പഴയിടം ഉണ്ടാക്കിയ ബീഫും ചിക്കനും ഞാൻ കഴിച്ചിട്ടുണ്ട്

"സാമ്പാറും ചോറിനോടും വലിയ താത്പര്യമില്ലത്ത ഞാൻ വീണു പോയത് പഴയിടത്തിന്റെ പായസത്തിലാണ്."

Update: 2023-01-05 12:10 GMT

നന്നായി മൊരിഞ്ഞ നൂലു പോലുള്ള പൊറാട്ട പ്ലേറ്റിൽ ചൂണ്ടുവിരൽ കൊണ്ട് ഊന്നിപ്പിടിച്ച് പയ്യെപ്പയ്യെ പിച്ചിയെടുത്ത്, മുകളിൽ ചെറുനാരങ്ങയും ഉള്ളിയും അലങ്കരിച്ചു വച്ച ഉലർത്തിയ ബീഫിൽ നിന്നൊരു കഷണം എടുത്ത് വായിലേക്ക് വയ്ക്കുന്നതിന്റെ ആഹ്ളാദം.... ഹാ! ഭക്ഷണമെന്നു കേൾക്കുമ്പോൾ എനിക്ക് ആദ്യം ഓടിയെത്തുന്ന രുചിയുടെ ഓർമ പൊറാട്ടയുടേതും ബീഫിന്റേതുമാണ്. വായിൽ വഞ്ചിയോടിക്കാനുള്ള വെള്ളമുണ്ടാക്കുന്ന ഒരോര്‍മ. മലബാറിൽ ജനിച്ചുവളർന്ന മിക്ക മലയാളികളും ഇങ്ങനെയൊക്കെ തന്നെ.

കൗമാരത്തിന്റെ മേളം ഒരിക്കൽക്കൂടി കോഴിക്കോടിന്റെ മുറ്റത്ത് നിറഞ്ഞാടുമ്പോള്‍ എനിക്ക് ഈ ഊട്ടുപുരയിൽനിന്ന് ബീഫും ചിക്കനും കഴിക്കാൻ പൂതിയാകുന്നു. എന്തു ചെയ്യാം, അതവിടെ കിട്ടില്ലല്ലോ! മേളയിൽ നോൺ വെജ് കിട്ടാത്തത് പാചകപ്പുരയിൽ ഭക്ഷണമുണ്ടാക്കുന്ന പഴയിടം നമ്പൂതിരിയുടെ പ്രശ്‌നമാണ് എന്നൊക്കെയുള്ള, തിളച്ചുപൊന്തുന്ന സൈബർ അഭിപ്രായങ്ങൾ കാണുമ്പോൾ എനിക്ക് സങ്കടമാണ് വരുന്നത്. കാര്യമറിയാതെയുള്ള ഓരോരോ കാര്യങ്ങളേ! 

Advertising
Advertising
2010 മുതൽ ക്യാമറയും തൂക്കി കലാ-കായിക മേളകൾക്ക് പിന്നാലെയുണ്ട്. ഇടക്കാലത്ത് ഡൽഹിയിലേക്കുള്ള പറിച്ചുനടൽ ഒഴിച്ചുനിർത്തിയാൽ കൗമാരത്തിന്റെ വേഗവും താളവും ഒപ്പിയെടുക്കാൻ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്റെ ക്യാമറ. അന്നു മുതൽ ഇന്നു വരെ കലാമത്സരങ്ങൾക്ക് വെജ് തന്നെയാണ് വിഭവങ്ങൾ. എന്നാൽ 2014ലാണ് ഞെട്ടിയത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായിക മേളയിൽ. അന്നും ഭക്ഷണം പഴയിടത്തിന്റെ കലവറയിൽനിന്നാണ്. പതിവു സാമ്പാറും ചോറും പ്രതീക്ഷിച്ചെത്തിയ ഞാൻ കണ്ണുമിഴിച്ചു നോക്കി. രാത്രി ബീഫ് കറിയും ചപ്പാത്തിയും. അവിടെ നിന്നാണ് പഴയിടത്തിന്റെ നോൺ വെജ് അനുഭവിച്ചു തുടങ്ങിയത്.

