പള്ളുരുത്തി സ്കൂൾ മുതൽ താലിബാൻ വരെ, ഇലക്ഷൻ കമിഷന് നന്ദി, ഇലക്ഷൻ ജേണലിസം സജീവമാണ്
പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്കൂളും ഡൽഹിയിലെ താലിബാൻ പത്രസമ്മേളനവും, തമ്മിലെന്ത്? ഒന്നിൽ, തട്ടമിട്ട പെൺകുട്ടിയെ അടുപ്പിക്കില്ലെന്ന് പറയുന്നു; മറ്റേതിൽ തട്ടമിട്ടാലും പെണ്ണുങ്ങൾ വേണ്ടെന്ന് പറയുന്നു. അസഹിഷ്ണുതയുടെ രണ്ട് രീതികൾ
ഇലക്ഷൻ കമിഷന് നന്ദി, ഇലക്ഷൻ ജേണലിസം സജീവമാണ്
തെരഞ്ഞെടുപ്പ് കമിഷനും മാധ്യമങ്ങളും—ജനാധിപത്യത്തിന്‍റെ ഈ രണ്ടു മർമപ്രധാന സ്ഥാപനങ്ങളും താരതമ്യേന സ്വതന്ത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അധികാരികളെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇലക്ഷൻ കമിഷനാകട്ടെ, ഭരിക്കുന്നവർക്ക് കീഴ്പ്പെടാതെ ജനവിശ്വാസം നേടി. ടി.എൻ. ശേഷൻ അധികാരികളെ നിലക്കുനിർത്തിയത് എല്ലാവർക്കുമറിയാം. എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊന്നുണ്ട്. തെരഞ്ഞെടുപ്പിനെപ്പറ്റി ജനങ്ങളുടെ നേരിയ പരാതികൾ പോലും, മാധ്യമങ്ങളുന്നയിച്ച ചെറുസംശയങ്ങൾ പോലും, വളരെ ഗൗരവത്തിലെടുത്തിരുന്നു അദ്ദേഹം.
ഇന്ന്, മാധ്യമങ്ങളടക്കം ഉന്നയിക്കുന്ന ഗുരുതരമായ സംശയങ്ങൾ പോലും നിസ്സാരമാക്കി തള്ളുകയാണ് കമ്മിഷൻ. ജനപക്ഷത്ത് നിന്നുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പിഴവുകൾ അന്വേഷിക്കുന്ന സ്വതന്ത്ര മാധ്യമങ്ങൾ (ഡിജിറ്റൽ മാധ്യമങ്ങളടക്കം) അനേകമുണ്ട്: വോട്ടേഴ്സ് ലിസ്റ്റിനെപ്പറ്റി, വോട്ടു യന്ത്രത്തെപ്പറ്റി, വോട്ടു പ്രക്രിയയെപ്പറ്റി, ഇലക്ഷൻ കമിഷന്‍റെ സമീപനത്തെപ്പറ്റി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിന്‍റെ വാർത്താ സമ്മേളനങ്ങൾക്ക് മുമ്പും ശേഷവും വിവിധ മാധ്യമങ്ങൾ തെരഞ്ഞെടുപ്പു സംവിധാനത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിൽ ഇന്ന് ഇലക്ഷൻ ജേണലിസം വളരുന്നുവെങ്കിൽ, അതിന് നന്ദി പറയേണ്ടത് രേഖകളും വിവരങ്ങളും സ്വകാര്യമാക്കി വെക്കാൻ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പു കമിഷനോടാണ്.
പള്ളുരുത്തി സ്കൂൾ മുതൽ താലിബാൻ വരെ
പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്കൂളും ഡൽഹിയിലെ താലിബാൻ പത്രസമ്മേളനവും, തമ്മിലെന്ത്? ഒന്നിൽ, തട്ടമിട്ട പെൺകുട്ടിയെ അടുപ്പിക്കില്ലെന്ന് പറയുന്നു; മറ്റേതിൽ തട്ടമിട്ടാലും പെണ്ണുങ്ങൾ വേണ്ടെന്ന് പറയുന്നു. അസഹിഷ്ണുതയുടെ രണ്ട് രീതികൾ. തട്ടമിട്ട അധ്യാപികമാർ കുട്ടിക്ക്, തട്ടമിട്ടതിന്‍റെ പേരിൽ വിദ്യാഭ്യാസം നിഷേധിച്ചു. അങ്ങ് ഡൽഹിയിൽ, അഫ്ഗാൻ വിദേശകാര്യ മന്ത്രി മുത്തഖിയുടെ പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിച്ചതേ ഇല്ല. പക്ഷേ ഈ പെൺ വിലക്കിനൊരു ആൻറി ക്ലൈമാക്സുണ്ട്. അതേപ്പറ്റി പറയുംമുമ്പ്, രണ്ടുമാസം മുമ്പത്തെ മറ്റൊരു ഹിജാബ് ചിത്രം. ആഗോള മാധ്യമങ്ങൾ ശ്രദ്ധിച്ച വാർത്താചിത്രമാണിത്. ഹിജാബിനെക്കുറിച്ചുള്ള മുൻവിധികളെ, വാർപ്പു ചിത്രങ്ങളെ, ചോദ്യം ചെയ്യുന്ന ചിത്രം.
