സിപിഎമ്മിനു പ്രധാനം ബിജെപി, സിപിഐ മന്ത്രിമാർക്ക് മുന്നണിയിൽ ഒരുവിലയുമില്ല; വി.ഡി സതീശൻ

ബിനോയ് വിശ്വം പറഞ്ഞ 'സംതിങ് റോങ്' ബിജെപി-സിപിഎം അവിവിഹിത കൂട്ടുകെട്ടാണെന്നും വി.ഡി സതീശൻ

Update: 2025-10-24 16:15 GMT

കൊച്ചി: സിപിഐയേക്കാൾ സിപിഎമ്മിന് പ്രധാനം ബിജെപിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അത് ബോധ്യപ്പെടുത്തുന്നതാണ് പിഎം ശ്രീയിൽ ഒപ്പുവച്ച് രീതിയെന്നും ഈ നാണക്കേട് സഹിച്ച് എൽഡിഎഫിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും പ്രതിപക്ഷ നേതാവ്.

സിപിഐ മന്ത്രിമാർക്ക് മുന്നണിയിൽ ഒരു വിലയുമില്ല, പിണറായിക്ക് സിപിഐയേക്കാൾ പ്രധാനം ബിജെപിയാണെന്നുമാണ് സതീശൻ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷം പറയുന്നതിനേക്കാൾ എത്ര രൂക്ഷമായാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. പദ്ധതിയിൽ ഒപ്പുവച്ച സർക്കാരിന്റെ തീരുമാനത്തെ ആദ്യം പ്രശംസിച്ച് രംഗത്തെത്തിയത് ആർഎസ്എസും ബിജെപിയും എബിവിപിയുമാണെന്ന് പറഞ്ഞത് അദ്ദേഹമാണ്. ബിജെപിയെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാനാണ് പിണറായി സർക്കാരിന്റെ തീരുമാനമെന്ന് ഘടകക്ഷിയുടെ നേതാവ് തന്നെ ആരോപിക്കുന്നുവെന്നും സിപിഐയുടെ അഭിപ്രായങ്ങൾക്ക് സിപിഎം യാതൊരു വിലയും നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertising
Advertising

ബിനോയ് വിശ്വം പറഞ്ഞ 'സംതിങ് റോങ്' ബിജെപി-സിപിഎം അവിവിഹിത കൂട്ടുകെട്ടാണെന്നും വി.ഡി സതീശൻ. ദേശീയ വിദ്യാഭ്യാസ നയത്തിൽ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കട്ടെ. നേതൃത്വം അംഗീകരിച്ചിട്ടുണ്ടോ? മോദിയുടെ അതേ വിദ്യാഭ്യാസ നയമാണോ സിപിഎമ്മിനെന്നും ഇക്കാര്യം സിപിഎം വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയാണ് എൻഇപിക്ക് ഉള്ളത്. ഈ നയം അംഗീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും സതീശൻ വിശദീകരിച്ചു.

ഏതു തരത്തിലുള്ള രാഷ്ട്രീയ സമ്മർദമാണ് മുഖ്യമന്ത്രിക്ക് മേലുണ്ടായതെന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. പിഎം ശ്രീയുടെ കാര്യത്തിൽ ഉറച്ച തീരുമാനമായിരുന്നു സിപിഎമ്മിന്. എന്നാൽ ഒറ്റയടിക്ക് പിന്നാക്കം പോകാനുള്ള കാരണം എന്താണെന്നും സതീശൻ ചോദിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി അംഗീകരിക്കുമ്പോൾ നിബന്ധനകൾ ഉണ്ടായിരുന്നില്ല. നിബന്ധനകളെ എതിർത്ത് എഐസിസി രംഗത്തുവന്നിരുന്നുവെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൻഇപി അംഗീകരിച്ചുവെന്ന ഇടതുപക്ഷ വാദത്തിന് മറുപടിയായി സതീശൻ പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News