22 വർഷം കഴിഞ്ഞും മഷിയുണങ്ങാത്ത പേന; ‘ടൈമി’ന്‍റെ ലക്ഷ്യമെന്ത്? വിവാദമായി കവർ

2003 മാർച്ച് മാസത്തെ ടൈം മാഗസിന്‍റെ കവറിനെ കുറിച്ചും ഇപ്പോൾ ചർച്ചകൾ ഉയരുന്നുണ്ട്. ഖാംനഈ കവറിന് ഏതാണ്ട് സമാനമായിരുന്നു അന്നത്തെ സദ്ദാം ഹുസൈന്‍റെ കവർ ചിത്രം. സദ്ദാം ഹുസൈന്‍റെ മുഖത്തിന് മുകളിൽ ഏണി ചാരി, ഒരു പെയിന്‍റർ വെള്ളയടിച്ച് മുഖം മായ്ക്കുന്ന ചിത്രമായിരുന്നു അത്.

Update: 2025-06-21 05:52 GMT

ഇറാനെതിരായ ഇസ്രയേലിന്‍റെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പാശ്ചാത്യ മാധ്യമങ്ങൾ സ്വീകരിക്കുന്ന നഗ്നമായ പക്ഷപാത സമീപനത്തിന് തെളിവായി ടൈം മാഗസിന്‍റെ കവർ ചിത്രം. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ഇസ്രയേലി-യു.എസ് അജണ്ടക്ക് ചൂട്ടുപിടിക്കുകയാണ് ടൈം. വെള്ളിയാഴ്ച പുറത്തുവന്ന പുതിയ പതിപ്പിന്‍റെ കവറിൽ പകുതി കീറിയ നിലയിലുള്ള ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ചിത്രമാണുള്ളത്. കീറിപ്പോയ ഭാഗത്ത് ‘ദ ന്യൂ മിഡിലീസ്റ്റ്’ എന്ന തലക്കെട്ടും. മാഗസിന്‍റെ എഡിറ്റർ അറ്റ് ലാർജ് ആയ കാൾ വിക് ആണ് കവർ സ്റ്റോറി എഴുതിയിരിക്കുന്നത്.

Advertising
Advertising




 


ഇറാനെയും അതിന്‍റെ ഭരണകൂടത്തെയും നിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ലേഖനത്തിൽ ഇസ്രയേലിനെ തലോടുകയും അവരുടെ ‘കഠിനശ്രമ’ങ്ങളെ പരോക്ഷമായി അഭിനന്ദിക്കുകയും ചെയ്യുന്നു. ഫലസ്തീനിന്‍റെ പേര് പറഞ്ഞ് രണ്ടുപതിറ്റാണ്ടായി തങ്ങളുടെ സൈനിക ശേഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവത്രെ ഇറാൻ. ഫലസ്തീൻ വിഷയത്തെ ഒഴിവാക്കി ഇസ്രയേലുമായി ധാരണയിലെത്തിയ അറബ് രാജ്യങ്ങൾ അവരുടെ ‘പ്രായോഗിക ബുദ്ധി’ പ്രയോഗിക്കുകയുമായിരുന്നു. ജൂൺ 13 ന് ഇറാനെതിരായ ഏകപക്ഷീയ ആക്രമണം ഇസ്രയേൽ തുടങ്ങുന്ന ഘട്ടത്തിലുള്ള ഒരു മൊബൈൽ ഫോൺ ഫൂടേജിനെ കുറിച്ച് കാവ്യാത്മകമായി പരാമർശിക്കാനും കാൾ വിക് ഇതിനിടയിൽ സമയം കണ്ടെത്തുന്നു. സിറിയൻ ഭൂമേഖലക്ക് മുകളിലൂടെ ഇറാൻ ലക്ഷ്യമാക്കി പറഞ്ഞുപോകുന്ന ഇസ്രയേലിന്‍റെ സി-130 ന്‍റെ വീഡിയോ ചിത്രീകരിക്കുന്ന ആട്ടിടയൻ. അയാളുടെ ആട്ടിൻകൂട്ടത്തിന്‍റെ മണികിലുക്കത്തിന് മേലെ യുദ്ധവിമാനത്തിന്‍റെ ഹുങ്കാരശബ്ദം. അറേബ്യൻ ഭൂമിക്ക് മേലുള്ള ഇസ്രയേലിന്‍റെ അധീശത്വത്തിന് പ്രതീകമായി ഈ രംഗം എഴുതിപ്പിടിപ്പിച്ച കാൾ വിക്, തെൽ അവീവ് ലക്ഷ്യമാക്കി ഇറാൻ അയച്ച മിസൈലുകൾ തടയാൻ ‘പുതിയ മിഡിലീസ്റ്റി’ന്‍റെ ആകാശത്ത് ഇസ്രയേലി യുദ്ധ വിമാനങ്ങൾക്കൊപ്പം അറബ് രാഷ്ടത്തിന്‍റെ ജെറ്റുകൾ അണിനിരന്നതും ചൂണ്ടിക്കാട്ടുന്നു.

യുദ്ധം തുടങ്ങി ഒരാഴ്ചക്ക് മുമ്പ് തന്നെ പുതിയ മിഡിലീസ്റ്റിനെ സ്വപ്നം കാണുകയാണ് ‘ടൈം’ മാഗസിനെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇസ്രയേലിന് അനുകൂലമായ ആഖ്യാനം സൃഷ്ടിക്കാനുള്ള പാശ്ചാത്യ മാധ്യമ നീക്കങ്ങളുടെ മികച്ച ഉദാഹരണമത്രെ ഇത്.

അതിനിടയിലാണ് 2003 മാർച്ച് മാസത്തെ ടൈം മാഗസിന്‍റെ കവറിനെ കുറിച്ചും ഇപ്പോൾ ചർച്ചകൾ ഉയരുന്നത്. ഖമനയി കവറിന് ഏതാണ്ട് സമാനമായിരുന്നു അന്നത്തെ സദ്ദാം ഹുസൈന്‍റെ കവർ ചിത്രം. സദ്ദാം ഹുസൈന്‍റെ മുഖത്തിന് മുകളിൽ ഏണി ചാരി, ഒരു പെയിന്‍റർ വെള്ളയടിച്ച് മുഖം മായ്ക്കുന്ന ചിത്രമായിരുന്നു അത്. ആ റിപ്പോർട്ടിന്‍റെ തലക്കെട്ടും ഏതാണ്ട് സമാനമായിരുന്നു. LIFE AFTER SADDAM: An Inside look at Bush's high risk plan to occupy iraq and remake the middle east.

എത്ര സാമ്യതയുള്ള ആഖ്യാനം. സദ്ദാമിനെ അട്ടിമറിച്ച് ഇറാഖിനെ നശിപ്പിക്കുന്നതിനെ ആവേശപൂർവം പ്രോത്സാഹിപ്പിച്ച മാധ്യമം ഇറാനെതിരെയും അതേ പേനയുമായി രംഗത്തിറങ്ങിയിരിക്കുന്നു.


 


2003 മാർച്ചിലിറങ്ങിയ ടൈം മാഗസിന്‍റെ കവർ


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - എം.എൻ സുഹൈബ്

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

മുതിർന്ന മാധ്യമപ്രവർത്തകൻ, ‘മാധ്യമം’ പത്രാധിപസമിതി അംഗം, ഗ്രന്ഥകാരൻ

Similar News