'ജനങ്ങളുടെ വേദനയാണ് എന്റെ വേദനയേക്കാൾ വലുത്' വീൽചെയറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മമത
"ഞാൻ വിശ്രമിച്ചാൽ ആരാണ് ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക?"
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീൽചെയറിൽ മുന്നൂറോളം കിലോമീറ്റർ യാത്ര ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് കാലിനു പരിക്കേറ്റ വിശ്രമത്തിലായ മമത വീൽചെയറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്. ജനങ്ങളുടെ വേദനയാണ് എന്റെ വേദനയേക്കാൾ വലുത്' - അവർ പറഞ്ഞു. " ഒടിഞ്ഞ കാലുമായി എനിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് ചിലർ വിചാരിച്ചത്."
ഇന്നലെ കൊൽക്കത്തയിൽ നടന്ന റാലിയിലും മമത സമാനമായ പ്രസ്താവന നടത്തിയിരുന്നു. "ഏകാധിപത്യത്താൽ ചവിട്ടിമെതിക്കപ്പെടുന്ന ജനാധിപത്യത്തിലെ ജനങ്ങളുടെ വേദനയേക്കാൾ വലുതല്ല എന്റെ വേദന. ഈ വീൽചെയറിൽ ഞാൻ ഇനിയും ബംഗാളിൽ യാത്ര ചെയ്യും. ഞാൻ വിശ്രമിച്ചാൽ ആരാണ് ബംഗാളിലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക? " അവർ ചോദിച്ചു.
"എന്റെ കാലിനു പരിക്കേറ്റു. ഭാഗ്യം കൊണ്ടാണ് എന്റെ ജീവൻ അപായപ്പെടാഞ്ഞത്. എന്റെ കാലിൽ പ്ലാസ്റ്റർ ഉള്ളതിനാൽ എനിക്ക് നടക്കാൻ കഴിയില്ല" അവർ പുരുലിയയിലെ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. " ബി.ജെ.പി ഇവിടെ ജയിച്ചത് നുണകൾ കൊണ്ടാണ്. അവർ എല്ലാം വിറ്റു തുളക്കുകയാണ് " കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ജയിച്ചത് ബി.ജെ.പി ആയിരുന്നു.