ദാറുസ്സലാമിലെ മത്സ്യമാര്‍ക്കറ്റും ഇഗുൻഗയിലെ വിവാഹ വിശേഷങ്ങളും

മലയാളത്തിലുള്ള സംസാരം കേട്ടിട്ടാണ് പെട്ടന്ന് തിരിഞ്ഞു നോക്കിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് വരുന്ന മലയാളിയെ കണ്ടതിലുള്ള സന്തോഷം കൊണ്ട് വേഗം ചെന്ന് പരിചയപ്പെട്ടു

Update: 2022-10-24 12:00 GMT
Advertising

മാസ്മരികത, ആകർഷണീയത എന്നീ പദങ്ങളുടെ അർത്ഥം തിരിച്ചറിയണമെങ്കിൽ ഒരിക്കലെങ്കിലും ആഫ്രിക്ക സന്ദർശിച്ചാൽ മതിയാകും. ഇത് മനസിലാക്കി സുഡാനിൽ ഒരു പഴഞ്ചൊല്ല് വരെയുണ്ട്. നൈൽ നദിയിലെ വെള്ളം ഒരിക്കൽ കുടിച്ചാൽ വീണ്ടും സുഡാൻ സന്ദർശിക്കാൻ വരും എന്നുള്ളതാണ് അത്. എത്രമാത്രം ശരിയെന്നറിയില്ല, എന്നാൽ ഒരിക്കൽ ആഫ്രിക്കൻ മണ്ണിൽ കാലുകുത്തിയാൽ നിങ്ങൾ വീണ്ടും ഈ സംസ്‌കാരം അറിയാൻ തിരിച്ചു വരും എന്നുള്ളത് തീർച്ചയാണ്.

ചെറിയ ഇടവേളയ്ക്കു ശേഷം ജോലിപരമായ ആവശ്യങ്ങൾക്ക് ആയി വീണ്ടും ടാൻസാനിയ സന്ദർശിക്കാൻ ഇട വന്നു. പ്രധാനമായും ടാൻസാനിയ പൗൾട്ടറി ഷോയിൽ പങ്കെടുക്കുകയും മറ്റു പ്രധാന കസ്റ്റമേഴ്‌സിനെ കാണുവാനും ആയിരുന്നു പോയിരുന്നത്. ആദ്യത്തെ രണ്ടു ദിവസം എക്‌സിബിഷന്റെ തിരക്കായിരുന്നു. പിന്നീട് വന്ന ഞായറാഴ്ച സുഹൃത്ത് അബുവിന്റെ കൂടെ പുറത്തു പോയി. മസാകി എന്ന സുന്ദരമായ ബീച്ച് ഉൾപ്പെടുന്ന പ്രധാന എംബസികൾ എല്ലാം നിലകൊള്ളുന്ന കാഴ്ചക്ക് അതിമനോഹരമായ ഒരു പ്രദേശം. അവിടത്തെ കൊളോണിയൽ മാതൃകയിൽ പണികഴിപ്പിച്ച കടലിനോടു തൊട്ടുചേർന്ന സീ ക്ലിഫ് എന്ന ഹോട്ടലിൽ കുറെ നേരം അബുവുമായി സംസാരിച്ചിരുന്നു.


ഏകദേശം മൂന്നുമണിയോട് കൂടെ ആണ് ദാറുസ്സലാമിലെ പ്രധാന മീഞ്ചന്തയിൽ പോകാം എന്ന് അബു പറഞ്ഞത്. ആഫ്രിക്കയിൽ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും പ്രധാന സ്ഥലമാണ് മീഞ്ചന്ത. ജീവിതത്തിന്റെ നേർപകർപ്പ് അവിടെ കാണുവാൻ സാധിക്കും എന്നുള്ളതാണ് ഒരു പ്രത്യേകത.

