മെസ്സിക്കിഷ്ടം എംബാപ്പെ ഒഴിച്ചിടുന്ന സ്‌പേസ്; അർജന്റീന-ഫ്രാൻസ് ടാക്ടിക്കൽ പ്രിവ്യൂ

കളി ഒരു സൗന്ദര്യ പദ്ധതിയല്ലെന്ന് വിശ്വസിക്കുന്ന തന്ത്രജ്ഞനാണ് സ്‌കലോണി, പന്തവകാശം ഒരു പ്രശ്നമേ അല്ലെന്ന് നിലപാടാണ് ദെഷാംപ്സിന്‍റേത്.

Update: 2022-12-18 08:11 GMT
Advertising

ലോക ഫുട്‌ബോൾ കിരീടം ആർക്കെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്ക് നടക്കുന്ന കലാശപ്പോരിൽ മുഖാമുഖം നിൽക്കുന്നത് പരമ്പരാഗത ശക്തികളായ അർജന്റീനയും ഫ്രാൻസും. സെമി ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് മെസ്സിയുടെ സംഘം ഫൈനലിലെത്തിയത്. ആഫ്രിക്കൻ ശക്തികളായ മൊറോക്കോ ഉയർത്തിയ വെല്ലുവിളി അതിജയിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

കളി നടക്കുന്നത് കളത്തിലാണെങ്കിലും കളത്തിന് പുറത്ത് അതാവിഷ്കരിക്കുന്ന കോച്ചുമാരാണ് ഫുട്‌ബോളിലെ യഥാർത്ഥ നായകന്മാർ. കോച്ച് ബോർഡിൽ വരയ്ക്കുന്ന പദ്ധതി മൈതാനത്ത് കൃത്യമായി നടപ്പാക്കുകയാണ് കളിക്കാരുടെ ഉത്തരവാദിത്വം. എതിരാളികളുടെ ശക്തിദൗർബല്യങ്ങൾ കണ്ടറിഞ്ഞ് തന്ത്രങ്ങൾ മെനയുന്നതിൽ മുമ്പിൽ നിൽക്കുന്ന രണ്ട് ആശാന്മാരാണ് ഇന്ന് മുഖാമുഖം നിൽക്കുന്നത്- അർജന്റീനയുടെ ലയണൽ സ്‌കലോണിയും ഫ്രാൻസിന്‍റെ ദിദിയർ ദെഷാംപ്‌സും.

എന്താവും സ്‌കലോണിയുടെ പദ്ധതി

ലാറ്റിനമേരിക്കൻ പരിശീലകനാണെങ്കിലും കളി ഒരു സൗന്ദര്യ പദ്ധതിയല്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന തന്ത്രജ്ഞനാണ് സ്‌കലോണി. വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രമാണ് അയാളുടെ ഊന്നൽ. അതുകൊണ്ടു തന്നെ ആരാധകർക്ക് ഇഷ്ടമാകുന്ന നയനമനോഹരമായ കളി ഒരുപക്ഷേ അർജന്റീനയിൽ നിന്ന് ഇന്നും ഉണ്ടാകാനിടയില്ല. 

യൂറോപ്യൻ ഫുട്‌ബോളിന്റെ പവർഹൗസായ ഫ്രാൻസിനെ നേരിടുമ്പോൾ എതിര്‍നിരയുടെ ദൗർബല്യത്തിൽ തന്നെയാകും സ്‌കലോണിയുടെ കണ്ണ്. ഫ്രഞ്ച് നിരയുടെ ദൗർബല്യം ഏറ്റവും കൂടുതൽ വെളിപ്പെടുന്നത് അവരുടെ സൂപ്പർ താരം എംബാപ്പെ ഉൾപ്പെട്ട ഇടത്താണ് എന്നതാണ് കൗതുകകരം.

നിലവിൽ ഫ്രഞ്ച് നിരയിൽ പ്രതിരോധ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാതെ ഫ്രീയായി കളിക്കുന്ന താരമാണ് എംബാപ്പെ. മത്സരം പ്രതി 0.2 ഡിഫൻസീവ് ആക്ഷനാണ് എംബാപ്പെയുടേത് എന്ന് ഫുട്‌ബോൾ അപഗ്രഥന വെബ്സൈറ്റായ ഒപ്റ്റ പറയുന്നു. ഈ ടൂർണമെന്റിൽ ഒരു ഔട്ട്ഫീൽഡർ നടത്തുന്ന ഏറ്റവും കുറവ് ഇടപെടലാണിത്. ഇടതു ഭാഗത്ത് പറന്നു നടക്കുന്ന എംബാപ്പെയ്ക്ക് പിന്തുണ നൽകുന്നത് ലെഫ്റ്റ് വിങ് ബാക്ക് തിയോ ഹെർണാണ്ടസാണ്. ആക്രമണ ത്വരയുള്ള ഹെർണാണ്ടസ് ഡിഫന്‍സില്‍ ദൗർബല്യങ്ങള്‍ ഉള്ള താരമാണ്.  




