രണ്ടു വര്‍ഷത്തെ ദുരിതത്തിന് അറുതി; ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഒടുവില്‍ നിയമനം

അടുത്ത ആഴ്ച ജോലിയിൽ പ്രവേശിക്കുന്നതോടെ നഴ്‌സുമാരുടെ രണ്ട് വർഷത്തെ ദുരിത ജീവിതത്തിനാണ് അവസാനമാവുന്നത്

Update: 2019-01-12 02:09 GMT
Advertising

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് കുവൈത്തിൽ എത്തിയ ശേഷം നിയമനം ലഭിക്കാതിരുന്ന 79 ഇന്ത്യൻ നഴ്‌സുമാരിൽ 73 പേർ അടുത്തയാഴ്ച ജോലിയിൽ പ്രവേശിക്കും. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള നഴ്‌സുമാരുടെ രണ്ടു വർഷക്കാലത്തെ ദുരിത ജീവിതത്തിനാണ് അറുതിയാകുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് നഴ്‌സുമാർക്ക്‌ ജോലിയിൽ പ്രവേശിക്കുക.

ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെൻറ് വിവാദത്തിലായ 2015ൽ റിക്രൂട്ട് ചെയ്യപ്പെട്ട നഴ്‌സുമാരാണ് കുവൈത്തിൽ എത്തിയിട്ടും നിയമനം കിട്ടാതെ രണ്ടു വർഷത്തോളം പ്രയാസമനുഭവിച്ചത്. റിക്രൂട്ട്മെൻറിൽ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നും, ബജറ്റില്‍ തുക വകയിരുത്താത്തതിന്റെയും ഭാഗമായി ഇവരുടെ നിയമനം സിവിൽ സർവിസ്‌ കമീഷൻ റദ്ദ് ചെയ്യുകയായിരുന്നു.

Full View

80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഒരാൾ നേരത്തെ നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവർ പിന്നീട് നാട്ടിലേക്ക് മടങ്ങുകയോ ആശ്രിത വിസയിലേക്ക് ഇഖാമ മാറ്റുകയോ ചെയ്തതായാണ് റിപ്പോർട്ട്. 73 നഴ്സുമാർക്ക് കഴിഞ്ഞ മാസം താമസാനുമതി ലഭിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ മാസം നടത്തിയ കുവൈത്ത് സന്ദർശനത്തിൽ നഴ്‌സുമാരുടെ വിഷയം പ്രധാന അജണ്ടയായിരുന്നു. അടുത്ത ആഴ്ച ജോലിയിൽ പ്രവേശിക്കുന്നതോടെ നഴ്‌സുമാരുടെ രണ്ട് വർഷത്തെ ദുരിത ജീവിതത്തിനാണ് അവസാനമാവുന്നത്.

Tags:    

Similar News