വെട്ടിത്തിളങ്ങുന്ന മീനുകളിൽ തന്നെ ഒരു ആഫ്രിക്കൻ തനിമ ഉണ്ട്. അവരുടെ പൂർവകാല ഗരിമ വിളിച്ചോതുന്ന പോലെയുള്ള സമ്പന്നതയും വ്യതിരിക്തതയും ആ മീനുകളിൽ കാണാം. പലവിധ ജോലികളിൽ ( മീനെ തരംതിരിക്കുക,വൃത്തിയാക്കുക,ചെറിയകുട്ടകളിൽ വിൽപ്പന) ഏർപ്പെട്ടിരിക്കുമ്പോഴും പൊട്ടിച്ചിരിക്കാൻ മറക്കാത്ത ആഫ്രിക്കൻ സ്ത്രീകളിൽ നിന്ന് നാം ഏറെ പഠിക്കാനുണ്ട്. ഏതു അവസരത്തിലും നിർമലമായി ചിരിക്കുവാനുള്ള അവരുടെ കഴിവാണ് അവരുടെ സൗന്ദര്യവും. ദുഖവും കഠിനതയും പലപ്പോഴും നിങ്ങളെ തേടിയെത്തുകയാണെങ്കിൽ തൊട്ടരികിലുള്ള സന്തോഷം നിങ്ങൾ കാണാതെ പോകരുത് എന്ന ഓർമ്മപ്പെടുത്തൽ കൂടെയാണ് അവരുടെ പൊട്ടിച്ചിരികൾ.

നമ്മുടെ നാട്ടിലെത്തും പോലെയുള്ള മുള്ളൻ, ബെൽറ്റുമീൻ, കൊഴുവ, ചാള , സുൽത്താൻ, കാരച്ചെമ്മീൻ, വലിയ നെയ്മീൻ, കുടുത തുടങ്ങി എല്ലാവിധ മീനുകളും അവിടെ കാണാനായി. ഒരു വലിയ മേശക്കു ഒരു ഭാഗത്തു പുരുഷന്മാർ നിന്ന് കൊണ്ടും മറുഭാഗത്തു സ്ത്രീകൾ ഇരുന്നും നടത്തുന്ന ലേലം വിളി കാണാനും കുറെ ആളുകൾ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ചെറിയ ചെറിയ അളവുകളിൽ മീനുകൾ മേശപ്പുറത്തു വെക്കുകയും അപ്പോൾ തന്നെ പൈസകൊടുത്തു കച്ചവടം ആക്കുകയും ചെയ്യുന്ന രസകരമായ കാഴ്ച കുറച്ചു നേരം നോക്കി നിന്നു. അപ്പോൾ അബു പരിചയം ഉള്ള ഒരു ചെറുപ്പക്കാരനുമായി സംസാരിച്ചു മീനുകൾ വാങ്ങുന്നുണ്ടായിരുന്നു. ആ പയ്യൻ മീനുകൾ എല്ലാം വൃത്തിയാക്കുവാൻ കൊണ്ട് പോയി. ഈ സമയത്തു കുറച്ചേറെ കുട്ടകൾക്കു ചുറ്റുമായി കസേരയിൽ ഇരുന്നു മീൻ വിൽക്കുന്നവരോട് കുറച്ചു നേരം ആ കസേരയിൽ ഇരുന്നോട്ടെ എന്ന് ചോദിച്ചു. വളരെ സ്‌നേഹപൂർവം ഒരാൾ എണീറ്റു തരുകയും അവിടെ ഇരുന്നപ്പോൾ മറ്റൊരാൾ എന്റെ കൈയ്യിൽ കുറച്ചു പൈസ വെച്ചിട്ടു വേഗം കച്ചവടം ചെയ്യുവാൻ പറയുകയും ചെയ്തു. അവരുടെ ഭാഷയിൽ (സ്വാഹിലി) അവർ പറഞ്ഞതിന്റെ അർത്ഥം മനസിലായില്ലെങ്കിലും അബു പിന്നീട് പറഞ്ഞു തന്നു. അവരുടെ കൂട്ടത്തിൽ കൂടിയാൽ നല്ല ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞു അവർ പൊട്ടിചിരിച്ചതു വളരെ കൗതുകം ഉണർത്തി.


