ബാലുവും കൂടല്‍മാണിക്യവും കൊച്ചിരാജാവിന്റെ ഉപവാസസമരവും

രാജിവെക്കേണ്ടിവന്ന കേരളത്തിലെ ആദ്യ ഈഴവനല്ല ബാലു. അദ്ദേഹത്തിനും മുന്‍ഗാമികളുണ്ട്. വെറും മുന്‍ഗാമിയല്ല ഒരു മജിസ്‌ട്രേറ്റ് തന്നെ

Update: 2025-04-04 11:23 GMT

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമനം ലഭിച്ച ബാലു രാജിവച്ചു. കാരണം വ്യക്തിപരമാണെന്നാണ് പത്രങ്ങള്‍ പറയുന്നത്. നിയമനം ലഭിച്ച ശേഷം അദ്ദേഹം നേരിടേണ്ടിവന്ന ജാതീയ പീഡനങ്ങള്‍ നേരത്തെത്തന്നെ വാര്‍ത്തയായിരുന്നു. ബാലുവിന് നേരിട്ട അപമാനത്തിനെതിരേ വലിയ പ്രതികരണമാണ് സമൂഹത്തില്‍നിന്നുണ്ടായത്. നിരവധി പ്രക്ഷേഭങ്ങള്‍ നടന്നു. ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എതിര്‍ലേഖനങ്ങളും പുറത്തുവന്നിരുന്നു. ബാലുവിനെ അപമാനിച്ചവര്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നിയോഗിച്ച തസ്തികയില്‍ത്തന്നെ ജോലിചെയ്യുമെന്ന് ദേവസ്വം മന്ത്രി വാസവന്‍ പോലും നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇതിനെയൊക്കെ അപ്രസക്തമാക്കിയാണ് ബാലുവിന്റെ രാജി വാര്‍ത്ത വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കുന്നു.

Advertising
Advertising

എന്നാല്‍ ഇങ്ങനെ രാജിവെക്കേണ്ടിവന്ന കേരളത്തിലെ ആദ്യ ഈഴവനല്ല ബാലു. അദ്ദേഹത്തിനും മുന്‍ഗാമികളുണ്ട്. വെറും മുന്‍ഗാമിയല്ല ഒരു മജിസ്‌ട്രേറ്റ് തന്നെ. കൊച്ചി രാജ്യത്ത് ആദ്യമായി മജിസ്‌ട്രേറ്റ് ഉദ്യോഗം ലഭിച്ചത് എം കെ രാമന്‍ എംഎ ബിഎല്ലിനാണ്. കോടതിയില്‍ ഒരു സവര്‍ണനെ വിസ്തരിക്കുന്നതിനിടയില്‍ അയാള്‍ 'ചോവത്തീണ്ടപാട്' എന്ന് മൊഴി നല്‍കി. ഈഴവനായ രാമന്‍ മജിസ്‌ട്രേറ്റിനെ മനപ്പൂര്‍വം അപമാനിക്കാനുള്ള ശ്രമം. മജിസ്‌ട്രേറ്റ് സവര്‍ണനെ കോര്‍ട്ടലക്ഷ്യത്തിന് ശിക്ഷിച്ചു. കോടതി പിരിയുംവരെ കോടതിയില്‍ നില്‍ക്കണമെന്നതായിരുന്നു ശിക്ഷ.

വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നുപിടിച്ചു. മഹാരാജാവിന്റെ ചെവിയിലുമെത്തി. തന്റെ രാജ്യത്ത് ഒരു സവര്‍ണനെ ഒരു അവര്‍ണ മജിസ്‌ട്രേറ്റ് ശിക്ഷിച്ചിരിക്കുന്നു- അദ്ദേഹത്തിന് ആലോചിക്കാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു അത്. അവര്‍ണ മജിസ്‌ട്രേറ്റിനെ ഡിസ്മിസ് ചെയ്യാതെ വെളളമിറക്കുകയില്ലെന്ന് 'പ്രജാവല്‍സലനാ'യ രാജാവ് ശപഥം ചെയ്തു. കൊട്ടാരവും സവര്‍ണപ്രമുഖരും ദിവാനും ജഗരൂഗരായി. പ്രശ്‌നത്തില്‍ ദിവാന്‍ നേരിട്ട് ഇടപെട്ടു. രാമനെക്കൊണ്ട് ഉദ്യോഗം രാജിവപ്പിച്ചു. 'രാമനെക്കൊണ്ട് ഉദ്യോഗം രാജിവപ്പിച്ച് മഹാരാജാവിന് വെള്ളംകുടിക്കാന്‍ സൗകര്യമുണ്ടാക്കി'യെന്നാണ് എന്‍.ആര്‍ കൃഷ്ണന്‍ ഇതേ കുറിച്ച് എഴുതിയത്. പിന്നീട് എം.കെ രാമന്‍ കൊച്ചി സംസ്ഥാനത്തെ എക്‌സൈസ് വകുപ്പില്‍ ചേര്‍ന്നു. ഏതോ കാരണത്താല്‍ അകാലചരമം പ്രാപിക്കുകയും ചെയ്തു. രാജാവ് മാന്യനാണ്. കഠിനമായ പനി പിടിച്ച് അവശനായ സന്ദര്‍ഭത്തില്‍ തന്നെ പരിശോധിച്ച ഡര്‍ബാര്‍ ഫിസിഷ്യന്‍ അഹിന്ദുവായതിനാല്‍ മുങ്ങിക്കുളിച്ച് ശാന്തി അടയുന്നയാളായിരുന്നു അദ്ദേഹം. എന്തിന് വൈസ്രോയിക്കോ ഗവര്‍ണര്‍ക്കോ ഹസ്തദാനം ചെയ്യേണ്ടിവന്നാലും അദ്ദേഹം മൂക്ക് പിഴിഞ്ഞ് മുങ്ങിക്കുളിക്കുമായിരുന്നു.

എന്തായാലും ബാലു ഭാഗ്യവാനാണെന്നു തന്നെ ഞാന്‍ പറയും. തിരുവിതാംകൂറില്‍ ഈഴവ സമുദായത്തില്‍നിന്നുള്ള ആദ്യ മജിസ്‌ട്രേറ്റ് വാരണപ്പള്ളില്‍ പത്മനാഭപ്പണിക്കരെപ്പോലെ സ്വവസതിയില്‍ ജീവന്‍ വെടിയേണ്ടിവന്നില്ലല്ലോ അദ്ദേഹത്തിന്. സവര്‍ണ ഗുണ്ടകള്‍ മജിസ്‌ട്രേറ്റിന്റെ വസതിക്ക് കല്ലെറിയുകയും കള്ളും പാളയും കെട്ടിത്തൂക്കുകയും ചെയ്തതിന്റെ അപമാനഭാരത്താലാണ് പണിക്കര്‍ക്ക് തൂങ്ങി മരിക്കേണ്ടിവന്നത്.ഇപ്പോഴും ഒരു കാര്യം മനസ്സിലാവുന്നില്ല. ആര്‍ക്ക് വെള്ളമിറക്കാന്‍ വേണ്ടിയായിരിക്കും ബാലു യഥാര്‍ത്ഥത്തില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്? 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ബാബുരാജ് ഭഗവതി

Writer

Similar News