കെ.സി വേണുഗോപാലും കൈവിട്ടു; പി.വി അൻവറിൻ്റെ തുടർ നീക്കമെന്താകും? ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ
ഫോൺ വഴിയെങ്കിലും വേണുഗോപാൽ തൻ്റെ പരാതി കേൾക്കുമെന്നാണ് അൻവറിൻ്റെ പ്രതീക്ഷ
നിലമ്പൂർ: പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നീളുന്നു. ഇന്നലെ കെ.സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നടക്കാതായതോടെ പി.വി അൻവറിൻ്റെ തുടർ നീക്കമെന്തെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. കെ.സി വേണുഗോപാലിലാണ് അവസാന പ്രതീക്ഷയെന്ന് പറഞ്ഞിരുന്ന പി.വി അൻവർ ഇന്നലെയോടെ നിരാശയിലാണ്. അൻവറുമായികൂടിക്കാഴ്ച നടത്തിയില്ല എന്ന്മാത്രമല്ല കേരളത്തിലെ നേതൃത്വം പ്രശ്‌നം പരിഹരിച്ചുകൊള്ളുമെന്ന കെസിയുടെ പ്രസ്താവന അൻവറിനെ വെട്ടിലാക്കി.
ഇനി എന്താകും പി.വി അൻവർ ചെയ്യുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് മുന്നോട്ടു വെച്ച അസോസിയേറ്റ് കക്ഷി എന്ന ഫോർമുല അംഗീകരിച്ച് മുന്നോട്ടു വന്നാൽ മാത്രമേ യുഡിഎഫ് സംസ്ഥാന നേതൃത്വം അൻവറുമായി സഹകരിക്കുകയുള്ളൂ.
പുറമെ പറയാനെങ്കിലും പുതിയൊരു സാഹചര്യമില്ലാതെ അത് അംഗീകരിക്കാനും അൻവറിന് കഴിയില്ല. മാധ്യമങ്ങൾക്ക് മുന്നിലെ കൂടിക്കാഴ്ച ഒഴിവാക്കിയെങ്കിലും ഫോൺ വഴിയെങ്കിലും വേണുഗോപാൽ തൻ്റെ പരാതി കേൾക്കുമെന്നാണ് അൻവറിൻ്റെ പ്രതീക്ഷ.
അതേസമയം, പി.വിഅൻവർ നിലമ്പൂരിൽ മത്സരിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് പോസ്റ്ററുകളും ബോർഡുകളും നിലമ്പൂർ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തൃണമൂൽ പ്രവർത്തകർ സ്ഥാപിച്ചു തുടങ്ങി. ഈ വിവാദങ്ങൾക്കിടയിലും ആര്യാടൻ ഷൗക്കത്ത് പ്രചാരണ പരിപാടികളുമായി മുന്നോടു പോവുകയാണ്. നിലമ്പൂർ നഗരസഭയിലും മറ്റു രണ്ട് പഞ്ചായത്തുകളിലും ഇന്ന് നേതൃയോഗം ചേരും. പ്രമുഖ വ്യക്തികളുമായുള്ളകൂടിക്കാഴ്ചയും തുടരും.
അതിനിടെ സിപിഎം സ്ഥാനാർഥി ചർച്ചകൾ തുടരുകയാണ്. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി ആരെന്ന് നാളെ അറിയാം.