പിഎം ശ്രീ; സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഎം
എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു സമവായം വേണ്ടെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്
Photo| MediaOne
തിരുവനന്തപുരം: സിപിഐയെ അനുനയിപ്പിക്കാൻ തിരക്കിട്ട് നീക്കവുമായി സിപിഎം. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സിപിഐ നേതാക്കളുമായി ആശയവിനിമയം നടത്തും. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു സമവായം വേണ്ടെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്.
മറ്റന്നാളാണ് നിർണായകമായ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്. അതിനുമുന്നേ സിപിഐയെ അനുനയിപ്പിക്കാൻ ആണ് സിപിഎം നീക്കം. അനുനയത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങും. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തി നിൽക്കേ അതിവേഗം പ്രശ്നപരിഹാരത്തിനാണ് നീക്കം. എന്നാൽ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയല്ലാതെ മറ്റൊരു അനയത്തിനും ഇല്ലെന്നാണ് സിപിഐ നിലപാട്. അതിനിടയാണ് അവസാനം ചേർന്ന മന്ത്രിസഭായോഗത്തിനും ഒരാഴ്ച മുമ്പ് കരാർ ഒപ്പിട്ടെന്ന രേഖകൾ പുറത്തുവന്നത്. ഇതും സിപിഐയെ കൂടുതൽ പ്രകോപിച്ചിട്ടുണ്ട് .
മുന്നണിയെയും പാർട്ടിയെയും അറിയിക്കാതെ എന്തിന് കരാറിൽ ഒപ്പിട്ടു എന്ന ചോദ്യം മുഖ്യമന്ത്രിയോടും സിപിഐ ആവർത്തിക്കും. സിപിഐ എക്സിക്യൂട്ടീവിനു മുമ്പ് എൽഡിഎഫ് യോഗം വിളിച്ചു ചേർക്കാനാണ് ആലോചന. നാളെയാണ് ഗൾഫ് പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി കൊച്ചിയിൽ തിരിച്ചെത്തുന്നത്. തിങ്കളാഴ്ച സിപിഐ എക്സിക്യൂട്ടീവ് യോഗം ആലപ്പുഴയിൽ ചേരുന്നതിനാൽ നാളെ കൊച്ചിയിൽ എൽഡിഎഫ് യോഗം ചേരാനും സാധ്യതയുണ്ട്.
പിഎം ശ്രീ ഒപ്പുവെക്കാൻ ഉണ്ടായ സാഹചര്യം മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭാഗമാകണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിക്കും. ഇതോടെ കടുത്ത നിലപാടിൽ നിന്ന് സിപിഐ പിന്തിരിയും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.