കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവടക്കം മൂന്നുപേർ പിടിയിൽ
ചവറ സ്വദേശി ഇർഷാദ്, കാരംകോട് സ്വദേശി അമീർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവടക്കം മൂന്നുപേർ പിടിയിൽ. ചവറ സ്വദേശി ഇർഷാദ്, കാരംകോട് സ്വദേശി അമീർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ചാത്തന്നൂർ ഊറാം വിളയിൽ മാർച്ച് അഞ്ചിന് വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന കേസിലെ പ്രതികളാണ് അറസ്റ്റിലായത്. സ്റ്റേഷനറി കടയിലേക്ക് രാത്രി എട്ടരയോടെ എത്തിയ പ്രതികൾ തൈര് വേണമെന്ന് ആവശ്യപ്പെട്ടു. വീട്ടമ്മ തൈര് എടുക്കാൻ തിരിഞ്ഞപ്പോൾ കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാല പൊട്ടിച്ച് മൂവരും കടന്നു. മാല നഷ്ടപ്പെട്ട സ്ത്രീ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകളിൽ പ്രതിയായ ചവറ, കുളങ്ങര ഭാഗം സ്വദേശിയായ ഇർഷാദിനെ പൊലീസ് ചവറയിൽ നിന്ന് പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചാത്തന്നൂർ കാരംകോട് സ്വദേശികളായ അമീറും രാജേഷും കൂട്ടുപ്രതികളാണെന്ന് കണ്ടെത്തി.
അമീർ വധശ്രമം ഉൾപ്പടെയുള്ള കേസിൽ പ്രതിയാണ്. ബോട്ട് എന്നറിയപ്പെടുന്ന രാജേഷിനും അടിപിടി കേസുകൾ ഉൾപ്പടെ ഉള്ളതായി പൊലീസ് അറിയിച്ചു. റിമാൻഡ് ചെയ്‌ത പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ചാത്തന്നൂർ പൊലീസ്.