മൊറോക്കോയും മോഡ്രിച്ചും; ഒരു ത്രില്ലിങ് സമനിലക്കളി

തുറന്ന ഗോളവസരങ്ങളും ബോക്‌സിലെ ഉത്കണ്ഠാ നിമിഷങ്ങളും കുറവായ മിഡ്ഫീൽഡ് ബാറ്റിലായിരുന്നെങ്കിലും കളി ആവേശകരമാക്കിയത് ആഫ്രിക്കൻ ടീമാണ്. ഇരുടീമുകളിൽ കൂടുതൽ അഭിനിവേശവും ശ്രദ്ധയും പുലർത്തിയ അവർ ലൂക്കാ മോഡ്രിച്ചും പെരിസിച്ചും കൊവാചിച്ചുമെല്ലാമുള്ള യൂറോപ്യൻ ടീമിന് ജീവിതം ദുസ്സഹമാക്കി.

Update: 2022-11-23 13:07 GMT
Advertising

ഇരുപോസ്റ്റുകളിലേക്കുമായി രണ്ടുവീതം ഷോട്ടു മാത്രം ഉതിർക്കപ്പെട്ട ഒരു മത്സരം. ക്രൊയേഷ്യയ്ക്ക് 65 ശതമാനം ബോൾ പൊസഷനും എതിർ ടീമിനേക്കാൾ ഇരട്ടിയോളം പാസുകളും. കളി കാണാതെ സ്റ്റാറ്റ്‌സ് മാത്രം നോക്കി വിലയിരുത്തുന്നവർക്ക്, തീർത്തും ഏകപക്ഷീയമായി യൂറോപ്യൻ ടീം ആധിപത്യം പുലർത്തിയ വിരസമായ 90 മിനുട്ടുകളായിരുന്നു എന്നു തോന്നാം.

പക്ഷേ, ആദ്യാന്തം ഉദ്വേഗജനകമായിരുന്നു എന്നു മാത്രമല്ല, കഴിഞ്ഞ തവണ ഫൈനൽ കളിച്ച ടീമിനേക്കാൾ ജയത്തിനുള്ള സാധ്യതയും യോഗ്യതയും വടക്കേ ആഫ്രിക്കൻ അറബ് ടീമിനായിരുന്നു എന്നതാണ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിന്റെ പ്രത്യേകത. റാങ്കിങിൽ പിറകിലുള്ള മൊറോക്കോ ക്രൊയേഷ്യയെ സമനിലയിൽ തളച്ചു എന്നതല്ല, മൊറോക്കോയോട് ലൂക്കാ മോഡ്രിച്ചും സംഘവും തോൽക്കാതെ രക്ഷപ്പെട്ടു എന്നതാണീ മത്സരത്തിന് യോജിച്ച തലക്കെട്ട്. സുഫ്യാൻ അംറബാത്തിനും ഹകീം സിയെച്ചിനും റുമൈൻ സയ്യാഷിനും അഷ്‌റഫ് ഹകീമിക്കും സുഫ്‌യാൻ ബൂഫലിനും നന്ദി. 37-ാം വയസ്സിലും അത്ഭുതകരമായ വർക്ക്‌റേറ്റോടെ ബോക്‌സിനും ബോക്‌സിനുമിടയിൽ നല്ലതും കെട്ടതുമായ എല്ലാം ചെയ്ത, കളി ഏകപക്ഷീയമായി അവസാനിക്കാതിരിക്കാൻ ക്രൊയേഷ്യയ്ക്കു വേണ്ടി മാന്ത്രികവടി വീശിയ ലൂക്കാ മോഡ്രിച്ചിന് സ്തുതി.