ഏതു നാട്ടിലായാലും ഇത് പോലെയുള്ള മീൻകച്ചവടെക്കാരെ കാണാം. പലപ്പോഴും ഇത്തിരി ലൈംഗികച്ചുവയുള്ള തമാശകൾ ആൺപെൺ വ്യത്യാസമില്ലാതെ പറഞ്ഞു ചിരിക്കുന്നത് കേൾക്കുവാൻ കൂടെയല്ലേ പലരും അവിടെ പോവുക എന്ന് കൂടെ ഓർത്തുപോയി.

കിവ്കോനിഫിഷ് മാർക്കറ്റ് എന്ന പ്രശസ്തമായ ദാറുസ്സലാമിലെ മീഞ്ചന്ത കണ്ടുകൊണ്ടിരിക്കെ അത്യാവശ്യം വലിയൊരു ചരക്കു കപ്പൽ തൊട്ടടുത്ത് കൂടെ പോകുന്നുണ്ടായിരുന്നു. പ്രായമായ ഒരാൾ മീൻവിൽപ്പനക്കിടയിൽ അവരുടെ പ്രധാന ഭക്ഷണമായ ഉഗാലി കഴിക്കുന്നതും കണ്ടു. വളരെ കുറച്ചു ഇന്ത്യക്കാർ മാത്രമേ ആ സമയത്തു ഉണ്ടായിരുന്നുള്ളു.

മലയാളത്തിലുള്ള സംസാരം കേട്ടിട്ടാണ് പെട്ടന്ന് തിരിഞ്ഞു നോക്കിയത്. ഫോണിൽ സംസാരിച്ചു കൊണ്ട് വരുന്ന മലയാളിയെ കണ്ടതിലുള്ള സന്തോഷം കൊണ്ട് വേഗം ചെന്ന് പരിചയപ്പെട്ടു. ചില വ്യക്തിത്വങ്ങളെ നാം എവിടെ വെച്ചെങ്കിലും കണ്ടു മുട്ടും എന്നും അല്ലെങ്കിൽ പല യാത്രകളും അങ്ങനെയുള്ളവരെ കാണുവാൻ ഉള്ള നിമിത്തം മാത്രമാണ് എന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷമായിരുന്നു അത്.

നിമിഷ നേരത്തെ പരിചയപ്പെടലുകൾക്കിടയിൽ പെട്ടന്ന് തന്നെ അടുപ്പമായി. ശ്രീയേട്ടൻ,പതിനഞ്ചു വർഷത്തിലേറെ ആയി ടാൻസാനിയയിൽ ബിസിനസ് ചെയ്യുന്നു. കൊച്ചി സ്വദേശി. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനു മുൻവശത്തുള്ള റെസ്റ്റാറ്റാന്റിൽ വൈകുന്നേരങ്ങളിൽ എന്നും വരാറുണ്ടെന്ന് പറഞ്ഞു. അടുത്ത ദിവസം രാത്രി ഡെസിഖാനാ റെസ്റ്റാറ്റാന്റിൽ വെച്ച് കാണാം എന്ന് പറഞ്ഞു.