ഹെർണാണ്ടസിന് മുമ്പിലും എംബാപ്പെയ്ക്ക് പിന്നിലുമായി ഒഴിഞ്ഞുകിടക്കുന്ന സ്‌പേസ് കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടും മൊറോക്കോയും ഫലപ്രമായി ഉപയോഗിച്ചിരുന്നു. സെമി ഫൈനലിൽ മൊറോക്കോ എടുത്ത 53 ശതമാനം അറ്റാക്കിങ് ടച്ചുകളും ഈ മേഖലയിലായിരുന്നു.

ഇങ്ങനെയൊരു സ്‌പേസ് ഫൈനലിൽ ഫ്രാൻസ് എതിരാളികള്‍ക്ക് അനുവദിച്ചാൽ അത് അപടകരമാകും. മിഡ്ഫീൽഡിൽ പറന്നു കളിക്കുന്ന മെസ്സിക്ക് കൂടുതൽ സ്‌പേസ് കണ്ടെത്താനും അറ്റാക്കിങ് തേഡിലേക്ക് ക്രിയേറ്റീവ് നീക്കങ്ങൾ നടത്താനും ഇതു സഹായകരമാകും. ക്രൊയേഷ്യയ്‌ക്കെതിരെ ജോസ്‌കോ ഗ്വാർഡിയോളിന്റെ ടൈറ്റ് മാർക്കിങ് ഉണ്ടായിട്ടു പോലും ഗോളിലേക്ക് അസിസ്റ്റ് നൽകിയ താരമാണ് മെസ്സി- ഇതേ പൊസിഷനില്‍ നിന്ന്. സ്‌ട്രൈക്കിങിൽ ജൂലിയൻ അൽവാരസ് കൂടി ചേരുന്നതോടെ ഫ്രാൻസിന് പണി കൂടും.

പകരക്കാർക്ക് അവസരം നൽകിയ തുനീഷ്യയ്‌ക്കെതിരെയുള്ള മത്സരം ഒഴിച്ചു നിർത്തിയാൽ 4-2-3-1 ശൈലിയാണ് ദെഷാംപ്‌സ് സ്വീകരിച്ചു വരുന്നത്. ഏക സ്‌ട്രൈക്കറായി ഇറങ്ങുന്ന ഒലിവർ ജിറൂഡിന് പരിക്കുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കില്‍ പകരക്കാരനായി മാർക്കസ് തുറാം വരും. ഒരുപക്ഷേ, ഫോർമേഷനിൽ തന്നെ മാറ്റമുണ്ടാകും. സ്‌ട്രൈക്കർക്ക് തൊട്ടുപിന്നിൽ ക്രിയേറ്റീവ് മിഡില്‍ ഉസ്മാനെ ഡെംബെലെയും ആന്റോണിയോ ഗ്രീസ്മാനും എംബാപ്പെയും. ഫ്രീ റോളിൽ കളിക്കുന്ന താരമാണ് ഗ്രീസ്മാന്‍. ടീമിന്റെ എഞ്ചിൻ. വേഗവും പന്തടക്കവും കൊണ്ടാണ് എംബാപ്പെ എതിരാളികളെ കീഴ്‌പ്പെടുത്തുന്നത് എങ്കിൽ വേഗത്തിനൊപ്പം ഡ്രിബിളിങ് മികവും ഡെംബലെയ്ക്ക് സ്വന്തമാണ്. 


ദിദിയര്‍ ദെഷാംപ്സ്


ഡിഫൻസീവ് മിഡിൽ ഷോമെനിയും ഫൊഫാനയും വരും. അഡ്രിയാൻ റാബിയോട്ടിന് പകരമാണ് ഫൊഫാനോ കഴിഞ്ഞ കളിയിൽ ആദ്യ ഇലവനിലെത്തിയത്. മധ്യനിരയിൽ പന്ത് ഹോൾഡ് ചെയ്ത് നിർത്തുന്നതോടൊപ്പം ആക്രമണങ്ങൾക്ക് തുടക്കമിടാനും ഇരുവർക്കുമാകുന്നുണ്ട്. ടീമിനായി ഏറ്റവും കൂടുതൽ പാസുകൾ (399) ചെയ്തിട്ടുള്ളത് ഷോമെനിയാണ് എന്ന കണക്കിലുണ്ട് ഫ്രഞ്ച് ഡിഫൻസീവ് മിഡിന്റെ ശക്തി. യൂള്‍സ് കൗണ്ടെ, റഫേൽ വരാനെ, കൊനാറ്റെ/ഉപമെകാനോ, തിയോ ഹെർണാണ്ടസ് എന്നിവരാകും ഡിഫൻസീവ് ഡ്യൂട്ടിയിൽ. കീപ്പറായി നായകൻ ഹ്യൂഗോ ലോറിസും.

ലോകകപ്പിൽ ഇതുവരെ അഞ്ചു ഗോളുകൾ വഴങ്ങിയ ടീമാണ് ഫ്രാൻസ്. നേടിയ ഗോളുകൾ 13. ഗോളിലേക്ക് 91 തവണ ഷോട്ടുതിർത്ത അവരുടെ ഓൺ ടാർഗറ്റുകളുടെ എണ്ണം 30.

ദെഷാംപ്‌സിന്റെ മനസ്സിലെന്ത്?