ക്രൊയേഷ്യയ്ക്കെതിരെ ലോകകപ്പ് മത്സരത്തിൽ സുഫ്‍യാൻ അംറബാത്ത്

 

കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയുടെ തീക്കളി കണ്ടതിന്റെ ഓർമയുള്ളതിനാൽ, ഇത്തവണ അവരുടെ മത്സരങ്ങൾ തീർച്ചയായും കാണണമെന്നു ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു. യൂറോപ്യൻ പെരുമയും വലിയ ക്ലബ്ബുകളുടെ മേൽവിലാസവുമുള്ള ക്രൊയേഷ്യൻ കളിക്കാരെ ഏറിയപങ്കും പിറകിലാക്കി നിറഞ്ഞു കളിച്ച മൊറോക്കോയ്ക്ക് ആകെ കുറവുണ്ടായിരുന്നത്, ഫുൾബാക്കുമാരെ ആശങ്കപ്പെടുത്തുന്ന ഒരു സ്‌ട്രൈക്കറായിരുന്നു. എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാനും ആശങ്കാനിമിഷങ്ങളുണ്ടാക്കാനും അവർക്കു കഴിഞ്ഞു; കളിയുടെ ഗതിക്കു വിപരീതമായി കൂടുതൽ ഗോളവസരങ്ങളുണ്ടായത് ക്രൊയേഷ്യയായിരുന്നെങ്കിലും.

അവസാന മിനുട്ടുകളിൽ ക്രൊയേഷ്യ കളിച്ച ഹൈ ഇന്റൻസിറ്റി ഗെയിമൊഴിച്ചാൽ ആദ്യപകുതി സിംഹഭാഗവും അറ്റ്‌ലസ് സിംഹങ്ങളെന്നു വിളിപ്പേരുള്ള മൊറോക്കോയുടെ അധീനതയിലായിരുന്നു. തുറന്ന ഗോളവസരങ്ങളും ബോക്‌സിലെ ഉത്കണ്ഠാ നിമിഷങ്ങളും കുറവായ മിഡ്ഫീൽഡ് ബാറ്റിലായിരുന്നെങ്കിലും കളി ആവേശകരമാക്കിയത് ആഫ്രിക്കൻ ടീമാണ്. ഇരുടീമുകളിൽ കൂടുതൽ അഭിനിവേശവും ശ്രദ്ധയും പുലർത്തിയ അവർ ലൂക്കാ മോഡ്രിച്ചും പെരിസിച്ചും കൊവാചിച്ചുമെല്ലാമുള്ള യൂറോപ്യൻ ടീമിന് ജീവിതം ദുസ്സഹമാക്കി. പന്ത് കാൽക്കലുള്ളപ്പോൾ അതിവേഗം മൈതാനത്തിന്റെ ഇരുവശങ്ങളിലേക്ക് നീക്കുകയും നഷ്ടപ്പെടുമ്പോൾ ധൈര്യപൂർവം ടാക്കിൾ ചെയ്ത് വീണ്ടെടുക്കുകയും ചെയ്ത അവർ അതിവേഗതയിൽ ഫൈനൽ തേഡ് ലക്ഷ്യമാക്കി നീങ്ങി. വലതു വിങ് ബാക്കെങ്കിലും ഒരു അറ്റാക്കിങ് മിഡ്ഫീൽഡറെപ്പോലെ പറന്നുകളിച്ച അഷ്‌റഫ് ഹക്കീമി, റുമൈൻ സയ്യാശും നായിഫ് അഗർദും തീർത്ത കുറ്റമറ്റ പ്രതിരോധനിരയ്ക്കു തൊട്ടുമുന്നിൽ നിലയുറപ്പിച്ച് പന്തിന്റെ സഞ്ചാരദിശയെ നിർണയിക്കുകയും എതിരാക്രമണങ്ങളെ മുനയൊടിക്കുകയും ചെയ്തുകൊണ്ടിരുന്ന സുഫ്‌യാൻ അംറബാത്ത്, വിങ്ങുകളിൽ ഒരേ ആവേശത്തോടെ ഭീതിയുണർത്തിയ സുഫ്‌യാൻ ബൂഫലും ഹക്കീം സിയെച്ചും... പരിചയസമ്പത്തും യുവത്വവും ചേർന്ന ക്രൊയേഷ്യൻ ഡിഫൻസ് അടിസ്ഥാന തത്വങ്ങൾ പാലിച്ചതിനാൽ മാത്രം അവരുടെ മൂർച്ചയേറിയ നീക്കങ്ങൾ മുറിക്കാനും വിഫലമാക്കാനും കഴിഞ്ഞു. അവസാന നിമിഷങ്ങളിൽ ബൂഫലിനെ വലിച്ച് പരിചയക്കുറവുള്ള അബ്ദെ എസ്സെൽസുലിയെ ഇറക്കിയ തീരുമാനം മാത്രമാണ് പാളിപ്പോയതായി തോന്നിയത്.