പിറ്റേദിവസം കുറച്ചു അകലെയുള്ള പ്രദേശത്തു ആണ് പോകേണ്ടിയിരുന്നതു എന്നതിനാൽ രാത്രി ഏഴുമണിക്ക് ശേഷമാണു ഹോട്ടലിൽ എത്തിയത്. എട്ടു മണിയോട് കൂടെ ശ്രീയേട്ടൻ റെസ്റ്റാറ്റാന്റിൽ എത്താമെന്ന് പറഞ്ഞിരുന്നു. കൃത്യ സമയത്തു തന്നെ അദ്ദേഹം എത്തുകയും ടാൻസാനിയയെ പറ്റിയും ബിസിനസിനെ പറ്റിയും എല്ലാം പല കാര്യങ്ങൾ ചർച്ച ചെയ്തു. ആകസ്മികമായി ടാൻസാനിയ പൗൾട്ടറി എക്‌സ്‌പോ നടന്ന Ubungoപ്ലാസയുടെ മറ്റൊരു ഹാളിൽ ഒരു കല്യാണം നടക്കുന്നതിനായി അലങ്കരിക്കുന്നത് കാണുവാനിടയായി. വളരെ മനോഹരവും ആർഭാടവുമായിട്ടുണ്ടെന്നു പറഞ്ഞു. അങ്ങനെ സംസാരം ഇവിടത്തെ വിവാഹങ്ങളെ കുറിച്ചായി.

കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇഗുന്‍ഗ എന്ന സ്ഥലത്തുവെച്ചു ശ്രീയേട്ടൻ പങ്കെടുത്ത ഒരു വിവാഹ നിശ്ചയ ചടങ്ങിനെ കുറിച്ചം വിശദമായി പറഞ്ഞു തന്നു. സുഹൃത്തും അവിടത്തെ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനുമായ ഒരു ടാൻസാനിയൻ പൗരന്റെ മകളുടെ നിശ്ചയത്തിലാണ് ശ്രീയേട്ടൻ പോയത്.

മനോഹരമായി അലങ്കരിച്ച പെൺകുട്ടിയുടെ വീട്ടിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി ഏകദേശം അമ്പതിനു മുകളിൽ ആൾക്കാറുണ്ടായിരുന്നു. പയ്യനും കുടുംബവും വന്നിരുന്ന വാൻ വഴിയിൽ വെച്ച് കേടായാൽ വൈകുമെന്ന് വിളിച്ചറിയിച്ചിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനു അവരുടെ വാഹനം എത്തിയത്. ആദ്യം പയ്യന്റെ അച്ഛൻ മാത്രം ഇറങ്ങി വരികയും പെൺകുട്ടിയുടെ അച്ഛനോടും മറ്റു മുതിർന്ന ബന്ധുക്കളോടും ക്ഷമ ചോദിക്കുകയും ചെയ്തു. അതിനു ശേഷം പയ്യനെയും കൂട്ടരെയും വിളിക്കട്ടെ എന്ന് വളരെ ഫോർമൽ ആയി അഭ്യർത്ഥിക്കുന്നു. അപ്പോൾ പെൺകുട്ടിയുടെ വീട്ടിലെ മുതിർന്ന കാരണവർ പയ്യന്റെ വീട്ടുകാർ വരാൻ വൈകുമെന്ന് മുൻകൂട്ടി അറിയതിനാലും പയ്യന്റെ അച്ഛൻ അഭ്യർത്ഥിച്ചതിനാലും അവർക്കു വീട്ടിൽ കേറുവാൻ അനുവാദം കൊടുക്കുന്നു. വീട്ടിൽ വന്ന പത്തു പന്ത്രണ്ടു പേരടങ്ങുന്ന വരന്റെ സംഘം എല്ലാരും ഒരുമിച്ചു നിൽക്കുന്നു, ഇനി പയ്യൻ മുന്നോട്ടു വന്നു വൈകിയതിൽ വീണ്ടും ക്ഷമാപണം നടത്തുന്നു. മുൻപ് സംസാരിച്ച കാരണവർ എന്തിനാണ് വന്നത് എന്ന് ചോദിക്കുന്നു. അപ്പോൾ പയ്യൻ ഇവിടത്തെ പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ താൽപര്യമുണ്ടെന്ന് അറിയിക്കുന്നു.

