന്നെടുത്ത് നടത്തിയ സവര്‍ണ സംവരണ സീറ്റുകളില്‍ ഒന്നാം അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ പതിനായിരത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ മെറിറ്റ് സീറ്റിന്‍റെ 10 ശതമാനമായ 19,798 സീറ്റുകളാണ് ഇഡബ്ലുഎസ് വിഭാഗത്തില്‍ ആകെ നീക്കിവെച്ചത്. ഇതില്‍ 9104 സീറ്റുകളിലാണ് ആദ്യ അലോട്ട്മെന്‍റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. സീറ്റ് കിട്ടാതെ കുട്ടികള്‍ നെട്ടോട്ടം ഓടുന്ന മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്. 3733 സീറ്റുകളാണ് ഇവിടെ മാത്രം ഒഴിവുള്ളത്. ഈ സീറ്റുകള്‍ ഇനി ജനറല്‍ മെറിറ്റിലേക്ക് എത്തണമെങ്കില്‍ മൂന്നാം അലോട്ട്മെന്‍റ് വരെ കാത്തിരിക്കണം. ഇഡബ്ല്യൂഎസസ് നടപ്പിലാക്കിയ ശേഷമുള്ള എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ.
ഇഡബ്ലുഎസ് സീറ്റുകള്‍
- ആകെ -19798
- ആദ്യ അലോട്ട്മെന്‍റ് നടന്നത് -9104
- ഒഴിഞ്ഞ് കിടക്കുന്നത് -10694
കൂടുതല്‍ ഇഡ്ബ്ലുഎസ് സീറ്റുകള്‍ ഒഴിവുള്ള ജില്ലകള്‍
ജില്ല | ഒഴിവുള്ള സീറ്റുകള്‍ |
മലപ്പുറം | 3733 |
കണ്ണൂര്‍ | 1324 |
കാസര്‍ഗോഡ് | 1022 |
കോഴിക്കോട് | 1080 |
പാലക്കാട് | 983 |