സുരക്ഷാജീവനക്കാരുടെ എണ്ണം കുറച്ചു; കർണാടക ജയിലിൽ കഴിയുന്ന മഅ്ദനി നാളെ കേരളത്തിലെത്തും

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ ലഭിച്ചത്

Update: 2023-06-25 01:02 GMT
Editor : Lissy P | By : Web Desk

ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസിൽ കുറ്റാരോപിതനായി കർണാടകയിൽ ജയിലിൽ കഴിയുന്ന പി.ഡി.പി  ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി തിങ്കളാഴ്ച നാട്ടിലെത്തും. കേരളത്തിലേക്ക് വരാനുള്ള നിബന്ധനകളിൽ കോൺഗ്രസ് സർക്കാർ ഇളവ് വരുത്തിയതിനെത്തുടർന്നാണ് മഅ്ദനി എത്തുന്നത്. പിതാവിനെ കാണാൻ സുപ്രിംകോടതി രണ്ടര മാസം അനുമതി നൽകിയിരുന്നെങ്കിലും കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ കർശന നിബന്ധനകളേർപ്പെടുത്തിയതിനാൽ മഅ്ദനി യാത്ര റദ്ദാക്കിയിരുന്നു.

സുരക്ഷാ ജീവനക്കാരുടെ എണ്ണം അടക്കം കുറച്ച് നിബന്ധനകളിൽ ഇളവ് വരുത്തിയത്തോടെയാണ് മഅ്ദനി കേരളത്തിലേക്ക് വരാൻ തീരുമാനിച്ചത്. ബി.ജെ.പി സർക്കാർ നിയോഗിച്ച 20 സുരക്ഷജീവനക്കാർ എന്നത് 12 ആക്കിക്കുറച്ചു. ഇതോടെ കെട്ടിവെക്കണമെന്ന് അറിയിച്ച തുകയിലും ഇളവ് വരും.

Advertising
Advertising

20 പൊലീസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് ബി.ജെ.പി അധികാരത്തിലിരിക്കെ കർണാടക പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് വരും. ഇത്രയും തുക കെട്ടിവെച്ച് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുന്നില്ല എന്ന് പറഞ്ഞാണ് മഅ്ദനി കേരളത്തിലേക്ക് വരുന്നില്ലെന്ന് നേരത്തെ തീരുമാനം എടുത്ത്.

എ.ഐ.സി.സി  ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇളവുകൾ ലഭിച്ചത്. അസുഖബാധിതനായ പിതാവിനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ് നാട്ടിലെത്തുന്നതെന്ന് മഅ്ദനി പറഞ്ഞു.

ബംഗളൂരു സ്ഫോടനക്കേസിൽ കുറ്റാരോപിതനായ മഅ്ദനിക്ക് കേരളത്തിൽ പോയി പിതാവിനെ കാണാനും ചികിത്സക്കുമായി 84 ദിവസമാണ് സുപ്രിംകോടതി അനുവദിച്ചിരുന്നത്. ഇനി 12 ദിവസമാണ് ബാക്കിയുള്ളത്. തിങ്കളാഴ്ച വൈകുന്നേരം വിമാനമാർഗം കൊച്ചിയിൽ എത്തി, അവിടെ നിന്ന് കൊല്ലം അൻവാർശേരിയിലേക്ക് പോകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News