പെൺകുട്ടിയെ അറിയുമോയെന്നും കാരണവർ ചോദിക്കുമ്പോൾ പയ്യൻ അറിയുമെന്ന് പറയുന്നു. അതിനുശേഷം കാരണവർ പറഞ്ഞ പ്രകാരം മൂന്നു പെൺകുട്ടികൾ വന്നു പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടത്തിൽ ഇരിക്കുന്നു. ഇവരിൽ ഏതാണ് താങ്കൾ ഇഷ്ട്ടപ്പെടുന്ന പെടുന്ന പെൺകുട്ടി എന്ന് വീണ്ടും കാരണവർ ചോദിക്കുന്നു. അപ്പോൾ പയ്യൻ തൻ ഇഷ്ടപ്പെടുന്ന കുട്ടിയെ ചൂണ്ടി കാണിക്കുന്നു. അപ്പോൾ മറ്റു രണ്ടു പെൺകുട്ടികളും എണിറ്റു പോകുന്നു. പിന്നീട് കാരണവർ പെൺകുട്ടിയോട് പയ്യനെ അറിയുമോയെന്നും വിവാഹം കഴിക്കുവാൻ താൽപ്പര്യം ഉണ്ടോയെന്നും ചോദിക്കുന്നു. പെൺകുട്ടി അതെ എന്ന് ഉത്തരം പറയുന്നു. കാരണവർ മറ്റുള്ളവർക്കു എല്ലാം സമ്മതമല്ലേ എന്ന് ഉച്ചത്തിൽ ചോദിക്കുന്നു. എല്ലാരും അതെ എന്നും ആഹ്‌ളാദപരമായി പ്രത്യേക ശബ്ദം ഉണ്ടാക്കുന്നു.


അവിടെ വന്നിരുന്ന മറ്റു പെൺകുട്ടികളിൽ ആരെയെങ്കിലും കൂടുതൽ സൗന്ദര്യം കണ്ടു ചൂണ്ടിക്കാണിക്കാമായിരുന്നോ എന്ന് തമാശ രൂപേണ ചോദിച്ചു. ശ്രീയേട്ടന്റെ മറുപടി വളരെ രസകരമായിരുന്നു. അതിനു എന്താ ചോദിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. പക്ഷെ പയ്യന്റെ വീട്ടുകാർ കല്യാണം ഉറപ്പിക്കാതെ തിരിച്ചുപോകേണ്ടി വരും എന്ന് പറഞ്ഞു.. ഒരു പക്ഷെ ആ ചോദ്യം ശ്രീയേട്ടനും ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി.

ഇത് കഴിഞ്ഞിട്ടും അവരുടെ ഔദ്യോഗിക ചടങ്ങു കഴിഞ്ഞിട്ടില്ല, കാരണവർ പയ്യന്റെ അച്ഛനെ വിളിച്ചിട്ടു നിങ്ങൾ സമ്മതിച്ച വസ്തുവഹകൾ കൊണ്ട് വന്നിട്ടുണ്ടോ എന്ന് ചോദിക്കുന്നു, ഉവ്വ് എന്നും കൊണ്ട് വരട്ടെ എന്നും സമ്മതം കിട്ടിയതിനു ശേഷം പയ്യന്റെ വീട്ടുകാർ എല്ലാരും പോയി പലവിധ പഴവർഗങ്ങളും ജ്യൂസ്/കോള പാനീയങ്ങളും കൊണ്ട് വരുന്നു. മുൻകാലത്തു കന്നുകാലികളായിരുന്നു ഇങ്ങനെ കൊണ്ട് വന്നിരുന്നത് എന്ന് ശ്രീയേട്ടൻ സൂചിപ്പിച്ചു. ഇന്ന് കന്നുകാലികളുടെ വിലവെച്ചു മറ്റു വകകൾ കൊണ്ട് വരുന്നു. മുൻഉടമ്പടി പ്രകാരമുള്ള സാധനങ്ങൾ എല്ലാം കൊണ്ട് വന്നിട്ടിലേ എന്നും തൃപ്തരല്ലേ എന്നും പെൺകുട്ടിയുടെ അച്ഛനോട് ചോദിക്കുന്നു. എല്ലാം കൊണ്ട് വന്നുവെന്നും തൃപ്തരാണ് എന്നും പറഞ്ഞതിന് ശേഷമാണു പയ്യന്റെ വീട്ടുകാർ ആ വീട്ടിൽ ഇരുന്നത്.

