പഴയ നോട്ടുകള്‍ മാറ്റിത്തരണം; മോദിയോട് സെക്സ് റാക്കറ്റിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി

Update: 2018-05-13 22:21 GMT
പഴയ നോട്ടുകള്‍ മാറ്റിത്തരണം; മോദിയോട് സെക്സ് റാക്കറ്റിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി

തന്‍റെ കൈവശമുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിത്തരണമെന്ന് സെക്സ് റാക്കറ്റിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പ്രധാനമന്ത്രിക്ക് കത്തയച്ചു

തന്‍റെ കൈവശമുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിത്തരണമെന്ന് സെക്സ് റാക്കറ്റിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബംഗ്ലാദേശ് സ്വദേശിനിയാണ് തന്‍റെ കയ്യിലുള്ള 10000 രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ മാറ്റാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കും സുഷമ സ്വരാജിനും കത്തയച്ചത്.

ഇന്ത്യയില്‍ ജോലി തേടി വന്നതായിരുന്നു ബംഗ്ലാദേശി യുവതി. ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാനാവാതെ ബന്ധം ഉപേക്ഷിച്ചാണ് ജോലി തേടി ഇന്ത്യയിലെത്തിയത്. തുണി മില്ലില്‍ ഒപ്പം ജോലി ചെയ്തയാളാണ് ഇന്ത്യയിലെത്തിച്ചത്. പക്ഷേ അയാള്‍ നേപ്പാളി സ്ത്രീക്ക് യുവതിയെ 50000 രൂപയ്ക്ക് വിറ്റു. അവര്‍ ബംഗളൂരുവിലെത്തിച്ച് മറ്റൊരു സ്ത്രീക്ക് വിറ്റു. അവരാണ് യുവതിയെ പൂനെയിലെ വേശ്യാലയത്തിലെത്തിച്ചത്. ഒന്നര വര്‍ഷത്തെ നരകജീവിതത്തിന് ശേഷം 2015 ഡിസംബറില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്.

Advertising
Advertising

ഇപ്പോള്‍ റെസ്ക്യു ഹോമില്‍ കഴിയുകയാണ് യുവതി. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പിന്നെയും കടമ്പകളേറെയായിരുന്നു. കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചത്. യുവതിയുടെ കൈവശമുണ്ടായിരുന്നതെല്ലാം വേശ്യാലയ നടത്തിപ്പുകാര്‍ പിടിച്ചുവെച്ചിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ പൊലീസിന്‍റെ സഹായത്തോടെ രണ്ടാഴ്ച മുന്‍പാണ് യുവതിയുടെ സാധനസാമഗ്രികളും പണവും തിരിച്ചുപിടിച്ചത്. പക്ഷേ പഴയ 500, 1000 രൂപയുടെ നോട്ടുകളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് തന്‍റെ കൈവശമുള്ള പഴയ നോട്ടുകള്‍ മാറ്റിത്തരാന്‍ സഹായിക്കണമെന്ന് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

താന്‍ തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍ നിന്നാണ് ഇന്ത്യയിലെത്തിയതെന്നും ഈ പണം തനിക്ക് പ്രധാനപ്പെട്ടതാണെന്നും യുവതി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. താന്‍ നല്ലനിലയില്‍ ഇവിടെ ജീവിക്കുകയാണെന്നാണ് വീട്ടുകാരുടെ വിശ്വാസം. ഈ തുക പുതിയ ജീവിതം തുടങ്ങാന്‍ തനിക്ക് ആവശ്യമാണെന്നും യുവതി കത്തില്‍ വിശദമാക്കി. യുവതിയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അവരെ രക്ഷപ്പെടാന്‍ സഹായിച്ച റസ്ക്യു ഫൌണ്ടേഷന്‍ ഡയറക്ടര്‍ ദിപേഷ് ടാങ്ക് പറഞ്ഞു.

Tags:    

Similar News