മഞ്ഞുരുക്കത്തിന് ശ്രമം; വി.ഡി സതീശൻ ഉമ്മൻചാണ്ടിയുടെ വീട്ടിൽ

അനുനയ നീക്കവുമായി വി.ഡി.സതീശൻ; ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി അപ്രതീക്ഷിത സന്ദര്‍ശനം

Update: 2021-09-05 03:41 GMT

ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ തുടരുന്ന പൊട്ടിത്തെറിയില്‍ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ നേരിട്ടുകണ്ടാണ് സതീശന്‍ മഞ്ഞുരുക്കത്തിനുള്ള ശ്രമം ആരംഭിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് സതീശന്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസില്‍ ഇതേ സ്ഥിതി തുടര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന നേതൃത്വത്തിന്‍റെ ആശങ്കയാണ് സതീശനെ നേരിട്ട് കാണാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ച് ഉമ്മന്‍ചാണ്ടിയുമായി സതീശന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ അപ്രതീക്ഷിതമായി പെട്ടെന്നുള്ള സന്ദര്‍ശനമാണ് സതീശന്‍റെ ഭാഗത്തുനിന്നുണ്ടായത്. 

Advertising
Advertising

ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരു നേതാവിനെ പിണക്കിക്കൊണ്ട് അദ്ദേഹത്തിനെതിരെ ഒരു നീക്കം നടത്തിയാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും. ഇത് അണികളിലും വലിയ രീതിയില്‍ ആശങ്ക സൃഷ്ടിക്കുമെന്നും നേതൃത്വം കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് തന്നെ മുന്‍കൈ എടുത്ത് ഉമ്മന്‍ചാണ്ടിയെ കാണാന്‍ എത്തിയത്. ചെന്നിത്തലയെ അനുനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തില്‍ നേതൃത്വം ഇടപെടാനുള്ള നീക്കത്തെയും തള്ളിക്കളയാനാകില്ല.

കൂടുതലൊന്നും ഇപ്പോൾ പ്രതികരിക്കാനില്ല എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പരമാവധി ഒഴിഞ്ഞു മാറാനാണ് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ശ്രമിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രശ്നങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്ക് ആരെങ്കിലും മുൻകൈ എടുത്താൽ മാത്രമാണ് സഹകരിക്കുക എന്നും ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വി.ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ നേരിട്ട് കാണാനെത്തി സമവായത്തിനുള് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News