'സഖാവ് പിണറായിക്ക് മുനീറിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട': മന്ത്രി വി. ശിവന്‍കുട്ടി

എം.കെ മുനീറിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി.

Update: 2021-12-11 15:37 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്യൂണിസ്റ്റാണോ എന്ന് ചോദിച്ച മുസ്‍ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ മുനീറിന് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി. ലീഗ് രാഷ്ട്രീയപാർട്ടിയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ ഭയന്നുനില്‍ക്കുകയാണ് മുനീറെന്നും സഖാവ് പിണറായിക്ക് മുനീറിന്‍റെ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്നും ശിവന്‍കുട്ടി തുറന്നടിച്ചു.

വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം ലീഗിനെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെയായിരുന്നു മുനീറിന്‍റെ മറുപടി.

എം.കെ മുനീര്‍ പറഞ്ഞത്...

'മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് ഞങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്... കമ്യൂണിസത്തിന്‍റെ പഴയകാല നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി വിജയൻ കമ്യൂണിസ്റ്റ് അല്ല എന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലുള്ള അണികളിൽ ഭൂരിഭാഗം വിശ്വസിക്കുന്നത് അതാണ്.'- മുനീർ പറഞ്ഞു.

ശിവന്‍കുട്ടിയുടെ മറുപടി

Full View

ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്‍ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണ്. സമീപകാലത്തെ ലീഗിന്‍റെ നിലപാടുകൾ ബി.ജെ.പിക്കുള്ള പരവതാനി വിരിക്കലാണ്.

ലീഗ് രാഷ്ട്രീയപാർട്ടിയാണോ മതസംഘടനയാണോ എന്ന ബഹു. മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. സഖാവ് പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച ശ്രീ. എം കെ മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണ്. സഖാവ് പിണറായി വിജയന് ശ്രീ. മുനീറിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട.

സി.പി.ഐ എമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗിന്‍റെെ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ല.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News