അടുത്ത് പയ്യൻ പെൺകുട്ടിയുടെ കരണവരുടെയും പിതാവിന്റെയും മറ്റു മുതിർന്നവരുടെ കാലിൽ നമസ്‌കരിക്കുന്ന(സാങ്കേതികമായി) ചടങ്ങാണ്. ആദ്യം കാരണവരുടെ മുന്നിൽ മുട്ട് കുത്തി നിന്നു തലകുനിക്കുന്നു. പിന്നീട് മറ്റു മുതിർന്നവരുടെ ഇടയിലും ഇത് പോലെ ചെയ്യുന്നു. ക്രിസ്ത്യൻ മത വിശ്വാസപരമായുള്ള ചടങ്ങായിരുന്നു നടന്നത് എങ്കിലും മത പുരോഹിത ആരും ഉണ്ടായിരുന്നില്ല. കാരണവർ ആയിരുന്നു എല്ലാം നിർവഹിച്ചത്. പിന്നീട് എല്ലാവരും ഭക്ഷണവും വർത്തമാനവും പറഞ്ഞു ചെറിയ രീതിയിലുള്ള നൃത്തച്ചുവടുകൾ എല്ലാം വെച്ച് ഒരു ആഘോഷമയമായിരുന്നു.

ഒരു ആഫ്രിക്കൻ വിവാഹ നിശ്ചയമോ വിവാഹമോ കാണുവാൻ നമുക്ക് ഭാഗ്യം ഉണ്ടായില്ലെങ്കിലും അന്നത്തെ ആ സദസ്സിലെ ഒരു മൂലയ്ക്ക് ഇരുന്നു എല്ലാം ഞാൻ കാണുന്ന പോലെയുള്ള ഒരനുഭവം ആയിരുന്നു ശ്രീയേട്ടന്റെ കഥ കേട്ടപ്പോൾ ഉണ്ടായ അവസ്ഥ. ചരിത്രം ഇഷ്ടവിഷയമായി ബിരുദാനന്തരബിരുദം നേടിയതും ശ്രീയേട്ടന്റെ കഥ പറച്ചിലിലും പ്രതിഫലിച്ചു. എന്തിലും നല്ല അവഗാഹം, സൂക്ഷ്മത വളരെ വ്യകതമായിരുന്നു. സമയം പതിനൊന്നു കഴിഞ്ഞതിനാലും അടുത്ത ദിവസം വീണ്ടും അകലേക്ക് പോകേണ്ടതിനാലും അന്ന് രാത്രി പിരിഞ്ഞു,വീണ്ടും നാളെ വൈകുന്നേരം കാണാം എന്ന് പറഞ്ഞു ശുഭരാത്രി നേർന്നു.

ആകസ്മികമായ കണ്ടുമുട്ടലുകൾ.. അവിടെ നിന്നു തുടങ്ങുന്ന സൗഹൃദങ്ങൾ.. പരസ്പരം പങ്കുവെക്കുന്ന ആശയങ്ങളും അനുഭവങ്ങളും... നിശ്ചയമായും യാത്ര തുടങ്ങേണ്ടത് മനസ്സിൽ നിന്നാണ്... പ്രണയം മുളപ്പൊട്ടുന്ന പോലെ..

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - അഭിഷേക് പള്ളത്തേരി

contributor

Similar News