മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി, സിബിഐ അന്വേഷണം വേണം: കെ സുധാകരൻ

'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി വിജയനും കെ സുരേന്ദ്രനും ഇരട്ടകളെ പോലെ സംസാരിക്കുന്നു'

Update: 2024-02-27 05:39 GMT
Advertising

കൊല്ലം:മാസപ്പടി വിവാദത്തിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴൽനാടൻ വെളിപ്പെടുത്തിയെന്നും 100 കോടി വാങ്ങിയെന്ന ആരോപണം അതീവ ഗൗരവതരമാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. ലാവലിനു ശേഷമുള്ള ഏറ്റവും വലിയ അഴിമതിയാണിതെന്നും രണ്ട് അഴിമതി ആരോപണങ്ങളിലും ഉയർന്നു വന്നിരിക്കുന്നത് പിണറായി വിജയന്റെ പേരാണെന്നും വിഡി സതീശനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലെന്നും ആത്മാഭിമാനം ഉണ്ടെങ്കിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അല്ലെങ്കിൽ രാജിവച്ച് പുറത്തുപോവണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അഴിമതിയാരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം എട്ട് മാസം നീട്ടിയത് ബിജെപി -സിപിഎം ബന്ധം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രണ്ട് നേതാക്കൾ ഇരട്ടകളെ പോലെ സംസാരിക്കുന്നുവെന്നും അതിലൊരാൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമാണെന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. കോൺഗ്രസിന് വോട്ട് ചെയ്താൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് പിണറായി പറയുന്നുവെന്നും എൽഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഉണ്ടാകൂവെന്ന് സുരേന്ദ്രനും പറയുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിനെ തകർക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും 2021 നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ പ്രവർത്തിക്കുന്ന ഈ കൂട്ടുകെട്ട് 2024 തെരഞ്ഞെടുപ്പോടെ ശക്തമായെന്നും തൃശൂരിലാണ് ഇത് ശക്തമായി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ വേറിട്ട അനുഭവമാണ് സമരാഗ്‌നിയെന്നും കെ സുധാകരൻ പറഞ്ഞു. സമരാഗ്‌നിയിൽ കെപിസിസി പൂർണ തൃപ്താരാണെന്നും വ്യക്തമാക്കി.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News