ഹിജാബിനോട് പാശ്ചാത്യ പൊതുബോധം നിർമിച്ചെടുത്തിട്ടുള്ളത് അവജ്ഞ മാത്രമല്ല, വംശീയ വെറുപ്പു തന്നെയാണ്. അതാണ് ദീപിക പദുക്കോണിന്‍റെ കാര്യത്തിലും കണ്ടത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിങ്ങും അബൂദബി ടൂറിസത്തിന്‍റെ ബ്രാൻഡ് അംബാസഡർമാർ എന്ന നിലക്ക് ഈയിടെ ഒരു പരസ്യത്തിൽ മോഡലുകളായി. ഒന്നാന്തരമൊരു പരസ്യ വിഡീയോ. പക്ഷേ വർഗീയ ട്രോളുകൾക്ക് ദീപികയുടെ വസ്ത്രം പിടിച്ചില്ല. ‘അബായ’ എന്നറിയപ്പെടുന്ന തട്ടം അവർ തലയിൽ ഇട്ടിട്ടുണ്ട് എന്നതാണ് കാരണം. പാശ്ചാത്യ നിർമിത പൊതുബോധവും വർഗീയ സങ്കുചിതത്വവും കേരള സ്കൂളിൽ വരെ കണ്ട അസഹിഷ്ണുതയും ഇപ്പോൾ ലക്ഷ്യമിടുന്നത് ഹിജാബിനെയാണ്.
പക്ഷേ നമ്മുടെ സ്കൂളുകാർക്ക് ഹിജാബിനോടുള്ള അത്ര വിരോധം താലിബാന് സ്ത്രീകളോടുണ്ടോ? നേരത്തെ പറഞ്ഞ ആന്‍റിക്ലൈമാക്സിലേക്ക് വരാം. വനിതാ മാധ്യമപ്രവർത്തകരെ ക്ഷണിക്കാതിരുന്നതിനെപ്പറ്റി അഫ്ഗാൻ സംഘം പറഞ്ഞത്, തങ്ങൾ സ്ത്രീവിരുദ്ധരല്ല, പെട്ടെന്ന് വിളിച്ചുകൂട്ടിയ വാർത്താ സമ്മേളനമായതുകൊണ്ട് പറ്റിപ്പോയതാണ് എന്നായിരുന്നു. ഏതായാലും ഇന്ത്യ വിടും മുമ്പ് അവർ രണ്ടാമതൊരു വാർത്താസമ്മേളനം കൂടി വിളിച്ചു. അതിൽ ധാരാളം വനിതാ ജേണലിസ്റ്റുകൾ പങ്കെടുത്തു. ഈ വിഷയത്തിൽ, നമ്മുടെ കാർട്ടൂണിസ്റ്റുകൾക്കും ചിലതൊക്കെ പറയാനുണ്ട്.
സമാധാനവിരോധിക്ക് സമാധാനനൊബേൽ
2025ലെ നൊബേൽ പുരസ്കാരങ്ങളെല്ലാം പ്രഖ്യാപിക്കപ്പെട്ടു. സമാധാന നൊബേലിന്‍റെ കാര്യം സുഖകരമല്ല. യു എസ് പ്രസിഡന്റ് ട്രംപ് കുറെ ക്യാമ്പയിൻ ചെയ്‌തെങ്കിലും അദ്ദേഹത്തിന് പുരസ്കാരം ഇല്ല എന്നത് ശുഭ വാർത്ത. എന്നാൽ കിട്ടിയതോ, ട്രംപിന്‍റെ തന്നെ ഭക്തക്ക്. വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മറിയ കൊറീന മച്ചാദോയെ ജനാധിപത്യ വാദി, സോഷ്യലിസ്റ്റ് ഏകാധിപത്യത്തെ എതിർക്കുന്നയാൾ എന്നൊക്കെ നൊബേൽ കമ്മിറ്റി വിശേഷിപ്പിച്ചത് തെറ്റല്ല. പക്ഷേ സമാധാനത്തിന്‍റെ പക്ഷത്തല്ല മച്ചാദോ. നാട്ടിലും പുറത്തും അവർ ഹിംസയുടെ പക്ഷത്താണ്. സമാധാനം നീതിയുമായി ബന്ധപ്പെട്ടതാണ്. വംശഹത്യയെ, വംശീയതയെ, തുറന്ന് അനുകൂലിക്കുന്ന ഒരാൾക്ക് സമാധാന നൊബേൽ നൽകിയത് ആൽഫ്രഡ് നൊബേലിനെ വഞ്ചിക്കലായി.