'കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്ത ട്രോജൻ കുതിരയാണ് കെ.സി വേണുഗോപാൽ'; മന്ത്രി വി.ശിവന്‍കുട്ടി
''രാഹുൽ ഗാന്ധിയ്ക്ക് തെറ്റായ ഉപദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് കെ.സി വേണുഗോപാൽ പയറ്റുന്നത്''
തിരുവനന്തപുരം: കോൺഗ്രസിനെ നശിപ്പിക്കാൻ ബിജെപി റിക്രൂട്ട് ചെയ്തിട്ടുള്ള ട്രോജൻ കുതിരയാണ് കെ.സി വേണുഗോപാലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ബിജെപിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ മനഃപൂർവം രാജ്യസഭാ സ്ഥാനാർത്ഥിത്വം വിട്ടു നൽകിയ മഹാനാണ് അദ്ദേഹമെന്നും ശിവന്‍കുട്ടി പറഞ്ഞു.
'രാഹുൽ ഗാന്ധിയ്ക്ക് തെറ്റായ ഉപദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ നിലംപരിശാക്കുന്ന തന്ത്രമാണ് കെ.സി വേണുഗോപാൽ പയറ്റുന്നത്. കെ.സി വേണുഗോപാലിന്റെ അടുത്ത ലക്ഷ്യം കേരളത്തിൽ ബിജെപിയ്ക്ക് അടിത്തറ ഒരുക്കലാണെന്ന് ഓരോ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തിരിച്ചറിയണം.രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വരെ കേന്ദ്ര ഏജൻസികൾ ഉന്നം വെച്ചിട്ടും കോൺഗ്രസ്സിന്റെ സംഘടനാ ജനറൽ സെക്രട്ടറിയായിട്ടും കെ.സി. വേണുഗോപാൽ ഇപ്പോഴും സുരക്ഷിതനായി തുടരുകയാണ്'. ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന ടെലിഫോൺ സംഭാഷണങ്ങൾ ഗൗരവകരമെന്നും വി.ശിവൻകുട്ടി രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സംഭവത്തെ ശക്തമായി എതിര്‍ത്തെങ്കിലും രാഹുലിന് കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുകയാണ്. ഷാഫി പമ്പിലും കെ.സുധാകരനും പരസ്യപിന്തുണ കൊടുക്കുന്നതിൽ ഒരുമടിയും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണിത്. അന്തസും മാന്യതയുമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സര്‍ക്കാറിന് കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി മുന്നോട്ട് പോകും.അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം കോണ്‍ഗ്രസിന്‍റെ പൊതു സമൂഹത്തിനോടുള്ള സംസ്കാരം ഇതാണെന്നും ചര്‍ച്ച ചെയ്യപ്പെടും.പാവപ്പെട്ട പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നാണ് ചിന്തിക്കേണ്ടത്'. ശിവൻകുട്ടി പറഞ്ഞു.