Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: സ്‌കൂള്‍ സമയ മാറ്റത്തില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമസ്ത. മദ്രസാതല കണ്‍വെന്‍ഷനുകള്‍ മുതല്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് വരെ നടത്താനാണ് തീരുമാനം. ധിക്കാരപരമായ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സമസ്ത പ്രതിഷേധം ന്യായമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.
മുഖ്യമന്ത്രിക്കുള്‍പ്പെടെ നിവേദനം നല്‍കിയിട്ടും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്തംബര്‍ 30 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് വരെ നീളുന്നതാണ് പ്രക്ഷോഭ പരിപാടികള്‍. കോഴിക്കോട് ചേര്‍ന്ന സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് തീരുമാനം.
ഒരിടവേളയ്ക്ക് ശേഷമാണ് സമസ്ത, സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. കോഴിക്കോട് ടൌണ്‍ ഹാളില്‍ നടത്തിയ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സമയ മാറ്റത്തില്‍ മുസ്ലിം ലീഗ് ആലോചിച്ച് വ്യക്തമായ തീരുമാനത്തില്‍ എത്തുമെന്നും സമസ്തയുടെ പ്രതിഷേധം ന്യായമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.