 

മൊറോക്കൻ ഗോൾമുഖത്ത് അസ്വസ്ഥത പടർന്ന നിമിഷങ്ങൾ പിറന്നപ്പോഴൊക്കെ, അതിനു പിന്നിൽ മോഡ്രിച്ച് എന്ന ക്രിയേറ്റർക്ക് റോളുണ്ടായിരുന്നു. 

മറുവശത്ത് എടുത്തുപറയേണ്ട പേര് ലൂക്കാ മോഡ്രിച്ചിന്റേതായിരുന്നു. ഇന്റർവെൻഷനും ടാക്ലിങ്ങും റിക്കവറിയും ഡ്രിബ്ലിങ്ങും ഏരിയൽ പാസുകളും സെറ്റ്പീസുകളുമെല്ലാമടങ്ങിയ ഒരു ടോട്ടൽ പാക്കേജായിരുന്നു അത്. മൊറോക്കൻ ഗോൾമുഖത്ത് അസ്വസ്ഥത പടർന്ന നിമിഷങ്ങൾ പിറന്നപ്പോഴൊക്കെ, അതിനു പിന്നിൽ മോഡ്രിച്ച് എന്ന ക്രിയേറ്റർക്ക് റോളുണ്ടായിരുന്നു. യാസീൻ ബോനു എന്ന കീപ്പറുടെ മനസ്സാന്നിധ്യം പലപ്പോഴും മോഡ്രിച്ചിനാൽ സൃഷ്ടിക്കപ്പെട്ട ഈ അവസരങ്ങൾക്ക് വിഘാതമായെങ്കിൽ, മറുവശത്ത് മൊറോക്കോയ്ക്ക് ലഭിച്ച ഏറ്റവും തുറന്ന അവസരം വിഫലമാക്കിയത് ക്രൊയേഷ്യൻ കീപ്പർ ലിവക്കോവിച്ച് ആയിരുന്നു.

ബെൽജിയം കൂടി അടങ്ങുന്ന ഗ്രൂപ്പ് എഫിൽ ഈ സമനില മൊറോക്കോയ്ക്ക് ഗുണകരമാകുമെന്നാണ് തോന്നുന്നത്. ഇന്നു നടക്കുന്ന ബെൽജിയം - കാനഡ മത്സരം അവസാനിക്കുമ്പോൾ തന്നെ, ആ ഗ്രൂപ്പിന്റെ ചിത്രം ഏതാണ്ട് തെളിയുമെന്ന് കരുതാം. ആകർഷകമല്ലാത്ത ഫുട്‌ബോൾ കളിക്കുന്ന ക്രൊയേഷ്യയ്ക്കു മുകളിൽ മൊറോക്കോ പ്രീക്വാർട്ടറിലുണ്ടാകണമെന്നതാണ് എന്റെ ആഗ്രഹം.

Writer - André

contributor

Editor - André

contributor

By - മുഹമ്മദ് ഷാഫി

News Editor, MediaOne

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി. മീഡിയവണിൽ ന്യൂസ് എഡിറ്റർ.

Similar News