വഞ്ചിയൂർ സിപിഎം സമ്മേളനം; "സ്റ്റേജിന് കാലുകൾ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചെങ്കിൽ കേസ് വേറെയാകും"; ഹൈക്കോടതി

പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നെന്ന് ഡിജിപി

Update: 2024-12-16 09:18 GMT
Editor : ശരത് പി | By : Web Desk

എറണാകുളം: വിവാദമായ വഞ്ചിയൂർ സിപിഎം സമ്മേളനത്തിന് സ്റ്റേജിന് കാലുകൾ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചെങ്കിൽ കേസ് വേറെയാകുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് തടഞ്ഞാണ് ജോയിന്റ് കൗൺസിലിന്റെ സമരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തിൽ ഹൈക്കോടതിയിൽ ഡിജിപി വിശദീകരണം നൽകി.

പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നെന്ന് പറഞ്ഞ ഡിജിപി സംഭവം അറിഞ്ഞ ഉടൻ തന്നെ ഇടപെട്ടെന്നും സംഘാടകർക്കെതിരെ കേസെടുത്തെന്നും പറഞ്ഞു. സെക്രട്ടേറിയറ്റിലെ ജോയിന്റ് കൗൺസിൽ പരിപാടിക്കെതിരെയും കേസെടുത്തെന്ന് ഡിജിപി പറഞ്ഞു.

Advertising
Advertising

തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി നൽകിയത്.

യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ പുറപ്പെടുവിപ്പിച്ച സർക്കുലറുകൾ കോൾഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ മതിയായ രേഖകൾ സഹിതം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഡിവിഷൻ ആവശ്യപ്പെട്ടു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News