രണ്ടാം ലോകമഹായുദ്ധ ശേഷം ഒരു ഫുട്‌ബോൾ കോച്ചും തുടർച്ചയായി രണ്ടു ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടില്ല. ആ ഖ്യാതിയാണ് ഒരു വിജയം അകലെ ദെഷാംപ്‌സിനെ കാത്തിരിക്കുന്നത്. ആകുലതയും ആധിയും സമ്മർദ്ദവും ഇല്ലെന്ന് പ്രഖ്യാപിക്കുമ്പോഴും ചില താരങ്ങളുടെ പരിക്ക് കോച്ചിനെ അലട്ടുന്നുണ്ട്. ഉപമെകാനോ, കൊനാട്ടെ, റഫാലെ, റാബിയട്ട്, കിങ്സ്ലി കോമാൻ എന്നീ താരങ്ങളാണ് ടൂർണമെന്റിനിടെ അസുഖബാധിതരായത്. ഇതിൽ മിക്കവരും ആരോഗ്യം വീണ്ടെടുത്തു എന്നാണ് കായിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 

കാലിൽ പന്തില്ലാതെ എങ്ങനെ കളി ജയിക്കാം എന്ന് തെളിയിച്ച കോച്ചാണ് ദെഷാംപ്‌സ്. മൊറോക്കോയ്‌ക്കെതിരെയുള്ള സെമി ഫൈനലാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 38 ശതമാനം മാത്രമായിരുന്നു ആ കളിയിൽ ഫ്രഞ്ച് ടീമിന്റെ ബോൾ പൊസഷൻ. ഈ ടൂർണമെന്റിൽ ശരാശരി 45 ശതമാനം മാത്രമാണ് ഫ്രഞ്ച് ടീമിന്റെ പന്തവകാശം. ഫ്രാൻസ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ 42 ശതമാനമായിരുന്നു ദെഷാംപ്‌സിന്റെ കുട്ടികളുടെ ബോൾ പൊസഷൻ. ആ കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഫ്രാൻസ് ജയിച്ചത്- ചുരുക്കിപ്പറഞ്ഞാൽ നോ ഡോമിനൻസ്, നൊ പ്രോബ്ലം. 


ലയണല്‍ മെസ്സിയും സ്കലോണിയും 


സെൻട്രൽ മിഡ്ഫീൽഡിൽ കളിക്ക് ചുക്കാന്‍ പിടിക്കുന്ന ഗ്രീസ്മാനാകും ദെഷാംപ്‌സിന്റെ തുറുപ്പുചീട്ട്. ടൂർണമെന്റിൽ അപാരമായ വർക്ക് റേറ്റുള്ള കളിക്കാരനാണ് അത്‌ലറ്റികോ മാഡ്രിഡ് മിഡ്ഫീൽഡർ. മധ്യനിരയിൽ ഡി പോൾ, പരെഡസ്, എൻസോ ഫെർണാണ്ടസ്, മക്കാലിസ്റ്റർ എന്നിവരെ അണിനിരത്തിയുള്ള 4-4-2 ശൈലിയാണ് അർജന്റീന സ്വീകരിക്കുന്നതെങ്കിൽ, അവർ പിച്ചിന്റെ മധ്യത്തിലേക്ക് വരുമ്പോൾ ഒഴിഞ്ഞുകിട്ടുന്ന സ്‌പേസ് ഗ്രീസ്മാൻ സമർത്ഥമായി ഉപയോഗിക്കും.

സെന്റർ ബാക്കുകളായി ക്രിസ്റ്റ്യൻ റൊമേറോ, നിക്കൊളാസ് ഓട്ടമെൻഡി, വിങ് ബാക്കിൽ മൊളീന, അകുന എന്നിവരെയാകും സ്‌കലോണി നിയോഗിക്കുക. എംബാപ്പെയുടെയും ഡെംബലെയുടെയും വേഗം കണക്കിലെടുത്ത് വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങൾക്ക് അർജന്റീന നിയന്ത്രണം കൊണ്ടുവരും. വിങ്ബാക്കുകൾ ഒഴിച്ചിടുന്ന സ്‌പേസിലൂടെ അതിവേഗത്തിൽ കൗണ്ടറിന് കെൽപ്പുള്ളവരാണ് എംബാപ്പെയും ഡെംബലെയും. സ്‌ട്രൈക്കിങ്ങിൽ മെസ്സിക്കൊപ്പം ഗോളടി വീരനായി മാറിയ ജൂലിയൻ അൽവാരസിനെ തടയേണ്ട ഉത്തരവാദിത്വവും ഫ്രഞ്ച് നിരയ്ക്കുണ്ട്. മെസ്സിക്ക് പൂട്ടിടാൻ അധികം ആളുകളെ നിയോഗിക്കേണ്ടി വരുന്നതു കൊണ്ട് അൽവാരസ് ഫ്രീ ആകുന്ന സാഹചര്യം മുൻ മത്സരങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതില്ലാതാക്കാനും ദെഷാംപ്‌സ് കരുതലെടുക്കും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - എം അബ്ബാസ്‌

contributor

Similar News