കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

സംസ്ഥാനത്തിൻ്റെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വച്ച് ആവിശ്യക്കാരായ വിദ്യാർഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി.

Update: 2022-08-29 16:33 GMT
Advertising

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ നിരോധിത മയക്കുമരുന്നയ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽപെട്ട മൂന്ന് യുവാക്കൾ‍ പിടിയിൽ. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർ​ഗീസ് (22), കുറ്റിയാടി ‌പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36), കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ‌‌

കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈംസ്ക്വാഡും കസബ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ. അക്ബർ ഐ.പി.എസിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എൻ. ശ്രീനിവാസ് ഐ.പി.എസിന്റെ നേതൃത്വത്തിൽ ഓണത്തിനോട് അനുബന്ധിച്ച പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ വലയിലാവുന്നത്.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശം നിന്നും കഞ്ചാവ് കണ്ടെടുത്തത്.

സംസ്ഥാനത്തിൻ്റെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വച്ച് ആവിശ്യക്കാരായ വിദ്യാർഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വിൽപ്പന നടത്തുന്നത്.

വലയിൽപെട്ട വിദ്യാർഥികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് ദിവസങ്ങളായി രഹസ്യമായി നീരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യകേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു. പിടിയിലായ അജിത് വർ​ഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിൽ ഉണ്ട്. ഇതിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് ഇയാൾ പിടിയിലാകുന്നത്.

പരിശോധനയിൽ കോഴിക്കോട് കസബ സബ് ഇൻസ്‌പെക്ടർ എസ്. അഭിഷേക്, കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത് സീനിയർ സി.പി.ഒ കെ അഖിലേഷ്, സി.പി.ഒമാരായ കാരയിൽ സുനോജ്, അർജുൻ, ക്രൈംസ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ സുജിത്ത്, ഷാഫി പറമ്പത്ത്, അനൂജ്, സജേഷ് കുമാർ പി, കസബ സ്റ്റേഷനിലെ എസ്‌.ഐ രാജീവൻ, സീനിയർ സി.പി.ഒ രതീഷ് പി.എം, സി.പി.ഒ ബിനീഷ് ഡ്രൈവർ സി.പി.ഒ വിഷ്ണു പ്രഭ എന്നിവർ പങ്കെടുത്തു.

ജില്ലയിൽ മയക്കുമരുന്നിനെതിരെ ശക്തമായ ഇടപെടലാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം 300 ഗ്രാമോളം എം.ഡി.എം.എയും എക്സ്റ്റസി ടാബ്‌ലറ്റ്കളും 170 ഓളം എൽ.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News