അതിനു ശേഷം പല കായിക മേളയിലും നോൺ വെജ് മെനുവിലുണ്ടായി. 2016-17 വർഷം നടന്ന സ്‌കൂൾ മീറ്റിൽ എനിക്ക് മികച്ച ക്യമറാ പേഴ്‌സണുള്ള പുരസ്‌കാരം ലഭിച്ചു. അന്ന് ദേവഗിരി സേവ്യർ സ്‌കൂളിലായിരുന്നു ഭക്ഷണപ്പന്തൽ. അന്ന് പഴയിടത്തിന്റെ ബീഫ് കറിയും ചോറും ഉരുട്ടിക്കഴിഞ്ഞിട്ടുണ്ട് ഞാൻ. ഇക്കഴിഞ്ഞ സ്‌കൂൾ മീറ്റിലും രാത്രി ചിക്കൻ കറിയുണ്ടായിരുന്നു. 


സനോജ് കുമാര്‍ ബേപ്പൂര്‍


ശാരീരികാധ്വാനം കൂടുതൽ വേണ്ടതു കൊണ്ടാകാം, കായിക മേളകൾക്കാണ് പഴയിടത്തിന്റെ വെജ് രുചിയുണ്ടാകുക. ബ്രേക്ക് ഫാസ്റ്റിന് കോഴിമുട്ടയും പാലും നിർബന്ധമാണ്. കൂടെ ഉപ്പുമാവ്, പുട്ട്, ചെറുപയർ, കടല ഇങ്ങനെയെല്ലാം കാണും. ഉച്ചയ്ക്ക് പതിവു സാമ്പാറും ചോറും തന്നെ. ചിക്കൻ കറിയെ പോലെയല്ല സാമ്പാർ. ചിക്കനിൽ കഷണമില്ലെങ്കിൽ ഒരൂക്കന്‍ ബഹളത്തിനുള്ള സാധ്യത മുന്നിലുണ്ട്. സാമ്പാറാകുമ്പോൾ ആവശ്യത്തിന് വലിക്കുകയോ നീട്ടുകയോ ഒക്കെ ചെയ്യാം! അതെന്താപ്പോ അങ്ങനെ എന്ന് ചോദിക്കേണ്ട. പത്തു-പതിനയ്യായിരം ആളുകൾക്ക് വിളമ്പുന്നതല്ലേ, ചിലപ്പോൾ ഏത് ആശാനും അടി തെറ്റാം.

എന്‍റെ വയറിന് പരമാവധി രണ്ടു ദിവസമൊക്കെയേ വെജ് ഭക്ഷണം പിടിക്കൂ. പിന്നീട് പിടിച്ചാൽ കിട്ടില്ല. സാമ്പാറും ചോറിനോടും വലിയ താത്പര്യമില്ലത്ത ഞാൻ വീണു പോയത് പഴയിടത്തിന്റെ പായസത്തിലാണ്. ബിരിയാണിയുടെയും മീൻപൊരിച്ചതിന്റെയും ബദൽ രുചി ആയാണ് ആ പായസം പലപ്പോഴും മുമ്പിലെത്തിയത്.

അടുത്ത കലോത്സവം മുതൽ നോൺ വെജും പരിഗണിക്കാമെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയെ കൗതുകത്തോടെ നോക്കിക്കാണുന്നു. ഓരോ ജില്ലയിലും അവിടത്തെ ഭക്ഷണ സംസ്‌കാരത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഫുഡ് പോയസൺ അടക്കമുള്ള കാര്യങ്ങളിൽ അതീവ ശ്രദ്ധയും വേണ്ടതുണ്ട്. അതിന് നമ്മുടെ സംവിധാനങ്ങളിലാണ് മാറ്റമുണ്ടാകേണ്ടത്. 

എന്തായാലും അവരവരുടെ വയറിനെ ഓര്‍ത്തുകഴിച്ചാല്‍ നന്ന്! 

Tags:    

Writer - abs

contributor

Editor - abs

contributor

By - സനോജ് കുമാർ ബേപ്പൂർ

സീനിയര്‍ കാമറ പേഴ്സണ്‍, മീഡിയവണ്‍

Similar News