വയനാട്: സ്ഥാനാർഥി നിർണയത്തിലെ വിമർശനത്തിന് പിന്നാലെ വയനാട്ടിൽ എസ്‌വൈഎസ് നേതാക്കളുമായി ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ. ടി. സിദിഖ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് ടി. ജെ ഐസക് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൽപ്പറ്റയിലെ സമസ്ത ഓഫീസിൽ വച്ചായിരുന്നു ചർച്ച. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞതിന് എസ്‌വൈഎസ് നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നുണ്ടായ തീരുമാനത്തിൽ നിന്നുള്ള ആശങ്ക അറിയിച്ചുവെന്ന് എസ്‌വൈഎസ് നേതാക്കൾ പ്രതികരിച്ചു. നിലവിൽ സ്ഥാനാർഥിയെ മാറ്റാൻ സാധിക്കില്ല. ഭാവിയിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കാം എന്ന ധാരണയോടുകൂടി ചർച്ച പിരിഞ്ഞുവെന്നും വിശദീകരണം.
നാല് ബ്ലോക്ക് പഞ്ചായത്തുകളാണ് വയനാട് ജില്ലയിൽ ഉള്ളത്. അതിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി രണ്ടിടത്ത് മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം ഉള്ളത്. ജില്ലാ പഞ്ചായത്തിലേക്ക് മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാൾ പോലും ഉണ്ടായില്ല എന്നിങ്ങനെയായിരുന്നു വിമർശനം.
സ്ഥാനാർഥി നിർണയത്തിൽ മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് എസ്‌വൈഎസ് നേതാക്കൾ പറഞ്ഞിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി നാസർ മൗലവി, സെക്രട്ടറി ദാരിമി വയനാട് എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനവുമായി രംഗത്തെത്തിയത്.
'കോൺഗ്രസ് എന്ന മതേതര കക്ഷിയെ കാസ വിഴുങ്ങിയോ? ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ മതേതര കോൺഗ്രസ് മുസ്‌ലിംകളെ രണ്ടാതരം പൗരൻമാരാക്കിയോ? കോൺഗ്രസ് പാർട്ടി ജില്ലയിൽ പ്രത്യേക മതത്തിന്റെ കയ്യിലോ?'- എന്നാണ് ദാരിമി വയനാടിന്റെ ഫേസ്ബുക്ക് കുറിപ്പ്.
'മുസ്‌ലിംകളെ രണ്ടാം തരം പൗരൻമാരായി കണ്ട് മതേതര കോൺഗ്രസ്'- എന്നാണ് നാസർ മൗലവി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പ്. വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.